വെബ് ഡെസ്ക്
ജീവിതത്തിലെ വിരസത മാറ്റാനായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. ഏത് സ്ഥലത്തെത്തിയാലും നല്ല ഉത്തരവാദിത്വത്തോടെ യാത്ര ചെയ്യാൻ നമുക്ക് സാധിക്കണം.
നമ്മുടെ യാത്ര സുഖകരമാകാനും മറ്റ് ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ചില കാര്യങ്ങൾ നമ്മെ സഹായിക്കും. യാത്ര ചെയ്യുമ്പോൾ പുതിയ സ്ഥലങ്ങളിലെ രീതികളിൽ നമ്മൾ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
ഇതിന് നമ്മെ സഹായിക്കുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
സാധനങ്ങൾ വാങ്ങാൻ പ്രാദേശികമായ കടകൾ ഉപയോഗപ്പെടുത്തുക. വലിയ മല്ലുകൾക്ക് പകരം ഇത്തരം കടകൾ തിരഞ്ഞെടുക്കുന്നത് അവിടുത്തെ പ്രാദേശിക വ്യവസായത്തെ പ്രോത്സാഹിപ്പിക്കും. ആ സ്ഥലത്തെക്കുറിച്ച് കൂടുതൽ അറിയാനും ഇതുവഴി സാധിക്കും.
പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഒഴിവാക്കുക : ഏതൊരു വിനോദ സഞ്ചാര കേന്ദ്രത്തിലെയും ആവാസവ്യവസ്ഥ തകരാനുള്ള പ്രധാന കാരണം മലിനീകരണമാണ്. പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും ഉപയോഗിക്കുന്നത് ഒഴിവാക്കുക. തുണി സഞ്ചികളും മെറ്റൽ ബോട്ടിലുകളും ഉപയോഗിക്കുക.
യാത്ര പുറപ്പെടുന്നതിന് മുന്നേ ചിലവ് താങ്ങാനാവുന്ന നല്ല താമസസ്ഥലങ്ങൾ ഓൺലൈൻ വഴി തിരഞ്ഞ് കണ്ടുപിടിക്കുക. ഹോം സ്റ്റേകളും ലോക്കൽ ഹോസ്റ്റലുകളും അന്വേഷിക്കാം. അതുവഴി അവിടുത്തെ ജനങ്ങൾക്കും സാമ്പത്തിക ലാഭം ഉണ്ടാവും.
ടാക്സികളും ക്യാബുകളും എടുക്കുന്നതിന് പകരം കുറഞ്ഞ ദൂരത്തേക്ക് നടത്താമോ സൈക്കിളിങ്ങോ ശീലമാക്കുക. അല്ലെങ്കിൽ പരിസ്ഥിതി സൗഹൃദമായ ഇ റിക്ഷകൾ തിരഞ്ഞെടുക്കുക. ഇത് കാർബൺ ബഹിർഗമനം കുറക്കാൻ സഹായിക്കും.
ഏതൊരു സ്ഥലത്ത് ചെന്നാലും അവിടുത്തെ നിയമങ്ങൾ അനുസരിക്കുക. ഓരോ സ്ഥലത്തും അവിടുത്തെ നിയമങ്ങളും നിയന്ത്രണങ്ങളും നിലവിലുണ്ടാകും. അവ അനുസരിക്കുകയും മറ്റ് സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുക.