വെബ് ഡെസ്ക്
യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ പലപ്പോഴും നമുക്ക് വെല്ലുവിളിയാകുന്നത് ബഡ്‌ജറ്റ് ആണ്. സീസണിൽ ആണ് യാത്രയെങ്കിൽ പിന്നെ പറയുകയും വേണ്ട.
കൃത്യമായ പ്ലാനിങ്ങോടെ പോയാൽ നമുക്ക് ബഡ്‌ജറ്റ് കുറക്കാൻ സാധിക്കും. ജീവിതച്ചിലവ് കൂടുതലുള്ള രാജ്യങ്ങളെക്കാളും കുറവുള്ള രാജ്യങ്ങൾ സന്ദർശിക്കാനും ശ്രമിക്കാം.
ഇന്റർനാഷണൽ യാത്രകൾക്കൊരുങ്ങുകയാണെങ്കിൽ തിരഞ്ഞെടുക്കാവുന്ന ചില ബഡ്ജറ്റ് ഫ്രണ്ട്‌ലി ലൊക്കേഷനുകൾ ഇതാ
വിയറ്റ്‌നാം : അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും രുചികരമായ പ്രാദേശിക വിഭവങ്ങളും സാഹസിക വിനോദാനുഭവങ്ങളുമെല്ലാമുള്ള രാജ്യമാണ് വിയറ്റ്‌നാം. തെക്ക് ഹോ ചി മിൻ, വടക്ക് തലസ്ഥാനമായ ഹനോയ്, മധ്യഭാഗത്തുള്ള ഡാ നാങ് തുടങ്ങി നിരവധി വിനോദസഞ്ചാര മേഖലകൾ വിയറ്റ്നാമിൽ നമ്മെ കാത്തിരിക്കുന്നു.
കംബോഡിയ : സഞ്ചാരികൾ പോകാൻ കൊതിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് കംബോഡിയ. ലോക പ്രശസ്തമായ അങ്കോർവാത് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടമുള്ള അങ്കോർവാത് ക്ഷേത്രത്തിലാണ് കംബോഡിയയിൽ ഏറ്റവും കൂടുതൽ സഞ്ചാരി എത്തുന്നത്.
ശ്രീലങ്ക : ശ്രീലങ്കയിൽ എത്തുന്ന വിദേശസഞ്ചാരികളിൽ ഏറ്റവും കൂടുതൽ പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. കേരളത്തിന് ഏറ്റവും അടുത്ത വിദേശരാജ്യം ആണിത്. അധികം പണച്ചിലവില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന മികച്ച സ്ഥലങ്ങളിൽ ഒന്നാണ് ലങ്ക.
മലേഷ്യ : ലോകസഞ്ചാരികളുടെ പറുദീസയാണ് മലേഷ്യ. ലങ്കാവി, പെന്റായി, ഹോപിങ് ദ്വീപ്, സ്കൈ കാബ്, ക്വാലാലംപുർ, ജെന്റിംഗ് ഹൈലാൻഡ്, പെട്രോണാസ് ടവർ തുടങ്ങിയവയാണ് പ്രധാന ആകർഷകങ്ങൾ.
ബാലി : പ്രകൃതി ആസ്വദിക്കാനോ , സാഹസിക യാത്രക്കോ.. എന്ത് തരാം യാത്രയായാലും ബാലി നിങ്ങൾക്കൊരു മികച്ച തിരഞ്ഞെടുപ്പാണ്. ഇന്തൊനീഷ്യയിലെ 17,000 ദ്വീപുകളില്‍ ഒന്നാണ് ബാലി. ശാന്തമനോഹരമായ കടലോരങ്ങളും വിശാലമായ നെല്‍പാടങ്ങളും അഗ്നിപര്‍വ്വതങ്ങളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും, അങ്ങനെ നീണ്ടു പോകുന്നു ബാലിയുടെ മനോഹാരിത.