വെബ് ഡെസ്ക്
നനഞ്ഞ മുടി വേഗത്തിൽ ഉണക്കാൻ പലരും തിരഞ്ഞെടുക്കുന്ന മാർഗങ്ങളിൽ ഒന്നാണ് ഹെയര്‍ ഡ്രയർ. എളുപ്പത്തില്‍ മുടി ഉണക്കാന്‍ കഴിയുമെന്ന് മാത്രമല്ല മുടിക്ക് തിളക്കവും മൃതുത്വവും ലഭിക്കും. എന്നാല്‍ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഇത് നിങ്ങളുടെ മുടി കേടുവരുത്തും.
മുടി നനഞ്ഞിരിക്കുമ്പോൾ ഒരിക്കലും ഹെയർ ഡ്രയർ ഉപയോഗിക്കരുത്. മുടി പൊട്ടാനും പരുക്കനാക്കാനും ഇത് ഇടയാക്കുന്നു. ആദ്യം മുടി അൽപം ഉണക്കുക, തുടർന്ന് ബ്ലോ ഡ്രൈ ചെയ്യാവുന്നതാണ്.
ഒരിക്കലും മുടി ഒറ്റയടിക്ക് ഉണക്കാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്യുമ്പോൾ, നനഞ്ഞ ഇഴകളിൽ നിന്ന് സമീപത്തുള്ള ഉണങ്ങിയ ഇഴകളിലേക്ക് ഈർപ്പം പടരാൻ കാരണമാകും. അതിനാൽ മുടി പല ഭാഗങ്ങളായി തിരിച്ചു വേണം ഉണക്കാൻ.
മുടി വേഗത്തിൽ ഉണങ്ങാൻ വേണ്ടി തലമുടിയിൽ ടവ്വൽ ഉപയോഗിച്ച് ശക്തമായി ഉരയ്ക്കുന്നത് തെറ്റാണ്. കൂടാതെ പരുപരുത്ത ടവ്വലുകൾ ഉപയോഗിക്കുന്നതും നനഞ്ഞ മുടിയെ കൂടുതൽ ദുർബലമാക്കും. മൈക്രോ ഫൈബർ ടവലുകൾ ഉപയോഗിച്ച് പതിയെ ഉണക്കിയെടുക്കാൻ ശ്രദ്ധിക്കുക.
മുടി ഒരിക്കലും അമിതമായി ഉണക്കരുത്. അല്പമെങ്കിലും ഈർപ്പത്തോട് കൂടിയ മുടി ആരോഗ്യത്തോടെ ഇരിക്കാനും പൊട്ടി പോകുന്നത് തടയാനും സഹായിക്കുന്നു.
ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുമ്പോള്‍ മുടിയുമായി അകലം പാലിക്കണം. തിരക്കിട്ട് മുടി ഉണക്കുന്ന സമയം മിക്കവരും ബ്ലോ ഡ്രയർ അലക്ഷ്യമായി ഉപയോഗിക്കും. ചൂടേറ്റ് മുടി വേരോടെ പൊഴിഞ്ഞുപോകാൻ ഇത് കാരണമാകുന്നു.
ദിവസത്തിൽ പല തവണ ഹെയർ ഡ്രയർ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഹെയർ ഡ്രയറിന്റെ അമിതമായ ചൂട് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല.
മുടി ആരോഗ്യകരമായി നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ മുടിയിൽ ചൂടുള്ള ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക.