ജമ്മുവിലെ ആദ്യ ടുലിപ് ഗാർഡൻ സനാസറിൽ തുറന്നു; ഏഷ്യയിലെ ഏറ്റവും വലുത്

വെബ് ഡെസ്ക്

ജമ്മുകശ്മീരിലെ പുതിയ ആകർഷണമായി റംബാൻ ജില്ലയിലെ സനാസറിലെ ടുലിപ് ഗാർഡൻ സന്ദർശകർക്കായി തുറന്നു. കേന്ദ്രഭരണപ്രദേശമായ ജമ്മുകശ്മീരിലെ രണ്ടാമത്തെയും ജമ്മു ഡിവിഷനിലെ ആദ്യത്തെയും ടുലിപ് ഗാർഡനാണിത്.

ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ശനിയാഴ്ചയാണ് ഉദ്യാനം ഉദ്‌ഘാടനം ചെയ്തത്.

50 ഇനങ്ങളിലായി 16 ലക്ഷം ടുലിപ് പൂക്കളാണ് പാർക്കിൽ സന്ദർശകരെ ആകർഷിക്കുക.

സനാസറിൽ അഞ്ചേക്കർ വിസ്തൃതിയിലാണ് ടുലിപ് ഉദ്യാനം ഒരുക്കിയിരിക്കുന്നത്. ആൽപൈൻ പുൽമേടുകളുടെ മനോഹാരിതക്ക് പേരുകേട്ടതാണ് സനാസർ.

ജമ്മുകശ്മീരിന്റെ വിനോദസഞ്ചാര, വ്യാപാരമേഖലകൾ പരിപോഷിപ്പിക്കുകയാണു ടുലിപ് ഉദ്യാനം തുറന്നതിലൂടെ ഭരണകൂടം ലക്ഷ്യം വയ്ക്കുന്നത്.

2007 ൽ പ്രവർത്തനം ആരംഭിച്ച ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡനാണ് ജമ്മു കശ്മീരിലെ ആദ്യത്തെ ടുലിപ് ഗാർഡൻ.

ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡിായ ഇത് 30 ഹെക്ടറിൽ പരന്നുകിടക്കുന്നതാണ്

ശ്രീനഗറിലെ ദാൽ തടാകത്തിനും സബർവാൻ കുന്നുകൾക്കുമിടയിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്

68 ഇനങ്ങളിൽ പെട്ട 15 ലക്ഷത്തോളം പൂക്കൾ ഈ ഗാർഡനിലുണ്ട്