ലോകത്തിലെ ഭയപ്പെടുത്തുന്ന ദ്വീപുകള്‍; ചരിത്രവും വിശ്വാസവും

വെബ് ഡെസ്ക്

മരണത്തിന്റെ പ്രതീകം പോവ്ഗ്ലിയ

ലോകത്തിലെ തന്നെ ഏറ്റവും ഭയാനകമെന്ന് അറിയപ്പെടുന്ന ദ്വീപാണ് വടക്കൻ ഇറ്റലിയിലെ വെനീഷ്യൻ ലഗൂണില്‍ വെനീസിനും ലിഡോയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന പോവ്ഗ്ലിയ. 19-ാം നൂറ്റാണ്ടില്‍ പ്ലേ​ഗ് ഉൾപ്പെടെയുള്ള മാറാരോഗം ബാധിച്ചവരെ പാർപ്പിക്കാൻ ഉപയോഗിച്ചിരുന്ന ദ്വീപ്. മരണത്തിന്റെ പ്രതീകമാണെന്നാണ് വിശ്വാസം

പാവകളുടെ ദ്വീപ്

മരത്തിലും വീടിന്റെ ചുവരുകളും ഉൾപ്പെടെ നോക്കുന്നിടത്തെല്ലാം പാവകൾ ഉള്ള ഒരു ദ്വീപാണ് ചൈനാംപാസ്. മെക്സിക്കോ നഗരത്തില്‍ നിന്നും അല്‍പ്പം മാറി സോഷിനിക്കോയ്ക്ക് അടുത്താണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. മഴയും വെയിലുമേറ്റ് നിറം നഷ്ടപ്പെട്ട, കൈ കാലുകളും കണ്ണുകളും തലയുമെല്ലാം തകര്‍ന്ന് തൂങ്ങിക്കിടക്കുന്ന പാവകള്‍ എങ്ങും ദുരൂഹതയുണ്ടാക്കും

അല്‍കാത്രാസ് ദ്വീപ്

പതിറ്റാണ്ടുകൾക്ക് മുൻപ് കൊടും കുറ്റവാളികളെ പാർപ്പിക്കാനായി ഉപയോഗിച്ചിരുന്ന ജയിലുകളുടെ പേരിലാണ് അല്‍കാത്രാസ് ദ്വീപ് അറിയപ്പെട്ടിരുന്നത്. ഇവിടെ തടവുകാരെ മൃഗീയമായി ആക്രമിച്ചിരുന്നു. തടവറകളില്‍ നിന്ന് അസ്വാഭാവിക ശബ്ദങ്ങളും നിലവിളികളും ഉയർന്നിരുന്നുവെന്നാണ് കഥകൾ

നോർഫോക്

പസഫിക് സമുദ്രത്തിൽ ഓസ്ട്രേലിയയ്ക്കും ന്യൂസിലൻഡിനും ന്യൂ കാലഡോണിയയ്ക്കും മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപ്. 1855 വരെ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ ബ്രിട്ടീഷുകാർ ഇവിടെയാണ് പാർപ്പിച്ചിരുന്നത്. ഏറെ ദുരൂഹ മരണങ്ങൾ ഉണ്ടായിട്ടുള്ള ഈ ദ്വീപ് 'ഭൂമിയിലെ നരകം' എന്നറിയപ്പെടുന്നു

ഐസോളാ ലേ ഗയോള, ഇറ്റലി

ഏറെ നിഗൂഡതകള്‍ മറഞ്ഞിരിക്കുന്ന ഒരു ദ്വീപാണ് ഇറ്റലിയിലെ ഐസോളാ ലേ ഗയോള. ഈ ദ്വീപ് വിലയ്ക്ക് വാങ്ങിയ ആരും തന്നെ അധികനാള്‍ ജീവിച്ചിരുന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍

കൊറെഗിഡോർ ദ്വീപ്

ലോകത്തില്‍ ഏറ്റവും ആത്മഹത്യകള്‍ നടന്നതായി കണക്കാക്കുന്ന ദ്വീപാണ് ഫിലിപ്പൈന്‍സിലെ കൊറെഗിഡോർ. പിടിക്കപ്പെടുമെന്ന ഭയത്താൽ നൂറ്റാണ്ടുകൾക്ക് മുൻപ് ജപ്പാനിലെ 3000 പട്ടാളക്കാർ കൂട്ടത്തോടെ ആത്മഹത്യ ചെയ്തത് ഇവിടെയാണെന്നാണ് ചരിത്രം

ഒകിനാവ ദ്വീപ്

രണ്ടാം ലോകമഹായുദ്ധ കാലത്ത് 82 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ഒകിനാവയിൽ എണ്ണിയാൽ ഒടുങ്ങാത്തത്രയും ജനങ്ങൾ മരിച്ചുവീണതായി പറയപ്പെടുന്നു. അതിനുശേഷം ഇവിടെ നടക്കുന്ന അസ്വാഭാവിക സംഭവങ്ങൾക്ക് കാരണവും ഈ മരണങ്ങളാണെന്നാണ് വിശ്വാസം

ഐൽ ഓഫ് വൈറ്റ്

ബ്രിട്ടനിലെ ഏറ്റവും പേടിപ്പെടുത്തന്ന ദ്വീപായാണ് ഐൽ ഓഫ് വൈറ്റ് അറിയപ്പെടുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ക്ഷയ രോഗ ബാധിതരെ ഇവിടെയാണ് പാർപ്പിച്ചിരുന്നത്. ദ്വീപില്‍ കിടന്ന് മരിച്ചവരുടെ ആത്മാവ് അവിടം വിട്ട് പോയിട്ടില്ലെന്നാണ് കഥകളും വിശ്വാസങ്ങളും