മുഖത്തെ കരുവാളിപ്പ് മാറ്റാൻ ഇതാ ചില നുറുങ്ങ് വിദ്യകൾ

വെബ് ഡെസ്ക്

മിക്ക ആളുകളും നേരിടുന്ന ഒരു സൗന്ദര്യപ്രശ്‌നമാണ് മുഖത്തെ കരുവാളിപ്പ്. പ്രത്യേകിച്ച് വേനൽകാലത്ത്. സെന്‍സിറ്റീവായ ചര്‍മമമെങ്കില്‍ ഇതിനുളള സാധ്യത ഏറെ കൂടുതലുമാണ്. അതുകൊണ്ട് തന്നെ വേനൽക്കാലത്ത് ചർമസംരക്ഷണം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ചർമത്തിലെ പ്രശ്‌നങ്ങൾക്ക് പല ലോഷനുകളും ക്രീമുകളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിന് ധാരാളം പ്രകൃതിദത്തമായ വഴികൾ തന്നെയുണ്ട്.

പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ തന്നെ പരീക്ഷിച്ച് നോക്കാൻ പറ്റുന്ന ചില പൊടിക്കൈകൾ ഉണ്ട്. യാതൊരു കെമിക്കലുകളും അടങ്ങിയിട്ടില്ലാത്തതിനാൽ ധൈര്യമായി ഇവ നമുക്ക് ഉപയോഗിക്കാം.

തക്കാളി മാസ്ക്

തക്കാളിയില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് സ്വാഭാവിക തിളക്കം നല്‍കുകയും കറുത്ത പാടുകള്‍ ഇല്ലാതാക്കുകയും സൂര്യതാപത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുകയും ചെയ്യും. കരുവാളിപ്പുള്ള ഭാഗങ്ങളിൽ നനഞ്ഞ ടവ്വൽ ഉപയോഗിച്ച് തുടച്ച ശേഷം തക്കാളി പൾപ്പ് പുരട്ടുക. ശേഷം 15-20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

നാരങ്ങാ നീരും തേനും

നാരങ്ങാ നീര് ഒരു പ്രകൃതിദത്ത ബ്ലീച്ചാണ്. തേൻ മികച്ച ഒരു മോയ്സചറൈസറും. അതിനാൽ നാരങ്ങാ നീരും തേനും ചേർന്ന മിശ്രിതം മുഖത്തും കരുവാളിപ്പേറ്റ ഭാഗത്തും പുരട്ടുന്നത് വഴി ചർമ്മത്തിന് നിറം വയ്ക്കാനും തിളക്കം വർധിക്കാനും ഇടയാകുന്നു. നാരങ്ങാനീരും തേനും തുല്യ അളവില്‍ എടുക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

കറ്റാർ വാഴ

കറ്റാർ വാഴയുടെ പല ഗുണങ്ങളും നമുക്കെല്ലാം സുപരിചിതമാണ്. കറ്റാർ വാഴയുടെ പൾപ്പ് ശരീരത്തിൽ വെറുതെ പുരട്ടുന്നത് പോലും ചർമത്തിന് നല്ലതാണ്. എന്നാൽ ചിലർക്ക് കറ്റാർവാഴ അലർജിയുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ മുഖത്തു പുരട്ടുന്നതിന് മുൻപേ കൈകളിൽ എവിടെയെങ്കിലും പുരട്ടി അൽപസമയം നോക്കുന്നത് നന്നായിരിക്കും. ഇത്തരത്തിൽ കരുവാളിപ്പേറ്റ ഭാഗത്ത് കറ്റാർവാഴ പുരട്ടുക. ഉണങ്ങിയ ശേഷം കറ്റാർവാഴ കഴുകി കളയണമെന്നില്ല. കരുവാളിപ്പ് മാറ്റാൻ മാത്രമല്ല ചർമം മൃദുവാകാനും കറ്റാർവാഴ മികച്ചതാണ്.

ചെറുപയർ പൊടിയും പാലും

ശരീരത്തിന് തണുപ്പ് നൽകാനും ചർമത്തെ മൃദുവാക്കാനും പയർപൊടി മികച്ചതാണ്. കരുവാളിപ്പ് മാറാനും ഇതത്യുത്തമമാണ്. ശുദ്ധമായ പാലിൽ അല്പം പയർപൊടി കലർത്തി മുഖത്തും ശരീരത്തിലും പുരട്ടുന്നത് നിറം വർധിപ്പിക്കാനും ചർമം മൃദുവും തണുപ്പുമുള്ളതാക്കി മാറ്റാനും സഹായിക്കുന്നു. സോപ്പിന് പകരം പയർ പൊടി മാത്രം തേച്ച് കുളിക്കുന്നതും നല്ലതാണ്.

ഓട്‌സ്, ബട്ടർ മിൽക്ക് മാസ്‌ക്

നിറം മങ്ങിയ ചർമത്തെ തിളക്കമുള്ളതാക്കി മാറ്റാൻ ഓട്‌സ്, ബട്ടർ മിൽക്ക് മാസ്‌ക് ഏറെ സഹായിക്കും. ബട്ടർ മിൽക്ക് ഓട്സിൽ മുക്കി 5-10 മിനിറ്റ് സമയം വച്ച ശേഷം മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. കഴുകുന്ന സമയം സ്‌ക്രബ് ചെയ്യാൻ മറക്കരുത്.

cityspidey

തൈര്

ചർമ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് തൈര്. പുളി കുറഞ്ഞ ശുദ്ധമായ തൈരാണ് ചർമത്തിന് നല്ലത്. മുഖത്തെയും ശരീരഭാഗങ്ങളിലെയും കരുവാളിപ്പ് മാറ്റാനും ചർമത്തെ മൃദുവാക്കാനും തൈരിന് കഴിയും. തൈര് പുരട്ടി ഉണങ്ങി ഒരു 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.