വെബ് ഡെസ്ക്
ദീപാവലി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മൾ. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും മധുരപലഹാരങ്ങൾ കൈമാറിയും വലിയ രീതിയിലാണ് ദീപാവലി ആഘോഷിക്കാറുള്ളത്.
പലയിടങ്ങളിലും പല തരത്തിലാണ് ഈ ആഘോഷം എന്നതും ശ്രദ്ധേയമാണ്. രാജ്യങ്ങളുടെ ചില ഭാഗങ്ങളിൽ വളരെ വിപുലവും വ്യത്യസ്‍തവുമായ ആഘോഷങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നതും ഒരു വേറിട്ട അനുഭൂതി തന്നെയായി മാറും.
ഈ ദീപാവലിക്ക് നിങ്ങൾക്ക് സന്ദർശിക്കാവുന്ന ചില സ്ഥലങ്ങൾ ഇതാ
വരാണസി : പുണ്യ നദിയായ ഗംഗയെ തേടി വരുന്ന സന്ദർശകർ, പരമ്പരാഗത വസ്ത്രങ്ങൾ മുതൽ മധുരപലഹാരങ്ങൾ വരെ വിൽക്കുന്ന തിരക്കേറിയ ചന്തകൾ, നദിക്കരയിൽ മത വിശ്വാസപ്രകാരമുള്ള ആചാരങ്ങളുടെയും മന്ത്രോച്ചാരണങ്ങളുടെയും പശ്ചാത്തലത്തിൽ വരാണസിയുടെ ഭംഗി ആസ്വദിക്കാൻ സൂര്യാസ്തമയ സമയത്തെ ബോട്ട് സവാരി, ഇങ്ങനെ സമൃദ്ധമാണ് വരാണാസിയിലെ ദീപാവലി ആഘോഷങ്ങൾ
ജയ്‌പൂർ : ജയ്പൂരിലെ ധന്തേരസിൽ നടക്കുന്ന ഗംഭീരമായ ദീപാവലി ആഘോഷങ്ങളിൽ തീർച്ചയായും പങ്കെടുക്കേണ്ടതാണ്. നഹർഗഡ് കോട്ടയും മറ്റ് പ്രശസ്തമായ സ്മാരകങ്ങളും നഗരത്തിലെ വിളക്കുകളും മനോഹരമായ കാഴ്ചകളാവും. നഗരത്തിലെ ദീപാവലി ചന്തകൾ യാത്രക്ക് മാറ്റ് കൂട്ടും.
ഗോവ : അൽപ്പം ആശ്ചര്യം തോന്നുമെങ്കിലും ഗോവ ഒരു അടിപൊളി ദീപാവലി ഡെസ്റ്റിനേഷൻ ആണ്. മറ്റെല്ലായിടങ്ങളിലും എന്ന പോലെ മനോഹരമായി അലങ്കരിച്ചിട്ടുള്ള വിളക്കുകളാണ് മുഖ്യ ആകർഷണം. പ്രദേശവാസികൾ ഇവിടെ പടക്കങ്ങളും പുല്ലും ഉപയോഗിച്ച് വലിയ നരകാസുര പ്രതിമകൾ ഉണ്ടാക്കുകയും പിറ്റേന്ന് അതിരാവിലെ അത് കത്തിക്കുകയും ചെയ്യുന്നു.
കൊൽക്കത്ത : കൊൽക്കത്ത നഗരത്തിലെ പ്രശസ്തമായ കാളി പൂജയാണ് ഏറ്റവും ഹൈലൈറ്റ് ആയി പറയാനുള്ളത്. നൂറുകണക്കിന് ഭക്തർ കാളിയെ ആരാധിക്കുന്ന കാളിഘട്ട് ക്ഷേത്രം അല്ലെങ്കിൽ ദക്ഷിണേശ്വര് ക്ഷേത്രം പോലെയുള്ള നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മതപരമായ ക്ഷേത്രങ്ങൾ സന്ദർശിക്കാം.
മൈസൂർ : ദക്ഷിണേന്ത്യയിൽ മൈസൂർ ആണ് ദീപാവലി ആഘോഷിക്കാൻ മികച്ച തിരഞ്ഞെടുപ്പ്. ദീപാവലി കാലത്ത് വിളക്കുകളാൽ അലങ്കരിച്ച യുനെസ്കോയുടെ ലോക പൈതൃക സ്ഥലവുമായ മൈസൂർ കൊട്ടാരം ആണ് നഗരത്തിലെ പ്രധാന ആകർഷണം. ഒരൂ വര്ഷം ആയിരകണക്കിന് ആളുകളാണ് ഇത് സന്ദർശിക്കാനായി എത്തുക.