വെബ് ഡെസ്ക്
ചർമത്തിന് മോയിസ്ചറൈസർ പോലെയാണ് ചുണ്ടിന് ലിപ് ബാം. ചുണ്ടുകള്‍ വരളുന്നതും പൊട്ടുന്നതും ചെറുക്കാനും നിറവ്യത്യാസം ഇല്ലാതാക്കാനും ലിപ് ബാം ഉപയോഗിക്കുന്നത് നല്ലതാണ്.
ചുണ്ടുകള്‍ എക്സ്ഫോളിയേറ്റ് ചെയ്തശേഷം ലിപ് ബാം പുരട്ടുന്നത് ചുണ്ടുകളെ മൃദുലമാക്കാൻ സഹായിക്കും. ഏറെ ഗുണങ്ങളുള്ള ലിപ് ബാം രാസവസ്തുക്കളില്ലാതെ വീട്ടിൽ തന്നെയുണ്ടാക്കാം.
ബീറ്റ്റൂട്ട് ലിപ് ബാം
ചുണ്ടുകള്‍ക്ക് മികച്ച ബ്ലീച്ചിങ് ഇഫക്ട് നല്‍കാനും ജലാംശം നിലനിർത്താനും സഹായിക്കുന്നതാണ് ബീറ്റ്റൂട്ട് ലിപ് ബാം. രണ്ട് കഷ്ണം ബീറ്റ്റൂട്ട് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കാം. ശേഷം, അര ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ഒരു ടേബിള്‍സ്പൂണ്‍ വാസലീനും രണ്ട് വൈറ്റമിന്‍ ഇ കാപ്സ്യൂളും ചേർത്ത് യോജിപ്പിച്ചാല്‍ ബീറ്റ്റൂട്ട് ലിപ് ബാം റെഡി.
റോസ് ലിപ് ബാം
പൊടിച്ചെടുത്ത റോസാപ്പൂ ഇതളിലേക്ക് അല്പം ബീറ്റ്റൂട്ട് പേസ്റ്റ് ചേർക്കാം. ആവശ്യമുള്ളപ്പോള്‍ രണ്ട് തുള്ളി പാലും നാല് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും അല്പം ഷിയാബട്ടറും രണ്ട് തുള്ളി റോസ് എസന്‍ഷ്യല്‍ ഓയിലും ചേർത്ത് ഉപയോഗിക്കാം.
ബദാം ലിപ് ബാം
ബദാം കുതിർത്ത് അരച്ചെടുത്ത ശേഷം ചെറിയ ടിന്നില്‍ സൂക്ഷിക്കാം. ഇതിലേക്ക് പാല്‍ ചേർത്ത് ചുണ്ടില്‍ പുരട്ടാവുന്നതാണ്. ഇത് ചുണ്ടിലെ നിർജ്ജീവ കോശങ്ങള്‍ ഇല്ലാതാക്കാനും വൈറ്റമിന്‍ ഇ, ചുണ്ടിലെ കറുപ്പ് നിറം അകറ്റാനും സഹായിക്കും
ഓറഞ്ച് ലിപ് ബാം
ഒരു പാനിൽ അല്പം വെള്ളമെടുത്ത് ചൂടാക്കാം. ഇതിന് മുകളിൽ ഷിയാ ബട്ടർ ഉരുകാൻ വയ്ക്കാം. കുറച്ച് വെളിച്ചെണ്ണ ചേർത്ത് ഇളക്കി യോജിപ്പിക്കണം. ഇതിലേക്ക് തണുത്തശേഷം ഓറഞ്ച് എസൻഷ്യൽ ഓയിൽ ചേർക്കാം. ഒന്നുകൂടി ഉരുക്കിയ ശേഷം ഒരു കണ്ടെയ്നറിലേക്ക് മാറ്റാം.
കൊക്കോ ബട്ടർ ലിപ് ബാം
ഒരു ചെറിയ കണ്ടെയ്നറിൽ അല്പം ബീ വാക്സ് എടുത്ത് ഉരുക്കാം. ഇതിലേക്ക് ഷിയാ ബട്ടറും വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിച്ചെടുക്കണം. ഇഷ്ടമുള്ള എസന്‍ഷ്യല്‍ ഓയില്‍ ചേർത്ത് യോജിപ്പിച്ച് ഒരു പാത്രത്തിലേക്ക് മാറ്റാം. അര മണിക്കൂറിന് ശേഷം ഉപയോഗിക്കാം.
മുന്തിരി ലിപ് ബാം
ഒരു പാനിൽ ഷിയാ ബട്ടർ, വെളിച്ചെണ്ണ, ആവണക്കെണ്ണ എന്നിവ ചേർത്ത് ഉരുക്കിയെടുക്കണം. അതിലേക്ക് ഗ്രേപ്പ് എസൻഷ്യൽ ഓയിൽ ചേർത്ത് മിക്സ് ചെയ്തെടുക്കാം. മുന്തിരി ലിപ് ബാം റെഡി.