എന്റർടെയ്ൻമെന്റ് ഡെസ്ക്
മലയാള സിനിമ അതിന്റെ പീക് സമയത്തിലൂടെ കടന്നുപോകുകയാണ്. അഞ്ചുമാസത്തിനിടെ ഇറങ്ങിയ ചിത്രങ്ങളിൽ ഭൂരിപക്ഷവും വിജയചിത്രങ്ങളായി. മേയ് മാസം പകുതിയാവുമ്പോൾ ഇനിയും നിരവധി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്.
ഗുരുവായൂർ അമ്പലനടയിൽ
മേയ് 16 ന് റിലീസ് ചെയ്യുന്ന ഗുരുവായൂർ അമ്പലനടയിലാണ് പ്രതീക്ഷ ഉണർത്തുന്ന ചിത്രങ്ങളിൽ ഒന്ന്. ബേസിൽ ജോസഫും പൃഥ്വിരാജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അനശ്വര രാജൻ, നിഖില വിമൽ എന്നിവരും പ്രധാനകഥാപാത്രങ്ങളായി ഉണ്ട്.
ജയ ജയ ജയഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദീപു പ്രദീപ് ആണ് തിരക്കഥ എഴുതുന്നത്.
സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ നിന്നുള്ള കഥാപാത്രങ്ങളായ സുരേഷന്റെയും സുമലതയുടെയും കഥപറയുന്ന ചിത്രമാണ് സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. ചിത്രം മേയ് 16 ന് റിലീസ് ചെയ്യും.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാജേഷ് മാധവനും, ചിത്ര നായരുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ കുഞ്ചാക്കോ ബോബനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ടർബോ
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ മേയ് 23 നാണ് റിലീസ് ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഒരിടവേളക്ക് ശേഷം മമ്മൂട്ടി മാസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ടർബോ.
തലവൻ
ആസിഫ് അലി - ജിസ് ജോയ് കൂട്ടുകെട്ടിൽ വീണ്ടുമൊരുങ്ങുന്ന ചിത്രമാണ് തലവൻ. ബിജു മേനോനും ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം മേയ് 24 ന് റിലീസ് ചെയ്യും.
മന്ദാകിനി
അനാർക്കലി മരിക്കാറും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് മന്ദാകിനി. വിനോദ് ലീല സംവിധാനം ചെയ്യുന്ന മന്ദാകിനിയും മേയ് 24 നാണ് റിലീസ് ചെയ്യുന്നത്.