ബ്രഹ്മപുരം തീപിടിത്തം; സർക്കാരിനെ വിമർശിച്ച് സിനിമാ പ്രവർത്തകർ

വെബ് ഡെസ്ക്

ബ്രഹ്മപുരം തീപിടിത്തത്തിൽ സർക്കാരിനോടുള്ള പ്രതിഷേധം അറിയിച്ച് നിരവധി സിനിമാപ്രവർത്തകരാണ് രംഗത്തെത്തിയത്. ആൻ്റണി വർഗീസ്,നീരജ് മാധവ്, മിഥുൻ മാനുവൽ തോമസ്, ബിജിപാൽ, ജോയ് മാത്യു,ഹരീഷ് പേരടി എന്നിവർ വിമർശനങ്ങളുമായി ഫേസ്ബുക് പോസ്റ്റുകൾ ഇട്ടപ്പോൾ ആളുകൾ ജാഗ്രതയോടെ ഇരിക്കണമെന്ന അഭ്യർഥനയുമായാണ് പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട് എന്നിവർ രംഗത്തെത്തിയത്.

ആൻ്റണി വർഗീസ്

ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ജീവിക്കാൻ, ശ്വസിക്കാൻ നമ്മളായിട്ട് മുന്നിട്ട് ഇറങ്ങേണ്ട അവസ്ഥയായി എന്നാണ് ആൻ്റണി വർഗീസ് ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.

നീരജ് മാധവ്

എന്തുകൊണ്ടാണ് നമ്മൾ ഈ വിഷയത്തെ പ്രാധാന്യത്തോടെ പരിഗണിക്കാത്തത്? സർക്കാർ എന്താണ് ചെയ്യുന്നത്? ജനങ്ങൾക്ക് ഉടനടി ഉത്തരങ്ങളും പരിഹാരങ്ങളും ആവശ്യമാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം മനുഷ്യനിർമ്മിത ദുരന്തമാണിതെന്ന് നീരജ് മാധവ് ഫേസ്ബുക്കിൽ കുറിച്ചു

മിഥുൻ മാനുവൽ തോമസ്

ഒരു സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം ദിവസങ്ങളായി വിഷപ്പുകയിൽ മുങ്ങി നിൽക്കുന്നു. വീടിൻ്റെ അകങ്ങളിൽ പോലും വിഷവായു. കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്നായി തന്നെ പരിഗണിക്കാവുന്ന ഒരു ഇൻസിഡൻ്റ് ഉത്തരവാദികൾ പ്രാദേശിക ഭരണകൂടം ആയാലും സംസ്ഥാന ഭരണകൂടം ആയാലും മറുപടി പറഞ്ഞേ മതിയാകൂ. ഞങ്ങൾ ജനങ്ങൾ ആരുടെ കയ്യിൽ നിന്നും ഈ പുക ശ്വസിക്കാനുള്ള കൊട്ടേഷൻ കൈപറ്റിയിട്ടില്ലെന്നും മിഥുൻ മനുവൽ തോമസ്

ബിജിപാൽ

''സ്വസ്ഥ ജീവിതത്തിനുള്ള അവകാശം കവർന്നെടുക്കരുതേ. അത് മൗലികമല്ലേ. ഒരു പ്രശ്നവുമില്ലെന്ന് അധികാരികൾ പറയുന്നു. ശാസ്ത്രം അതല്ലല്ലോ പറയുന്നത്. ഏക ആശ്രയം കോടതിയാണ്. കോടതി ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ വേണ്ടത് ചെയ്യാൻ മുൻകൈ എടുക്കുമെന്ന് നമുക്ക് സ്വപ്നം കാണാം. സ്വപ്നങ്ങൾക്ക് ലിമിറ്റില്ലല്ലോല്ലേ'' എന്ന് ബിജിപാൽ

വിനയ് ഫോർട്ട്

ഫയർഫോഴ്സ് അധികൃതർക്കുള്ള ബഹുമാനം അറിയിച്ചുകൊണ്ട് ഞങ്ങളെ രക്ഷിക്കൂ എന്നാണ് വിനയ് ഫോർട്ട് പോസ്റ്റ് ചെയ്തത്

ഉണ്ണി മുകുന്ദൻ

കൊച്ചിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ ആളുകളും ജാഗ്രതയോടെ ഇരിക്കാൻ അഭ്യർത്ഥിച്ചു കൊണ്ടാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക് പോസ്റ്റിട്ടത്

പൃഥ്വിരാജ്

എല്ലാ മുൻകരുതലും എടുത്ത് സുരക്ഷിതരായിരിക്കുക എന്ന കുറിപ്പോടെയായിരുന്നു പൃഥ്വിരാജിന്റെ ട്വീറ്റ്

ജോയ് മാത്യു

''ആരോപണ പ്രത്യാരോപണങ്ങൾ മാറ്റിവെച്ച് കൊച്ചിയിലെ മാലിന്യപ്പുക അവസാനിപ്പിക്കാൻ ഭരണ -പ്രതിപക്ഷ കക്ഷികൾ ഒരുമിക്കാത്തത് ഏറ്റവും വലിയ മാലിന്യം ഈ നാട്ടിലെ രാഷ്ട്രീയക്കാരൻ ആണെന്ന തിരിച്ചറിവ് കൊണ്ടാണോ, അതോ മുമ്പേ തന്നെ പരസ്പരം കൈ കൊടുത്തിരിക്കുന്നത് പുകമറയ്ക്കുള്ളിൽ നമ്മൾ കാണാതെ പോകുന്നതാണോ?''

ഹരീഷ് പേരടി

''യഥാർത്ഥ മാലിന്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയേണ്ടത് തിരഞ്ഞെടുപ്പുകളിലാണ്. അല്ലാത്ത കാലത്തോളം നമ്മളീ പുകയും ശ്വസിച്ച്, ജനങ്ങളെ പൊട്ടൻമാരാക്കുന്ന ഈ മര ഊളകൾക്ക് ചെല്ലും ചിലവും കൊടുത്ത് കഴിയേണ്ടിവരും...ജാഗ്രതൈ..''