ഇഒഎസ്-08 ഭ്രമണപഥത്തിൽ; വിക്ഷേപണചിത്രങ്ങൾ പങ്കിട്ട് ഐഎസ്ആർഒ

വെബ് ഡെസ്ക്

ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08ന്റെ വിക്ഷേപണം വിജയകരം. ഉപഗ്രഹത്തെ എസ്എസ്എല്‍വി-ഡി 3 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ചിത്രങ്ങൾ ഐഎസ്ആർഒ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ചു

പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ ലക്ഷ്യമിട്ടാണ് ഇഒഎസ്-08 വിക്ഷേപിച്ചിരിക്കുന്നത്. ദുരന്ത നിരീക്ഷണം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിയിലെ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉപഗ്രഹം പങ്കുവെക്കും

ഒരു വര്‍ഷമാണ് ദൗത്യ കാലാവധി. 175.5 കിലോഗ്രാമാണ് ഭാരം.

ഇലക്‌ട്രോ ഒപ്റ്റിക്കല്‍ ഇന്‍ഫ്രാറെഡ് (ഇഒഐആര്‍), ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം-റിഫ്‌ലെക്‌റ്റോമെട്രി (ജിഎന്‍എസ്എസ്-ആര്‍), സിക് യുവി ഡോസിമീറ്റര്‍ എന്നീ മൂന്ന് പ്രധാന പേലോഡുകളാണ് ഇ ഒ എസ് -08 വഹിക്കുന്നത്

ബെംഗളൂരുവിലെ യുആര്‍ റോ ഉപഗ്രഹ കേന്ദ്രത്തിലാണ് ഇഒഎസ്-08 വികസിപ്പിച്ചത്

ഐഎസ്ആര്‍ഒയുടെ ഏറ്റവും കുഞ്ഞന്‍ റോക്കറ്റാണ് ഇഒഎസ്-08നെ ഭ്രമണപഥത്തിലെത്തിച്ച എസ്എസ്എല്‍വി. 500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ വഹിക്കാന്‍ സാധിക്കുന്ന റോക്കറ്റാണിത്

എസ്എസ്എല്‍വിയുടെ മൂന്നാമത്തെയും അവസാനത്തേതുമായ പരീക്ഷണ വിക്ഷേപണമാണിത്. റോക്കറ്റിന്റെ സാങ്കേതികവിദ്യ ഐഎസ്ആര്‍ഒ ഇനി സ്വകാര്യമേഖലയ്ക്കു കൈമാറും