വെബ് ഡെസ്ക്
ശൈത്യകാലത്ത്, നമ്മുടെ ചർമ്മത്തിന് അധിക പരിചരണം അത്യാവശ്യമാണ്. കുറഞ്ഞ ഈർപ്പവും വളരെ കുറഞ്ഞ താപനിലയും നമ്മുടെ ചർമ്മത്തെ സാധാരണയേക്കാൾ കൂടുതൽ സെൻസിറ്റീവ് ആക്കും. അതിനാൽ ഇക്കാലത്ത് പലർക്കും പല തരത്തിലുള്ള അലർജികൾ വന്ന് തുടങ്ങും.
തണുപ്പിൽ നിന്ന് രക്ഷ നേടാൻ ചൂടുള്ള വെള്ളം കൊണ്ട് കുളിക്കുന്നത് വരണ്ട ചർമ്മം, എക്സിമ, സോറിയാസിസ് എന്നിവ ഉണ്ടാക്കുന്നു. ഇവയുടെ പിന്നിലെ പ്രധാന കാരണങ്ങൾ മലിനീകരണം, പൊടി, പാരിസ്ഥിതിക അസ്വസ്ഥത എന്നിവയാണ്. എന്നാൽ ഇവ ഭേദമാക്കാൻ പ്രകൃതിദത്തമായ ചില പരിഹാരങ്ങൾ ഉണ്ട്.
വെളിച്ചെണ്ണ
വെളിച്ചെണ്ണ പ്രകൃതിദത്ത മോയ്സ്ചറൈസർ എന്നറിയപ്പെടുന്നു. ചർമ്മത്തിലെ വരൾച്ചക്കുള്ള സുരക്ഷിതവും ഫലപ്രദവുമായ പ്രകൃതിദത്ത പ്രതിവിധിയാണിത്. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തെ വീക്കം, വേദന എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു.
കറ്റാർ വാഴ ജെൽ
ഏറ്റവും മികച്ച പ്രകൃതിദത്ത പരിഹാരങ്ങളിൽ ഒന്നാണ് കറ്റാർ വാഴ. ഇതിന്റെ ആന്റി ഇൻഫ്ളേമേറ്ററി ഗുണങ്ങൾ ശരീരത്തിലെ ചർമ്മ പ്രശ്‍നങ്ങൾ കുറയ്ക്കുന്നു. ഈ ജെൽ വിറ്റാമിൻ എ ,ഇ പോലുള്ള പോഷകങ്ങളാൽ സമ്പുഷ്ടമാണ്.
മഞ്ഞൾ
ചർമ്മ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ് മഞ്ഞൾ. നിരവധി ചർമ്മ അണുബാധകൾക്കുള്ള മരുന്നായി മഞ്ഞൾ ഉപയോഗിക്കുന്നു. നേർപ്പിച്ച മഞ്ഞൾ പേസ്റ്റ് വെള്ളത്തിലോ എണ്ണയിലോ ചേർത്ത് പുരട്ടുന്നത് ചുവപ്പും ചൊറിച്ചിലും കുറയ്ക്കുക മാത്രമല്ല, ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
സൂര്യകാന്തി എണ്ണ
സൂര്യകാന്തി എണ്ണയാണ്ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ബാക്ടീരിയയുടെ പ്രവേശനം തടയുകയും ചർമ്മത്തിലെ അണുബാധകൾ സുഖപ്പെടുത്തുകയും ചെയ്യുന്നു. സാധാരണയായി എക്സിമ, സോറിയാസിസ് എന്നിവ മൂലമുണ്ടാകുന്ന വീക്കം, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ നിങ്ങൾക്ക് ഇത് ചർമ്മത്തിൽ നേരിട്ട് ഉപയോഗിക്കാം.
വരണ്ട ചർമ്മത്തെ എങ്ങനെ പ്രതിരോധിക്കാം: പഴങ്ങളും പച്ചക്കറികളും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ആരോഗ്യമുള്ള ചർമ്മത്തിന് നല്ലതാണ്. യോഗയും ധ്യാനവും ചെയ്യുന്നത് ശീലമാക്കുക. ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്തുക.