ആഘോഷിക്കാം വേനൽക്കാലം കുടുംബത്തോടൊപ്പം

വെബ് ഡെസ്ക്

വേനലവധിക്കാലം,സ്‌കൂളുകളും കോളേജുകളും അടച്ചുകഴിഞ്ഞു. കുടുംബത്തോടൊപ്പം വേനൽക്കാല അവധിക്ക് എങ്ങോട്ട് പോകണമെന്ന് ഇതുവരെയും തീരുമാനിച്ചിട്ടില്ലേ. കേരളത്തിൽ കണ്ടിരിക്കേണ്ട പ്രധാന ഇടങ്ങൾ പരിചയപ്പെടാം.

കുമരകം

കുട്ടനാടിന്റെ ഭാഗമായ വേമ്പനാട് കായലിലെ ചെറിയ ദ്വീപുകളുടെ ഒരു കൂട്ടമാണ് കുമരകം. 14 ഏക്കറിൽ പരന്നുകിടക്കുന്ന ഇവിടെയുള്ള പക്ഷിസങ്കേതം ദേശാടനപക്ഷികളുടെ ഇഷ്ടകേന്ദ്രമാണ്. കുമരകത്തിൽ സന്ദർശകർക്ക് ബോട്ടിങ്ങിനും മത്സ്യബന്ധനത്തിനും സൗകര്യമുണ്ട്. ബേ ഐലൻഡ് ഡ്രിഫ്റ്റ് വുഡ് മ്യൂസിയം, അരുവിക്കുഴി വെള്ളച്ചാട്ടം, തണ്ണീർമുക്കം ബണ്ട് എന്നിവയാണ് മുഖ്യആകർഷണം.

തേക്കടി

ആനകൾ, കടുവകൾ, കാട്ടുപോത്ത്, മാനുകൾ, സിംഹവാലൻ കുരങ്ങുകൾ എന്നിവയുൾപ്പെടെ വിവിധ ഇനം മൃഗങ്ങളെ സംരക്ഷിക്കുന്ന പെരിയാർ വന്യജീവി സങ്കേതമാണ് പ്രധാന ആകർഷണം. തേക്കടി തടാകത്തിൽ ബോട്ട് യാത്ര ചെയ്തുകൊണ്ട് വന്യജീവികളെ കാണാം. മംഗളാ ദേവി ക്ഷേത്രം, ചെല്ലാർകോവിൽ, പാണ്ടിക്കുഴി, മുരിക്കടി, കുമളി എന്നിവയാണ് മറ്റിടങ്ങൾ.

കോവളം

വിദേശ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ബീച്ചാണ് കോവളം. സമുദ്ര ബീച്ചിനും ഹവ്വ ബീച്ചിനും പുറമെ ലൈറ്റ് ഹൗസ് ബീച്ചാണ് പ്രധാന ആകർഷണം. പൂവാർ മുതൽ അഞ്ചുതെങ്ങ് വരെയുളള കാഴ്ച കാണാൻ സഞ്ചാരികൾക്ക് ബോട്ടിങ് സൗകര്യവും പാരാഗ്ലൈഡിങ്ങും ഇവിടെയുണ്ട്.

വാഗമൺ

പുൽമേടുകൾ, പൂന്തോട്ടങ്ങൾ, തേയിലത്തോട്ടങ്ങൾ, താഴ്‌വരകൾ എന്നിവയാൽ നിറഞ്ഞ വാഗമൺ ഇന്ത്യയിലെ ഒരു മികച്ച ഹിൽ സ്റ്റേഷനാണ്. കുരിശുമല ഡയറി ഫാം, വാഗമൺ പൈൻ ഫോറസ്റ്റ്, തങ്ങൾ പാറ, മുണ്ടക്കയം ഘട്ട്, മീനച്ചിൽ നദി, ഇല്ലിക്കൽ കൊടുമുടി, വാഗമൺ തടാകം, വാഗമൺ വെള്ളച്ചാട്ടം, പൂഞ്ഞാർ കൊട്ടാരം, മാരമല വെള്ളച്ചാട്ടം എന്നിവയാണ് പ്രധാന ആകർഷണം.

