യുപിഐ ഉപയോഗിക്കാവുന്നത് ഇന്ത്യയില്‍ മാത്രമല്ല; എവിടെയൊക്കെയെന്ന് അറിയാമോ?

വെബ് ഡെസ്ക്

നമ്മൾ ഏറ്റവും എളുപ്പത്തിൽ പണം കൈമാറാൻ ഉപയോഗിക്കുന്ന സംവിധാനമാണ് യുപിഐ. ഗൂഗിൾ പേ , ഫോൺ പേ സംവിധാനങ്ങളുടെ വരവോടെ കയ്യിൽ പണം കൊണ്ടുനടക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറവാണ്.

അന്താരാഷ്ട്ര യാത്രകൾ നടത്തുമ്പോൾ പലപ്പോഴും ഈ സംവിധാനം ഉപയോഗിക്കാൻ സാധിക്കണമെന്നില്ല. എന്നാല്‍, ചില രാജ്യങ്ങളിൽ യുപിഐ ഉപയോഗിച്ച് നമുക്ക് പണം കൈമാറാം.

ഫ്രാൻസ് : കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഫ്രാൻസ് സന്ദർശനത്തിനിടയിലാണ് യുപിഐ സംവിധാനങ്ങൾ ഇനി ഫ്രാൻസിലും ഉപയോഗിക്കാമെന്ന് പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്.

ഭൂട്ടാൻ : ഇന്ത്യക്ക് പുറത്ത് യുപിഐ സംവിധാനങ്ങൾ ഉപയോഗിക്കാൻ പ്രാപ്തമായ ആദ്യത്തെ രാജ്യമാണ് ഭൂട്ടാൻ. BHIM ആപ്പ് വഴിയാണ് ഇത് സാധ്യമായത്. ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളെ സഹായിക്കാനായി നിർമിച്ച 'യുപിഐ വൺ വേൾഡ്' പദ്ധതിയുടെ ഭാഗമായിട്ടാണ് സേവനം ലഭ്യമായത്.

ഒമാൻ : 2022ലാണ് ഒമാനിൽ യുപിഐ സംവിധാനം നിലവിൽ വന്നത്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും സെൻട്രൽ ബാങ്ക് ഓഫ് ഒമാനും ഇത് സംബന്ധിച്ച കരാറിൽ കഴിഞ്ഞ വർഷം നവംബറിൽ ഒപ്പുവെച്ചു.

സൗദി അറേബ്യ : BHIM ആപ്പ് ഉപയോഗിച്ചാണ് സൗദിയിൽ യുപിഐ സംവിധാനങ്ങൾ ഉപയോഗിക്കാൻ സാധിക്കുക. സൗദിയിലേക്ക് യാത്രകൾ നടത്തുകയും അവിടെ ജോലി ചെയ്യുകയും ചെയ്യുന്ന ലക്ഷകണക്കിന് ഇന്ത്യക്കാരുടെ സുരക്ഷിതമായ പണമിടപാടുകൾ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.

മലേഷ്യ, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ഫിലിപ്പീൻസ്, വിയറ്റ്നാം, സിംഗപ്പൂർ, കംബോഡിയ, വിയറ്റ്‌നാം, തായ്‌വാൻ, ഹോംഗ് കോങ്ങ്, ജപ്പാൻ തുടങ്ങിയ വടക്ക്, തെക്ക് കിഴക്കൻ ഏഷ്യയിലെ 10 രാജ്യങ്ങളിൽ ക്യുആർ അധിഷ്ഠിത യുപിഐ പേയ്‌മെന്റുകൾ സ്വീകാര്യമാണ്.

യുകെ : 2022 ഓഗസ്റ്റിൽ തയ്യാറാക്കിയ കരാർ പ്രകാരം യുകെയിലും യുപിഐ വഴി പണമിടപാട് നടത്താം.

സിംഗപ്പൂർ : ഇന്ത്യയിലെ യുപിഐ സംവിധാനവും സിംഗപ്പൂരിലെ പൈനോട് സംവിധാനവും തയ്യാറാക്കിയ പദ്ധതിയിലൂടെ രാജ്യത്ത് വേഗത്തിലും എളുപ്പത്തിലും ഓൺലൈൻ പണമിടപാടുകൾ നടത്താൻ സാധിക്കും.

ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും യുപിഐ ഉപയോഗിക്കാം.