എന്റർടെയ്ൻമെന്റ് ഡെസ്ക്
കഴിഞ്ഞ ദിവസം പലസ്‌തീൻ നഗരമായ റഫയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം ആഗോള തലത്തിൽ വലിയ പ്രതിഷേധമാണുണ്ടാക്കിയത്. ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടിരുന്നു.
സാമന്തയും സ്വര ഭാസ്കറും അടക്കം നിരവധി ഇന്ത്യൻ സെലിബ്രിറ്റികളും പലസ്തീന് ഐക്യദാർഢ്യവും ഇസ്രയേലിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
സാമന്ത റൂഥ് പ്രഭു
തെന്നിന്ത്യൻ നായിക സാമന്ത ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. 'എല്ലാ കണ്ണുകളും റഫയിൽ' എന്ന പോസ്റ്റും സാമന്ത റീഷെയർ ചെയ്തിരുന്നു.
സ്വര ഭാസ്കർ
സാമൂഹ്യ മാധ്യമങ്ങളിൽ നീണ്ട കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് സ്വര പലസ്‌തീൻ വിഷയത്തില്‍ ദേഷ്യവും പ്രതിഷേധവും പങ്കുവെച്ചത്.
"ഇതൊരു വംശീയ പ്രശ്നമാണ്. ഇത് വർഗ വിച്ഛേചനത്തിന്റെ പ്രശ്നമാണ്. ഇത് കൊളോണിയലിസത്തിന്റെ പ്രശ്നമാണ്," സ്വര ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
ഗോഹർ ഖാൻ
ഇന്ത്യൻ നടിയും മോഡലുമാണ് ഗോഹർ ഖാൻ. റഫാ ആക്രമണത്തെ അപലപിക്കുന്ന അനവധി പോസ്റ്റുകൾ ഗോഹർ ഇൻസ്റാഗ്രാമിലൂടെ റീഷെയർ ചെയ്തിട്ടുണ്ട്. "ഗാസയിലെ അമ്മമാർ കുട്ടികൾ നാളെ ഉണരുമെന്ന പ്രതീക്ഷയിലാണ് ഇന്നുറങ്ങുക," ഗോഹറിന്റെ പോസ്റ്റിൽ പറയുന്നു.
ഫാത്തിമ സന ഷെയ്ക്ക്
'റഫയിൽ ശിരച്ഛേദം ചെയ്യപ്പെട്ട കുട്ടികളുടെ വളരെ അസ്വസ്ഥമാക്കുന്ന വീഡിയോ ഇന്ന് കണ്ടു. ഇനി ഇത് അവഗണിക്കാൻ സാധിക്കില്ല ഇത് എപ്പോഴാണ് അവസാനിക്കുക," ദംഗല്‍ താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
റഫ ആക്രമണത്തിന്റെ വീഡിയോകളുടെയും ചിത്രങ്ങളുടെയും ഒരു പരമ്പര തന്നെ രാധിക ആപ്‌തെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ടിട്ടുണ്ട്. യുണിസെഫ് വക്താവ് ജെയിൻസ് എൽഡറിന്റെ ഉദ്ധരണി പങ്കുവെച്ചാണ് നടിയും മോഡലുമായ എമി ജാക്സൺ ഐക്യദാർഢ്യം അറിയിച്ചത്.
'എല്ലാ കണ്ണുകളും റഫയിൽ' എന്ന ഇൻസ്റ്റാഗ്രാം സ്റ്റോറി കാമ്പയിനിൽ നടൻ ദുൽഖർ സൽമാനും ബോളിവുഡ് നടിയായ ദിയ മിർസയും ഭാഗമായിട്ടുണ്ട്.