വെബ് ഡെസ്ക്
ആപ്പിളും ഓറഞ്ചും സ്‌ട്രോബറിയും മുന്തിരിയുമൊക്കെ സുലഭമായി വിളയുന്ന കാന്തല്ലൂര്‍. മൂന്നാറില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ കാര്‍ഷിക ഗ്രാമം.
ഗ്രാമത്തില്‍ പഴത്തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളും ധാരാളമാണ്. സഞ്ചാരികള്‍ക്ക് തോട്ടങ്ങളില്‍ താമസിക്കാനും കാന്തല്ലൂരിലെ മനം കുളിര്‍പ്പിക്കുന്ന കാലാവസ്ഥയും പ്രകൃതി ഭംഗിയും ആസ്വദിക്കാനുള്ള അവസരവുമുണ്ട്.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് കാന്തല്ലൂരിലെ ആപ്പിള്‍ സീസണ്‍. കാന്തല്ലൂര്‍ ആപ്പിള്‍ വളരെ പ്രസിദ്ധമാണ്.
കേരളത്തിന് അത്രകണ്ട് പരിചയമില്ലാത്ത കൃഷി രീതിയാണ് ഇവിടത്തേത്. മലഞ്ചെരിവുകളെ തട്ടുതട്ടായി തിരിച്ചുള്ള കൃഷിരീതിയാണ് പിന്തുടരുന്നത്.
കാന്തല്ലൂരിലേക്കുള്ള വഴികളില്‍ കരിമ്പിന്‍ തോട്ടങ്ങളും മറയൂര്‍ ശര്‍ക്കര നിര്‍മിക്കുന്ന ഓലമേഞ്ഞ ശര്‍ക്കര ഫാക്ടറികളും കാണാം.
മലകള്‍ അതിര്‍ത്തി കാക്കുന്ന ഈ ഗ്രാമത്തില്‍ വെള്ളച്ചാട്ടങ്ങളും പുല്‍മേടുകളും മുനിയറകളും ഗുഹാക്ഷേത്രവും ഒക്കെയുണ്ട്. പല സിനിമകളുടെയും ഷൂട്ടിങ് ലൊക്കേഷന്‍ കൂടിയാണ് കാന്തല്ലൂര്‍.
മൂന്നാറില്‍ നിന്നും മറയൂര്‍ കോവില്‍ക്കടവ് വഴിയാണ് കാന്തല്ലൂരിലേക്കുള്ള വഴി. ഏറ്റവും മനോഹരമായ കാഴ്ചകള്‍ കാണാൻ സാധിക്കുക കോവില്‍ക്കടവ് പാലം മുതല്‍ കാന്തല്ലൂര്‍ മലയടിവാരം വരെയുള്ള യാത്രയിലാണ്.