വെബ് ഡെസ്ക്
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി 'പെട്ടന്നുള്ള വരള്‍ച്ച' എന്നപേരില്‍ വരള്‍ച്ചയുടെ ദ്രുതഗതിയിലുള്ള ആവിര്‍ഭാവങ്ങള്‍ കണ്ടെത്തി.
ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പെട്ടെന്നുള്ള വരള്‍ച്ച അസാധാരണമായി വര്‍ധിക്കുകയാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
ഇന്റെര്‍ ഗവണ്‍മെന്റല്‍ പാനലിന്റെ തീവ്രകാലാവസ്ഥാ വ്യതിയാനത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക റിപ്പോര്‍ട്ട് ഉദ്ധരിച്ച് 'സയന്‍സ്' മാഗസീന്‍ ഒരു പഠനം പ്രസിദ്ധീകരിച്ചു.
അതില്‍ പറയുന്നത് പ്രകാരം 64 വര്‍ഷത്തിനുള്ളില്‍ ലോകത്തിന്റെ 74% ത്തിലധികം പ്രദേശങ്ങളിലും അതിവേഗത്തിലുള്ള വരള്‍ച്ചയുടെ തോത് കൂടി വരികയാണ്.
ഇന്ത്യ, സബ്-സഹാറന്‍ ആഫ്രിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ, ആമസോണ്‍ തടാകങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മന്ദഗതിയിലുള്ള വരള്‍ച്ചയേക്കാള്‍ പെട്ടെന്നുള്ള വരള്‍ച്ചയാണ് സംഭവിക്കുന്നത്.
മന്ദഗതിയിലുള്ള വരള്‍ച്ചയുടെയും ആരംഭ വേഗത വര്‍ധിക്കുകയാണെന്ന് ചൈനയിലെ നാന്‍ജിംഗ് യൂണിവേഴ്‌സിറ്റി ഓഫ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഹൈഡ്രോളജിസ്റ്റും ഗവേഷകനുമായ സിംഗ് യുവാന്‍ പറഞ്ഞു.
1951 മുതല്‍ 2014 വരെയുള്ള ലോകമെമ്പാടുമുള്ള മണ്ണിലെ ഈര്‍പ്പത്തിന്റെ കണക്കുകള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയത്.
ലോകത്തെ അതിവേഗ വരള്‍ച്ചയുടെ കാരണം മനുഷ്യരുടെ പ്രവൃത്തികള്‍ തന്നെയാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ പെട്ടെന്നുള്ള വരള്‍ച്ചയുടെ താപതരംഗങ്ങള്‍ വാര്‍ഷിക വരള്‍ച്ചയുടേതിനേക്കാള്‍ തീവ്രമായതിനാല്‍ ഇത് വരള്‍ച്ചയുടെ തോത് വര്‍ധിപ്പിക്കും.
ഭൂമിയുടെ ചൂട് ഉയരുന്ന സാഹചര്യത്തില്‍ മണ്ണില്‍ നിന്നും സസ്യങ്ങളില്‍ നിന്നുമുള്ള ജലം വളരെ വേഗത്തില്‍ അന്തരീക്ഷത്തിലേക്ക് ബാഷ്പീകരിക്കപ്പെടുന്നതിനാല്‍ പെട്ടന്നുള്ള വരള്‍ച്ചകള്‍ ഇനിയും കൂടാനാണ് സാധ്യത.
ഈ ബാഷ്പീകരണ നിരീക്ഷണ സംവിധാനത്തിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യയിലൂടെ വരൾച്ചയുടെ തുടക്കം രേഖപ്പെടുത്താൻ കഴിയാത്തതിനാല്‍ പെട്ടെന്നുള്ള വരള്‍ച്ചകള്‍ പ്രവചിക്കാന്‍ കഴിയാറില്ല.