ശരിയായി ഉപയോഗിച്ചാല്‍ വഴിതെറ്റില്ല; ഗൂഗിള്‍ മാപ്പിന്റെ പ്രധാനപ്പെട്ട ഫീച്ചേഴ്സ് ഇതാ

വെബ് ഡെസ്ക്

ദൈനംദിന യാത്രകൾക്കോ ഇടയ്ക്കിടെയുള്ള ദൂര യാത്രകൾക്കോ വേണ്ടിയാകട്ടെ, ഡ്രൈവിങ് തീർച്ചയായും സന്തോഷകരമായ ഒരു അനുഭവമാണ്. സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി ഇപ്പോൾ മിക്ക വാഹനങ്ങളിലും ബിൽറ്റ്-ഇൻ നാവിഗേഷൻ സംവിധാനങ്ങളുമുണ്ട്.

ഗതാ​ഗതക്കുരുക്കുകളും വഴി തെറ്റലുമൊക്കെ ഡ്രൈവിങ്ങിനെ ദുഷ്കരമാക്കാറുണ്ട്. അതിനെ തരണം ചെയ്യാനായി 20 വർഷം മുൻപ് സ്മാർട്ട് ഫോണുകളിൽ അവതരിപ്പിച്ച ​ഗൂ​ഗിൾ മാപ്പ് ഇന്നും ഒരു യാത്രാ സഹായിയായിയാണ്. ലോകമെങ്ങുമുള്ള യാത്രകളെ ഇത്രമേൽ സ്വാധീനിച്ചിട്ടുള്ള മറ്റൊരു സാങ്കേതികവിദ്യയുണ്ടാകില്ല.

​എന്നാൽ ഗൂ​ഗിൾ മാപ് വഴിതെറ്റിച്ച് കുരുക്കിൽ ചാടിക്കുന്നു എന്നുള്ള പരാതികളും ഉയർന്നുവരാറുണ്ട്. ​ഗൂ​ഗിൾ മാപ്പിന്റെ ചില ഫീച്ചറുകൾ മനസിലാക്കി ഉപയോഗിച്ചാൻ ആ പ്രതിസന്ധിയെയും സൗകര്യപൂർവം തരണംചെയ്യാം

Android, iOS ഉപകരണങ്ങളിൽ അതത് ആപ് സ്റ്റോറുകളിൽ നിന്ന് Google Maps ഡൗൺലോഡ് ചെയ്യുക.

റേഞ്ച് നഷ്ടപ്പെടുന്നതാണ് യാത്രയ്ക്കിടയിലെ ഏറ്റവും വലിയ ആശങ്കകളിലൊന്ന്. യാത്ര ആരംഭിക്കുന്നതിന് മുൻപ് ഓഫ്ലൈൻ മാപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് നല്ലതാണ്. ​ഗൂ​ഗിൾ മാപ്പിൽ ചില പ്രത്യേക ന​ഗരങ്ങളുടെ മാപ്പുകൾ ഡൗൺലോഡ് ചെയ്ത് വയ്ക്കാൻ സാധിക്കും.

യാത്ര ആരംഭിക്കുന്നതിന് മുൻപ് തന്നെ ​ഗതാ​ഗത രീതി (ബൈക്ക്,കാർ) തിരഞ്ഞെടുക്കുക. കാരണം വാഹനത്തേയും ട്രാഫിക്കിനേയും ആശ്രയിച്ച് ​ഗൂ​ഗിൾ മാപ്പ് മികച്ച റൂട്ടുകൾ കാണിക്കും. കാൽനട യാത്രയ്ക്കുള്ള വഴിയും അത് നിർദേശിക്കുന്നു.

യാത്രയ്ക്കനുസരിച്ച് അനുയോജ്യമായ മാപ്പ് തിരഞ്ഞെടുക്കണം. ഹൈവേയിലൂടെയുള്ള യാത്രയാണെങ്കിൽ ഡിഫോൾട്ട് മാപ്പ് ആയിരിക്കും ഉചിതം. ഒരു അപ്പാർട്മെന്റോ കെട്ടിടമോ മറ്റോ കണ്ടെത്താൻ ആണെങ്കിൽ സാറ്റലൈറ്റ് മാപ്പ് ഓപ്ഷനാണ് അനുയോജ്യം.

ഒരു ന​ഗരത്തിലൂടെയുള്ള യാത്രയാണെങ്കിൽ തിരക്ക്, ട്രാഫിക് എന്നിവയെക്കുറിച്ച് അറിയാൻ ട്രാഫിക് എന്ന ഓപ്ഷൻ പ്രവർത്തനക്ഷമമാക്കുക. ട്രാഫിക്കനുസരിച്ച് എത്തിച്ചേരാൻ കണക്കാക്കിയ സമയം വ്യത്യാസപ്പെടും.

​ഗൂ​ഗിൾ മാപ്പിലെ മറ്റൊരു മികച്ച സവിശേഷതയാണ് വോയ്സ് നാവി​ഗേഷൻ. യാത്ര ചെയ്യുമ്പോൾ ഫോൺസ്ക്രീനിൽ നോക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും. ​​ഗൈഡൻസിന്റെ ശബ്ദം ആവശ്യത്തിനനുസരിച്ച് ക്രമീകരിക്കാവുന്നതാണ്.

സൗകര്യപ്രദമായ വഴികൾ തിരഞ്ഞെടുക്കാനും ​ഗൂ​ഗിൾമാപ്പ് സഹായിക്കും. ഇതുവഴി ടോൾ റോഡുകളും, മോട്ടോർവേകളും, ഫെറി റൂട്ടുകളും ഒഴിവാക്കാം.

ഒരു ലൊക്കേഷനിൽ നിന്ന് മറ്റൊരിടത്തേക്കുള്ള ടോൾ നിരക്കിനെക്കുറിച്ചുള്ള വിവരങ്ങൾ ​ഗൂ​ഗിൾമാപ്പിന് നൽകാനാകും. ഇന്ത്യയിലെ മിക്ക റോഡുകളും ബൈക്ക് യാത്രക്കാരിൽ നിന്ന് ടോൾ പിരിക്കുന്നില്ലെങ്കിലും ദീർഘദൂര യാത്രകൾക്കായി കാർ ഉപയോ​ഗിക്കുന്നവർക്ക് ഇത് ഉപയോഗപ്രദമാകും.

​വേ​ഗപരിധി നിശ്ചയിക്കാനും സ്പീഡോ മീറ്റർ പ്രവർത്തനക്ഷമമാക്കാനും കഴിയും. നിങ്ങൾ നിശ്ചിത വേഗതയിൽ കൂടുമ്പോൾ മാപ്പ് മുന്നറിയിപ്പ് നൽകും

റൂട്ട്, ലക്ഷ്യസ്ഥാനം, ലൊക്കേഷൻ, ഫോണിന്റെ ബാറ്ററി ശതമാനം ഉൾപ്പെടെയുള്ള യാത്രയുടെ വിശദാംശങ്ങൾ പങ്കിടാൻ സാധിക്കും. യാത്രയ്ക്കിടയിൽ കുടുംബമായും സുഹൃത്തുക്കളുമായും ബന്ധം പുലർത്താൻ ​ഗൂ​​ഗിൾ മാപ്പ് സഹായിക്കുന്നു.