മഴക്കാലം വരുന്നു, മനം കുളിര്‍ക്കുന്ന യാത്രകള്‍ പ്ലാന്‍ ചെയ്യാം

വെബ് ഡെസ്ക്

ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്തിന് ശേഷം മണ്‍സൂണ്‍ വരുന്നു. മനം കുളിര്‍പ്പിക്കുന്ന യാത്രകള്‍ പ്ലാന്‍ ചെയ്യാം. പച്ചപ്പും പ്രകൃതിഭംഗിയും നിറഞ്ഞ നിരവധി ഇടങ്ങള്‍ കേരളത്തിലുണ്ട്.

അതിരപ്പിള്ളി

തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തില്‍ നിന്നും താഴേക്കുപതിക്കുന്ന ഈ വെള്ളച്ചാട്ടം നിരവധി ഹിറ്റ് സിനിമകളുടെ ലൊക്കേഷന്‍ കുടിയാണ്. വനത്താല്‍ ചുറ്റപ്പെട്ടതുകൂടിയാണ് ഈ പ്രദേശം. അതിരപ്പിള്ളിയ്ക്ക് സമീപം ചാര്‍പ്പ വെള്ളച്ചാട്ടം, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്നു.

തേക്കടി

മഴയുടെയും കാടിന്‌റെയും ഭംഗി ആവോളം ആസ്വദിക്കാന്‍ പറ്റിയ ഒരിടമാണ് തേക്കടി. ഇടുക്കി ജില്ലയിലെ പെരിയാര്‍ വന്യജീവി സങ്കേതവും പെരിയാര്‍ തടാകവും, ട്രക്കിങ് സൗകര്യങ്ങളും മഴക്കാലയാത്രയെ മികച്ച അനുഭവമാക്കി മാറ്റും.

നെല്ലിയാമ്പതി

വര്‍ഷം മുഴുവനും സുന്ദരമായ കാലാവസ്ഥയുള്ള നെല്ലിയാമ്പതിയിലെ മഴക്കാലം ഏറെ മനോഹരമാണ്. പാവപ്പെട്ടവരുടെ ഊട്ടി എന്ന് വിളിക്കുന്ന നെല്ലിയാമ്പതി പാലക്കാട് നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

വയനാട്

കുളിരും കോടമഞ്ഞും, ഒപ്പം മഴയും മനോഹരമാക്കുന്ന നാട്, അതാണ് വയനാട്. മലനിരകളും പച്ചപ്പുമാണ് മണ്‍സൂണിലെ വയനാടിന്റെ ഭംഗി കൂട്ടുന്നത്. വയനാടിന്റെ ഒരോ ഇടങ്ങളും സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്നതാണ്. എന്നാല്‍ അപകടസാധ്യതയും എറെ നിലനില്‍ക്കുന്ന പ്രദേശമാണിത്.

ബേക്കല്‍ കോട്ട

റൊമാന്റിക് മുഖമുമുള്ള ചെങ്കല്‍ കോട്ട. കാസര്‍ഗോഡ് അറബിക്കടലിന്റെ തീരത്ത് 35 ഏക്കറില്‍ പരന്നു കിടക്കുന്ന ബേക്കല്‍ കോട്ട മഴക്കാലത്ത് ഏറെ സുന്ദരമാകും. കടല്‍ കാറ്റില്‍ ചെരിഞ്ഞു വീഴുന്ന മഴത്തുള്ളികള്‍ യാത്രക്കാരില്‍ അനുഭൂതികള്‍ സൃഷ്ടിക്കും.

പൊന്‍മുടി

തിരുവനന്തപുരത്ത് നിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെ മലമ്പ്രദേശമായ പൊന്മുടിയിലേക്കുള്ള റോഡു യാത്ര ഏതു സമയത്തും ഉല്ലാസകരമാണ്. കാടിന്റെ ശാന്തതയും നീങ്ങിയാല്‍ കാട്ടുപൂക്കളും, ചിത്രശലഭങ്ങളും സന്ദര്‍ശകര്‍ക്കു കാഴ്ച്ചയാകും. വൈകിട്ടാവുമ്പോഴേക്കും മൂടല്‍മഞ്ഞു പരക്കുന്ന പൊന്മുടിയില്‍ താമസത്തിനും സൗകര്യങ്ങളുണ്ട്.