സൂപ്പർ താരചിത്രങ്ങളില്ല; ചെറുചിത്രങ്ങളാൽ കണിയൊരുക്കാൻ തീയേറ്ററുകൾ; നാളെ റിലീസിനെത്തുന്നത് 6 സിനിമകൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന 'അടി', ആക്ഷനും റൊമാന്‍സും കലര്‍ന്ന ഫാമിലി എന്റര്‍ടെയിനറാണ് . പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഗോവിന്ദ് വസന്ത സംഗീതം നിർവഹിച്ചിരിക്കുന്നു. ദുല്‍ഖറിന്റെ വേഫെറർ ഫിലിംസാണ് നിർമാണം.

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന മദനോത്സവമാണ് മറ്റൊരു വിഷു റിലീസ്. മദനൻ എന്ന കഥാപാത്രമായാണ് സുരാജ് എത്തുന്നത്. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം വിനായക അജിത്താണ് നിർമിക്കുന്നത്. ബാബു ആന്റണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അന്നു ആന്റണി-ആൻസൻ പോൾ ഒന്നിക്കുന്ന ചിത്രം ‘മെയ്ഡ് ഇൻ കാരവൻ’ നാളെ എത്തും. നവാഗതനായ ജോമി കുര്യാക്കോസ് ആണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ദുബായ്, അബുദാബി, ഫുജൈറ, റാസൽഖൈമ തുടങ്ങിയ ലൊക്കേഷനുകളിലായിരുന്നു ഷൂട്ടിങ്.

കൈലാഷ്, സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശിവരാജൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉപ്പുമാവ്'. വൈറ്റ് ഫ്രെയിം ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ശ്രീമംഗലം വിജയൻ, ശ്യാം ശിവരാജൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.

ഷിബു, മുപ്പത്തിരണ്ടാം അദ്ധ്യായം എന്നീ സിനിമകള്‍ക്ക് ശേഷം ഗോകുല്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് താരം തീര്‍ത്ത കൂടാരം. കാര്‍ത്തിക് രാമകൃഷ്ണന്‍ ആണ് നായകന്‍. ഇമോഷണല്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ സംവിധായകനും അര്‍ജ്ജുന്‍ പ്രഭാകരനും ചേര്‍ന്നാണ് എഴുതിയത്.

'കവി ഉദ്ദേശിച്ചത്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന ‘ഉസ്കൂൾ’
പ്ലസ് ടു സെന്റ് ഓഫ് ഡേയിൽ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൗമാരകാല പ്രണയത്തിന്റെ നർമ്മ മുഹൂർത്തങ്ങൾ ദൃശ്യവത്കരിക്കുന്നു. ചിത്രം നാളെ തീയേറ്ററുകളിലെത്തും