വെബ് ഡെസ്ക്
കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ച നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ ഇതിനോടകം തന്നെ വലിയ ചർച്ചയായിരുന്നു.
ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഏതൊരാൾക്കും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ഇത്തരം പ്രവർത്തികളെന്നും ടെക്നോളജിയുടെ ദുരുപയോഗം ഭയപ്പെടുത്തിയെന്നുമാണ് രശ്‌മിക ഈ വിഷയത്തിൽ പ്രതികരിച്ചത്. പ്രശസ്ത നടൻ അമിതാഭ് ബച്ചൻ ഉൾപ്പെടെ നിരവധിപ്പർ ഈ വിഷയത്തിൽ ഇടപെടുകയും വിഡിയോയ്‌ക്കെതിരെ വിമർശനമുയർത്തുകയും ചെയ്തിരുന്നു
ഇതുപോലെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഫഹദിന്റെയും മുഖങ്ങൾ വിഖ്യാത ചിത്രം ഗോഡ്ഫാദറിന്റെ രംഗങ്ങളിൽ കൃത്രിമമായി ചേർത്ത് എന്താണ് ഡീപ് ഫേക്ക് വ്യക്തമാക്കാനായി ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു
ചർച്ചയായിക്കൊണ്ടിരിക്കുന്ന ഈ ഡീപ് ഫേക്ക് വീഡിയോ സത്യത്തിൽ എന്താണ്? എങ്ങനെയാണ് ഇവ നിർമിക്കുന്നത്? എങ്ങനെ തിരിച്ചറിയാം?
എന്താണ് ഡീപ് ഫേക്ക്?
നിർമിത ബുദ്ധിയുടെ സഹായത്താൽ ഏതെങ്കിലും വീഡിയോകളോ ചിത്രങ്ങളോ ഉപയോഗിച്ച് വേറൊരാളുടെ ചിത്രങ്ങളോ ശബ്ദമോ ഇവയിലേക്ക് ഉൾപ്പെടുത്തി യാഥാർഥ്യമാണെന്ന് തോന്നിപ്പിക്കുന്ന പുതിയൊരു വീഡിയോ നിർമ്മിക്കുന്നതാണ് ഡീപ് ഫേക്ക്, ചുരുക്കിപ്പറഞ്ഞാൽ കൃത്രിമ വീഡിയോ
എങ്ങനെയാണ് നിർമിക്കുന്നത്?
സൗജന്യമായി ആർക്കും ഉപയോഗിക്കാവുന്ന നിലവിൽ ലഭ്യമായ എ ഐ ടെക്നോളജിയുടെ സഹായത്താലാണ് ഇത്തരം വീഡിയോ നിർമിച്ചെടുക്കുന്നത്. ഒരു ജനറേറ്റീവ് അഡ്‌വേർസേറിയൽ നെറ്റ്‌വർക്കിന്റെ പശ്ചാത്തലത്തിൽ എൻകോഡർ, ഡീകോഡർ നെറ്റ്‌വർക്കുകൾ സംയോജിപ്പിച്ചാണ് ഡീപ് ഫേക്ക് വിഡിയോകളും ചിത്രങ്ങളും ഉണ്ടാക്കുന്നത്
എങ്ങനെ തിരിച്ചറിയാം?
സമൂഹമാധ്യമങ്ങളിൽ കാണുന്നതെല്ലാം വിശ്വസിക്കാതിരിക്കുക. ഫോട്ടോകളും വിഡിയോകളും എഐ സഹായത്തോടെയോ തയാറാക്കിയതാണോയെന്ന് കണ്ടെത്താൻ പല സാങ്കേതികവിദ്യകളും നിലവിലുണ്ട്
'ഒപ്റ്റിക് എഐ ഓർ നോട്ട്' എന്ന വെബ്സൈറ്റിൽ ചിത്രം അപ്‍ലോഡ് ചെയ്താൽ അത് എഐ ഉപയോഗിച്ച് നിർമിച്ചതാണോയെന്ന് കണ്ടെത്താൻ സാധിക്കും. വീഡിയോകളുടെ കാര്യത്തിൽ അത്രയെളുപ്പത്തിൽ പരീക്ഷിക്കാവുന്ന സംവിധാനങ്ങൾ തയാറായി വരുന്നതേയുള്ളൂ. മൈക്രോസോഫ്റ്റിന്റെ 'വീഡിയോ ഓതന്റിക്കേറ്റർ' ഇതിനായി ഉപയോഗിക്കാം
മുഖത്തിന്റെ പേശികളുടെയും ശരീരത്തിന്റെ ചലനങ്ങളുടെയും അസ്വാഭാവികത നോക്കിയും വ്യാജമാണോ അല്ലയോയെന്ന് കണ്ടുപിടിക്കാം. വീഡിയോയിലുള്ളവരുടെ കണ്ണുകൾ കൂടുതൽ നേരം തുറന്നിരിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. ഡീപ് ഫെയ്ക്കിൽ സാധാരണ മനുഷ്യർ ചെയ്യുന്നതുപോലെ ഇമകളടയ്ക്കുന്നത് കുറവാണ്
നിർമിതബുദ്ധിയുടെ ചതിക്കുഴികൾ സമൂഹമാധ്യമങ്ങളിൽ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്