ചർമസംരക്ഷണത്തിന് ഡ്രൈ ബ്രഷിങ്, ഗുണങ്ങളേറെ

വെബ് ഡെസ്ക്

നിങ്ങളുടെ ചര്‍മത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന നിര്‍ജ്ജീവ കോശങ്ങളെ കൃത്യസമയത്ത് പുറന്തള്ളിയില്ലെങ്കില്‍ അത് പല ചര്‍മപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.

ശരീരചര്‍മത്തില്‍ അടിഞ്ഞുകൂടുന്ന മുഴുവന്‍ മൃതകോശങ്ങളെയും പുറന്തള്ളാന്‍ ഒരു എളുപ്പവഴിയുണ്ട്. നിര്‍ജീവ കോശങ്ങളെ ഇല്ലാതാക്കി സൗന്ദര്യമുള്ള ചര്‍മം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗമാണ് ഡ്രൈ ബ്രഷിങ്.

ഉണങ്ങിയതും കുറച്ച് കടുപ്പമുള്ളതുമായ ബ്രഷ് ഉപയോഗിച്ച് ശരീരത്തില്‍ ചെയ്യുന്ന മസാജ് ആണ് ഡ്രൈ ബോഡി ബ്രഷിങ്. ഒട്ടും വെള്ളം തട്ടാതെ നിങ്ങളുടെ ചര്‍മം വരണ്ടിരിക്കുമ്പോഴാണ് ഇത് ചെയ്യേണ്ടത്.

ശരീരത്തിന്റെ എല്ലാഭാഗത്തും ഡ്രൈ ബ്രഷിങ് രീതി ഫലപ്രദമാണ്. ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് ബ്രഷിങ് ചെയ്യുന്നതിന് മുന്‍പ് ബോഡി ലോഷന്‍ ഉപയോഗിക്കാം

മുഖത്ത് കൂടുതല്‍ മിനുസമുള്ള ബ്രഷ് ഉപയോഗിക്കുക. സൗമ്യവും മൃദുവുമായ രീതിയില്‍ വേണം ബ്രഷ് ചെയ്യാന്‍. ഇതിനായി വേണമെങ്കില്‍ നിങ്ങള്‍ക്ക് വലുപ്പം കുറഞ്ഞ ചെറിയ ബ്രഷ് ഉപയോഗിക്കാം.

നിര്‍ജീവ ചര്‍മത്തെ പുറന്തള്ളുന്നു

നിര്‍ജീവ ചര്‍മത്തെ നീക്കം ചെയ്യാന്‍ എക്‌സോഫോളിയേഷനാണ് ഏറ്റവും നല്ലത്. ബ്രഷിലെ നീണ്ട കുറ്റിരോമങ്ങള്‍ വരണ്ടതും പരുക്കന്‍ സ്വഭാവമുള്ളതുമായ പുറംതൊലിയിലെ നിര്‍ജീവ കോശങ്ങളെ നീക്കം ചെയ്ത് നിങ്ങള്‍ക്ക് മിനുസമാര്‍ന്ന ചര്‍മം നല്‍കുന്നു

മെച്ചപ്പെട്ട രക്തചംക്രമണത്തിന്

ശരീരം മസാജ് ചെയ്യുന്നത് പൊതുവെ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ്. ഡ്രൈ ബ്രഷിങ് രീതിക്കും ഇത്തരത്തിലുള്ള മസാജിങ് ഗുണങ്ങളുണ്ട്. ഇത് രക്തചംക്രമണം ഉത്തേജിപ്പിക്കുകയും ചര്‍മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി തീര്‍ക്കുകയും ചെയ്യും.

ചര്‍മത്തിലെ സുഷിരങ്ങളെ വൃത്തിയാക്കുന്നു

നിങ്ങളുടെ ചര്‍മ സുഷിരങ്ങളില്‍ അടിഞ്ഞുകൂടുന്ന അഴുക്കുകളെ നീക്കം ചെയ്യാനും അധിക എണ്ണമയം ഇല്ലാതാക്കാനും ഡ്രൈ ബ്രഷിങ് രീതി നല്ലതാണ്.

ചര്‍മത്തെ യുവത്വത്തോടെ നിലനിര്‍ത്തുന്നു

ഡ്രൈ ബ്രഷിങ് ചര്‍മത്തിന് പുനരുജ്ജീവനം നല്‍കിക്കൊണ്ട് എപ്പോഴും യുവത്വമുള്ളതാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നു