അതയ്യ മുതൽ കീരവാണി വരെ ; ഓസ്കറിൽ ഇന്ത്യൻ യശസ്സുയർത്തിയ പ്രതിഭകൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഓസ്കർ വേദിയിൽ ഇന്ത്യയ്ക്ക് അഭിമാന നേട്ടം. കീരവാണിയിലൂടെ ആദ്യമായി ഒരു ഇന്ത്യൻ ചിത്രത്തിന് ഓസ്കർ ലഭിച്ചു. ഇന്ത്യന്‍ സിനിമകള്‍ക്ക് മുൻപ് ഓസ്‌കര്‍ ലഭിച്ചിട്ടില്ലെങ്കിലും ലോകസിനിമയുടെ അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യന്‍ സാന്നിധ്യം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. അവർ ആരൊക്കെയെന്ന് അറിയാം

ഭാനു അതയ്യ

ഇന്ത്യയില്‍ നിന്ന് ആദ്യമായി ഓസ്‌കര്‍ നേടിയ വ്യക്തിയാണ് വസ്ത്രാലങ്കാര വിദഗ്ധയായ ഭാനു അതയ്യ. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ജീവിതത്തെ ആധാരമാക്കി റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത 'ഗാന്ധി' എന്ന സിനിമയ്ക്കായിരുന്നു 1983 ൽ ഭാനു അതയ്യ ഓസ്‌കര്‍ നേടിയത്

സത്യജിത്ത് റേ

ഇന്ത്യൻ സിനിമയുടെ ഇതിഹാസ കലാകാരനെ ഓസ്‌കര്‍ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്‌സ് ആൻ്റ് സയൻസസ് ഓണററി പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. സത്യജിത് റേ സിനിമലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കുള്ളതായിരുന്നു ആദരവ്. 1992 ലാണ് അക്കാദമി റേയെ ആദരിച്ചത്

എ ആര്‍ റഹ്മാന്‍

2009 ലെ 81-ാമത് അക്കാദമി പുരസ്‌കാര വേദിയില്‍ ഇന്ത്യയുടെ അഭിമാനമായത് എആര്‍ റഹ്‌മാൻ . ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഹോളിവുഡ് ചിത്രം 'സ്ലം ഡോഗ് മില്ല്യണയറി'ലെ എആര്‍ റഹ്‌മാനൊരുക്കിയ ഗാനത്തിന് മികച്ച ഒറിജിനല്‍ സോങ്, മികച്ച ഒറിജിനല്‍ സ്‌കോര്‍ എന്നീ രണ്ട് വിഭാഗങ്ങളിലായിരുന്നു പുരസ്‌കാരങ്ങള്‍

റസൂല്‍ പൂക്കുട്ടി

81-ാമത് അക്കാദമി പുരസ്‌കാര വേദിയില്‍ ഇന്ത്യക്കാര്‍ക്ക് തന്നെ അത്ര പരിചിതനല്ലാത്ത ഒരു ഇന്ത്യക്കാരന്‍ മികച്ച ശബ്ദ മിശ്രണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുകയായിരുന്നു. സ്ലം ഡോഗ് മില്ല്യണയറിലെ ശബ്ദ മിശ്രണത്തിന് റസൂല്‍ പൂക്കുട്ടി എന്ന ഇന്ത്യക്കാരൻ പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ ഓസ്കർ വേദിയിൽ ആദ്യമായി ഒരു മലയാളി അംഗീകരിക്കപ്പെട്ടത് കണ്ട് കേരളവും അഭിമാനിച്ചു ആവേശക്കൊടുമുടിയിലായി

ഗുല്‍സാര്‍

റഹ്‌മാനോടൊപ്പം മികച്ച ഒറിജിനല്‍ സോംഗിനുള്ള പുരസ്‌കാരത്തിന് ഇന്ത്യന്‍ കവിയും ഗാനരചയിതാവുമായ ഗുല്‍സാറും അർഹനായി. അദ്ദേഹമാണ് 'ജയ് ഹോ' എന്ന ഗാനം രചിച്ചത് .