ഗവി

പ്രകൃതി സ്നേഹികൾക്ക് ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ അത് പത്തനംതിട്ട ജില്ലയിലെ ഗവിയാണ്. മെയ് & ജൂൺ മാസങ്ങളിൽ സന്ദർശിക്കാൻ പറ്റിയ ഇടമാണ്. പെരിയാർ നാഷണൽ പാർക്ക്, നീർ വീഴ്ച വെള്ളച്ചാട്ടം, ശബരിമല വ്യൂപോയിന്റ്, കൊച്ചുപമ്പ, ഗവി തടാകം എന്നിവയാണ് പ്രധാന കാഴ്ചാകേന്ദ്രങ്ങൾ. ക്യാമ്പിങ്ങിനും ട്രക്കിങ്ങിനും കൊച്ചുപമ്പയിലും ഗവി തടാകത്തിലും ബോട്ടിങ് സൗകര്യമുണ്ട്.

അയ്യമ്പുഴ

പച്ചപ്പും മനോഹരമായ അരുവികളും കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് അയ്യമ്പുഴയിലുളളത്. ട്രക്കിങിനുളള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. എണ്ണപ്പനകളുടെ തോട്ടങ്ങൾ, ചെളികണ്ടം വനം, അതിരപ്പിള്ളി വെള്ളച്ചാട്ടം എന്നിവയാണ് മുഖ്യ ആകർഷണം.

മൂന്നാർ

തേയിലയും കാപ്പിയും കുരുമുളകും ഏലക്കായയും കൊണ്ട് നിറഞ്ഞിരിക്കുന്ന കുന്നിൻ ചെരിവുകളിലൂടെ സഞ്ചാരികൾക്ക് യാത്ര ചെയ്യാം. എക്കോ പോയിന്റ്, ടോപ്പ് സ്റ്റേഷൻ, ഇരവികുളം നാഷണൽ പാർക്ക്, മറയൂർ ഡോൾമെൻസ്, ഫോട്ടോ പോയിന്റ്, ആനമുടി കൊടുമുടി, ആറ്റുകാട് വെള്ളച്ചാട്ടം, നീലക്കുറിഞ്ഞി ദേശീയോദ്യാനം, റോക്ക് ക്ലൈമ്പിങ്, പാരാ ഗ്ലൈഡിങ് എന്നിവയാണ് ഇവിടത്തെ മുഖ്യആകർഷണം.

പൈനാവ്

ഇടുക്കിയിൽ നിന്ന് 5 കിലോമീറ്റർ യാത്ര ചെയ്താൽ പൈനാവിലെത്താം. സമൃദ്ധമായ വനങ്ങളും പച്ചപ്പ് നിറഞ്ഞ കുന്നുകളും അതിശയകരമായ ട്രെക്കിങ് പാതകളും കൊണ്ട് അനുഗ്രഹീതമായ ഇടമാണ് പൈനാവ്. ചെറുതോണി അണക്കെട്ട്, ഇടുക്കി അണക്കെട്ട്, ഇടുക്കി വന്യജീവി സങ്കേതം, കാൽവരി മൗണ്ട് എന്നിവയാണ് ഇവിടെ സഞ്ചാരികളെ മുഖ്യമായും ആകർഷിക്കുന്നത്.

വയനാട്

ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങളുളള ജില്ലയാണ് വയനാട്. കാടും വെള്ളച്ചാട്ടങ്ങളും എസ്റ്റേറ്റുകളും കൊണ്ട് സമ്പന്നമാണ് വയനാട്. മീൻമുട്ടി വെള്ളച്ചാട്ടം, സൂചിപ്പാറ വെള്ളച്ചാട്ടം, കാന്തൻപാറ വെള്ളച്ചാട്ടം, പൂക്കോട് തടാകം, ബാണാസുര അണക്കെട്ട്, കിടങ്ങട ജൈനക്ഷേത്രം, എടക്കൽ ഗുഹകൾ എന്നിവയാണ് മുഖ്യ ആകർഷണം.

ബേക്കൽ

നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ബേക്കൽ കോട്ടയ്ക്ക് 300 വർഷം പഴക്കമുണ്ട്. കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബേക്കൽ മനോഹരമായ കായലുകൾ, കുന്നുകൾ, ക്ഷേത്രങ്ങൾ കൊണ്ട് സമ്പന്നമാണ്. കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി ടിപ്പു സുൽത്താൻ നിർമ്മിച്ച ഒരു മുസ്ലിം പള്ളിയും ഉണ്ട്.