ആർക്കും പ്രവേശിക്കാൻ പറ്റാത്ത ലോകത്തെ ചില സ്ഥലങ്ങൾ

വെബ് ഡെസ്ക്

ലോകത്ത് മറഞ്ഞിരിക്കുന്ന ചില സ്ഥലങ്ങൾ കണ്ടുവന്നാലോ. ലോകം മുഴുവൻ ചുറ്റിക്കണ്ടുവെന്ന് അവകാശപ്പെടുന്നവർ പോലും ഈ ഇടങ്ങളിൽ പോയിട്ടുണ്ടാകില്ല. ചിലപ്പോൾ നിഗൂഢമോ അപകടകാരമോ ആയ സ്ഥലങ്ങൾ ആയതുകൊണ്ടാവാം ആർക്കും എത്തിപ്പെടാൻ പറ്റാത്തത്. അല്ലെങ്കിൽ ചില പ്രത്യേക വ്യക്തികൾക്ക് മാത്രം പ്രവേശനമുള്ള സംരക്ഷിത ഇടങ്ങളാവാം .

ഏരിയ 51

നെവാഡയിലെ ലാസ് വെഗാസിൽനിന്ന് 83 മൈൽ അകലയാണ് ഏരിയ 51 സ്ഥിതിചെയ്യുന്നത്. യുഎസ് മിലിട്ടറിയുടെ അധീനതയിലുള്ള പ്രദേശമാണിത്. വിമാനങ്ങളും ആയുധങ്ങളും ഗവേഷണം ചെയ്ത് വികസിപ്പിക്കാനും അവയുടെ പരീക്ഷങ്ങൾക്കും വേണ്ടിയാണ് ഈ സ്ഥലം പ്രധാനമായും ഉപയോഗിച്ച് വരുന്നത്. പുറത്തുനിന്നുള്ളവർക്ക് ഇവിടേക്ക് പ്രവേശനമില്ല.

സ്വാൾബാർഡ് ആഗോളവിത്ത് സംരക്ഷണ നിലവറ

സയൻസ് ഫിക്ഷന്റെ അടിസ്ഥാനത്തിൽ നിർമ്മിച്ച നിലവറയാണിത്. ലോകമെമ്പാടുമുള്ള ഓരോ തരം സസ്യങ്ങളുടെയും ആയിരക്കണക്കിന് വിത്തുകളുടെ ശേഖരമാണ് ഈ നിലവറ. ഭാവിയിൽ കടുത്ത പ്രതിസന്ധിയോ പ്രകൃതി ദുന്തരമോ ഉണ്ടായാൽ ഈ വിത്തുകൾ ഉപയോഗിച്ച് ഭക്ഷ്യസമ്പത്ത് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. നോർവെയിലെ സ്വാൾബാർഡ് ദ്വീപ് സമൂഹത്തിൽപ്പെട്ട സ്പിറ്റ്സ്ബെർഗൻ ദ്വീപിലാണ് നിലവറ സ്ഥിതിചെയ്യുന്നത്. സംരക്ഷിത കേന്ദ്രമായതിനാലാണ് സാധാരണക്കാർക്ക് പ്രവേശനാനുമതി നൽകാത്തത്.

മെഷ്ഗോറി

റഷ്യയിലെ റിപ്പബ്ലിക് ഓഫ് ബാഷ്കോർട്ടോസ്താനിൽ സ്ഥിതി ചെയ്യുന്ന ഒരു അടഞ്ഞ പട്ടണമാണ് മെഷ്ഗോറി. ഈ പ്രദേശത്ത് താമസിക്കുന്നവർ യമന്താവ് പർവതം കേന്ദ്രീകരിച്ച് നടക്കുന്ന രഹസ്യനീക്കങ്ങളിൽ ഭാഗമാകാറുണ്ടെന്നാണ് പ്രചാരണം. ഈ സ്ഥലം കേന്ദ്രീകരിച്ച് നടക്കുന്ന കാര്യങ്ങൾ നിഗൂഢമായതിനാൽ ആർക്കും പ്രവേശനാനുമതിയില്ല.

നോർത്ത് സെന്റിനൽ ദ്വീപ്

ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ആൻഡമാനിലെ നോർത്ത് സെന്റിനൽ ദ്വീപ്. ലോകത്തിലെ ഏറ്റവും അപകടകാരികളെന്ന് വിശ്വസിക്കുന്ന സെന്റിനലീസ് ഗോത്രവിഭാഗം ഇവിടെയാണ് അധിവസിക്കുന്നത്. നൂറ്റാണ്ടുകളായി പുറം ലോകവുമായി ബന്ധമില്ലാതെ താമസിക്കുന്ന ഇക്കൂട്ടർ പുറത്തുനിന്ന് ആരെങ്കിലും കടക്കാൻ ശ്രമിച്ചാൽ കൊലപ്പെടുത്തും. അതിനാൽ ലോകത്തിലെ ഏറ്റവും അപകടകമായ സ്ഥലങ്ങളുടെ പട്ടികയിലാണ് ഈ ഇടം.

സ്നേക്ക് ഐലൻഡ്

ലോകത്തെ ഏറ്റവും വിഷമുള്ള അണലികളുടെ ആവാസകേന്ദ്രമാണ് സ്നേക്ക് ഐലൻഡ്. 10 ഏക്കറുള്ള ഈ ദ്വീപിൽ നാലായിരത്തിലധികം പാമ്പുകൾ വസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതായത് ഓരോ ആറ് ചതുരശ്ര മീറ്ററിലും ഒരു പാമ്പിനെ കാണാൻ കഴിയും. ഏറ്റവും അപകടകരമായ സ്ഥലമായതിനാലാണ് ദ്വീപിലേക്കുള്ള പ്രവേശനാനുമതി നിഷേധിക്കുന്നത്.

വത്തിക്കാൻ രഹസ്യ മുറികൾ

ലോകപ്രസിദ്ധമായ വത്തിക്കാൻ നഗരത്തിലെ രഹസ്യമുറികളിൽ പ്രവേശിക്കുന്നത് എളുപ്പമല്ല. യേശുക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട ചില അപൂർവ്വഗ്രന്ഥങ്ങൾ ഈ മുറികളിൽ സൂക്ഷിക്കുകയാണെന്നാണ് പ്രചാരണം. അതിനാൽ, ഈ മുറിയിലേക്ക് ചില വ്യക്തികൾക്കല്ലാതെ മറ്റാർക്കും പ്രവേശിക്കാൻ അനുവാദമില്ല.

റൂം 39, ഉത്തര കൊറിയ

ഉത്തര കൊറിയയിൽ കടക്കുകയെന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. അതിനേക്കാൾ കഷ്ടപ്പാടാണ് രാജ്യത്തെ റൂം 39ലേക്ക് കടക്കാൻ ശ്രമിക്കുന്നത്. ഈ മുറികളിൽ കിം ജോങ് ഉന്നിനെ അധികാരത്തിൽ തുടരാൻ സഹായിക്കുന്ന നയതന്ത്ര ഇടപാടുകൾ നടക്കുന്നുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ ഈ മുറികളിലേക്ക് ആർക്കും പ്രവേശനാനുമതിയില്ല.