കൊറോണ പേപ്പേഴ്സ് മുതൽ പൂക്കാലം വരെ ; ആഴ്ചയിലെ തീയേറ്റർ റിലീസ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

കൊറോണ പേപ്പേഴ്സ് (മലയാളം )

കുഞ്ഞാലി മരയ്ക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്സ് ഏപ്രില്‍ 6 ന് തീയേറ്ററുകളിലെത്തും. കോവിഡ് കാലഘട്ടത്തില്‍ ഒരു നാട്ടിലെ കള്ളന്മാര്‍ നടത്തുന്ന മോഷണങ്ങളും പോലീസിന്റെ അന്വേഷണവും പ്രമേയമാകുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, സിദ്ധീഖ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്

ബി 32 മുതല്‍ 44 വരെ (മലയാളം)

രമ്യ നമ്പീശന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം അഞ്ച് സ്ത്രീകളുടേയും ഒരു ട്രാന്‍സ്മാനിന്റെയും ജീവിത കഥ പറയുന്നു. വ്യക്തിത്വത്തിലുണ്ടാകുന്ന മാറ്റം കാരണം സമൂഹത്തില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ച് പറയുന്ന സിനിമ സംവിധാനം ചെയ്തത് ശ്രുതി ശരണ്യമാണ്. ചിത്രം ഏപ്രില്‍ 6 ന് തീയേറ്ററുകളിലെത്തും

സെക്ഷന്‍ 306 IPC

ഇന്ത്യയിലെ ഒരു ഇംഗ്ലീഷ് എഴുത്തുകാരന്റെ പെട്ടെന്നുള്ള ആത്മഹത്യയും അതിനെ തുടര്‍ന്നുള്ള അന്വേഷണവും പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനാഥ് ശിവയാണ്. രണ്‍ജി പണിക്കര്‍, രാഹുല്‍ മാധവ്, ശാന്തി കൃഷ്ണ എന്നിവരും സിനിമയില്‍ ശ്രദ്ധേയ വേഷത്തിലെത്തുന്നു. ചിത്രം വ്യാഴാഴ്ച തീയേറ്ററുകളിലെത്തും

പൂക്കാലം

90 വയസുള്ള അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും കഥ പറയുന്ന ചിത്രമാണ് പൂക്കാലം. നാല് തലമുറകളുടെ സ്‌നേഹവും ബന്ധങ്ങളുടെ ദൃഢതയും പ്രമേയമാകുന്ന ചിത്രത്തില്‍ വിജയരാഘവനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഈ ശനിയാഴ്ച പ്രദർശനത്തിനെത്തും

കോളാമ്പി

ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പി വൃദ്ധ ദമ്പതികളുടെ കഥ പറയുന്നു. ചിത്രം ഏപ്രില്‍ 7 ന് തീയേറ്ററുകളിലെത്തും. വർഷങ്ങൾക്ക് മുൻപ് ചിത്രീകരിച്ച കോളാമ്പി നേരത്തെ ഒടിടിയിൽ പ്രദർശനത്തിനെത്തിയിരുന്നു. ഒടിടിയിൽ പ്രദർശിപ്പിച്ച ശേഷം തീയേറ്ററിലെത്തുന്ന ആദ്യ ചിത്രം കൂടിയാണ് കോളാമ്പി

ചിപ്കലി

യഷ്പാല്‍ ശര്‍മ, യോഗേഷ് ഭരദ്വാജ്, തനിഷ്ട ബിസ്വാസ് എന്നിവര്‍ അഭിനയിക്കുന്ന, കൗഷിക് കാര്‍ സംവിധാനം ചെയ്യുന്ന, ഹിന്ദി ചിത്രം ഏപ്രില്‍ 7 ന് തീയേറ്ററുകളിലെത്തും

ഗുമറാഹ്

ഒരു യുവാവിന്റെ മരണവും അതിന്റെ പിന്നിലെ ദുരൂഹതകളും പ്രമേയമാകുന്ന ചിത്രം വരദാന്‍ കെട്കറാണ് സംവിധാനം ചെയ്തത്. ആദിത്യ റോയ് കപൂര്‍, മൃണാല്‍ താക്കൂര്‍, റോണിത് റോയ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുക. ചിത്രം വെള്ളിയാഴ്ച പ്രദർശനത്തിനെത്തും

ഓഗസ്റ്റ് 16 .1947

തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ചരിത്ര സിനിമ വെളളിയാഴ്ച എത്തും. ഗൗതം കാര്‍ത്തിക് , പുകഴ്, റിച്ചാര്‍ഡ് ആസ്റ്റന്‍ എന്നിവരാണ് അഭിനേതാക്കൾ. എന്‍ എസ് പൊന്‍കുമാറാണ് ചിത്രത്തിന്റെ സംവിധാനം

യോസി

സ്റ്റീഫന്‍ എം ജോസഫ് അണിയിച്ചൊരുക്കുന്ന തമിഴ് ചിത്രത്തിൽ ചിത്രത്തില്‍ അഭയി ശങ്കര്‍, രേവതി വെങ്കട്ട്, അര്‍ച്ചന ഗൗതം എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഏപില്‍ 7 ന് തീയേറ്ററിലെത്തും.