ഐഎസ്ആർഒയുടെ ആദ്യ സൗരപഠന ദൗത്യം; ആദിത്യ എൽ1 വിക്ഷേപണത്തിന് തയ്യാർ

വെബ് ഡെസ്ക്

ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എല്‍ 1ന്റെ വിക്ഷേപണം ശനിയാഴ്ച രാവിലെ 11.50 ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം

ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയാണ് റോക്കറ്റ്. പിഎസ്എല്‍വിയുടെ എക്‌സ്എല്‍ വേരിയേഷനാണ് ഇതിനായി ഉപയോഗിക്കുന്നത്

വിക്ഷേപണ റിഹേഴ്‌സലും, വിക്ഷേപണ വാഹനത്തിന്റെ ആന്തരിക പരിശോധനയും പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലെഗ്രാന്‍ഷെ പോയിന്‌റ് 1 ന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റിലിലാണ് പേടകത്തെ വിന്യസിക്കുക. നാല് മാസത്തോളം എടുത്താണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.

രണ്ട് ആകാശവസ്തുക്കളുടെ ഇടയില്‍ അവയുടെ ഗുരുത്വാകര്‍ഷണ ബലം സമതുലിതമാകുന്ന ഭാഗമാണ് ലഗ്രാന്‍ഷെ ബിന്ദു. കുറഞ്ഞ ഇന്ധനം കൊണ്ട് ഇവിടെ നിലനില്‍ക്കാം എന്നതാണ് പ്രത്യേകത. ഇങ്ങനെ അഞ്ച് ബിന്ദുക്കളുണ്ട് ഭൂമിയും സൂര്യനുമുള്‍പ്പെട്ട ദ്വിഗോള സംവിധാനത്തില്‍. ഇതില്‍ എല്‍1 ന് സമീപമാണ് ആദിത്യ പേടകം സ്ഥാപിക്കുക

പേടകത്തെ ആദ്യം ഭൂമിക്ക് സമീപമുള്ള ലോഎര്‍ത്ത് ഓര്‍ബിറ്റിലിലാണ് എത്തിക്കുക. ഇവിടെ നിന്ന് ഘട്ടം ഘട്ടമായി വലുപ്പം കൂടിയ ദീർഘവൃത്താകാര ഭ്രമണപഥത്തില്‍ പേടകം ഭൂമിയെ ചുറ്റും. തുടര്‍ന്നാണ് എല്‍1 ലേക്കുള്ള യാത്ര.

നിശ്ചിത അകലത്തില്‍ നിന്ന് സൂര്യനെ കുറിച്ച് പഠനം നടത്തുകയാണ് പദ്ധതി. വിവിധ സൗരപ്രതിഭാസങ്ങളെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യമാണിത്.

ഏഴ് പേലോഡുകളാണ് പേടകത്തിലുള്ളത് ഇതില്‍ നാലെണ്ണം റിമോട്ട് സെന്‍സിങ് വഴി സൗര പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കും. മറ്റ് മൂന്ന് പേലോഡുകള്‍ എല്‍1 ബിന്ദുവില്‍ പഠനം നടത്തും.