മലയാളികളുടെ പ്രിയപ്പെട്ട തമിഴ് 'ഹിറ്റ് മേക്കർ'; കാർത്തിക് സുബ്ബരാജ് ചിത്രങ്ങൾ

വെബ് ഡെസ്ക്

തമിഴ് സിനിമ സംവിധായകരുടെ യുവനിരയില്‍ ശ്രദ്ധേയ സാന്നിധ്യമാണ് കാര്‍ത്തിക് സുബ്ബരാജ്. അനവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിലും പ്രിയപ്പെട്ട തമിഴ് ഹിറ്റ് മേക്കറാണ് കാര്‍ത്തിക്

കാർത്തിക് സംവിധാനം ചെയ്ത ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങൾ ഇവയൊക്കെയാണ്

പിസ

2012ൽ പുറത്തിറങ്ങിയ ചെറിയ ബജറ്റ് ചലച്ചിത്രമായ 'പിസ'യാണ് കാർത്തിക് സംവിധാനം ചെയ്ത ആദ്യ ചിത്രം. വിജയ് സേതുപതി നായകനായ ചിത്രത്തിൽ രമ്യ നമ്പീശനായിരുന്നു നായിക. ചിത്രം വൻ വിജയമായിരുന്നു

അതുവരെ തമിഴിൽ പുറത്തിറങ്ങിയ ഹൊറർ ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി വന്ന കാർത്തിക് ചിത്രത്തെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. തന്റെ സിനിമാജീവിതത്തിലെ മറക്കാനാകാത്ത സിനിമയാണ് 'പിസ' എന്ന് വിജയ് സേതുപതി വെളിപ്പെടുത്തിയിട്ടുണ്ട്

ജിഗര്‍തണ്ട

2014ൽ പുറത്തിറങ്ങിയ ചിത്രം നിരൂപകരുടെ പ്രശംസ ഉൾപ്പടെ നേടിയിരുന്നു. സിദ്ധാര്‍ഥ് , ബോബി സിംഹ, ലക്ഷ്മി മേനോന്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വലിയ ജനശ്രദ്ധ നേടിയ ചിത്രം തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് യഥാക്രമം വരുണ്‍ തേജ്, അക്ഷയ് കുമാര്‍ എന്നിവരെ നായകന്‍മാരാക്കി റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു

ജിഗർതണ്ട ഡബിൾ എക്സ്

ഒൻപത് വർഷങ്ങൾക്കിപ്പുറം 'ജിഗർതണ്ട'യുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ചത്രമാണ് 'ജി​ഗർതണ്ടാ ഡബിൾ എക്സ്'. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എസ് ജെ സൂര്യയും രാഘവ ലോറൻസും പ്രധാന വേഷത്തിലെത്തുന്ന ​ഗ്യാങ്സ്റ്റർ ചിത്രമാണ് ജി​ഗർതണ്ട ഡബിൾ എക്സ്

പേട്ട

കടുത്ത രജനികാന്ത് ആരാധകനായിരുന്നു കാർത്തിക്. അദ്ദേഹത്തെ നായകനാക്കി കാർത്തിക് ഒരുക്കിയ 'പേട്ട' എന്ന ചിത്രവും വലിയ വിജയമായിരുന്നു. 2019ൽ രജനികാന്തിന്റെ 165-ാ മത് ചിത്രമായിട്ടാണ് പേട്ട പുറത്തിറങ്ങുന്നത്. വർഷങ്ങൾക്ക് ശേഷം സിമ്രാനും രജനീകാന്തും ഒരുമിച്ചെത്തിയ സിനിമ, രജനികാന്ത് എന്ന താരത്തിന്റെ തിരിച്ചുവരവ് രേഖപ്പെടുത്തിയ ചിത്രം തുടങ്ങിയ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്

ഇരൈവി

വിജയ് സേതുപതി, എസ് ജെ സൂര്യ, ബോബി സിംഹ, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2016ൽ പുറത്തിറങ്ങിയ ചത്രമാണ് ഇരൈവി. ചിത്രം നിരൂപകരിൽ നിന്ന് അനുകൂലമായ പ്രതികരണങ്ങൾ നേടുകയും ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമാവുകയും ചെയ്തിരുന്നു

‘ഇരൈവി’യിലെ അരുൾ എന്ന കഥാപാത്രം എസ് ജെ സൂര്യയുടെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്നായിരുന്നു