ആന്റി-ഏജിങ് ഉത്പന്നങ്ങള്‍ ഏതെല്ലാം? ഏത് പ്രായത്തില്‍ ഉപയോഗിക്കണം?

വെബ് ഡെസ്ക്

പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ ശരീരം പലപ്പോഴും കാണിച്ച് തരുന്നത് ചര്‍മത്തിലായിരിക്കും. ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്ന കൊളാജിന്‍, ഇലാസ്റ്റിന്‍ എന്നിവ നശിക്കുന്നതാണ് ചര്‍മം പെട്ടെന്ന് പ്രായമാകുന്നതിന് കാരണമാകുന്നത്. ചര്‍മ കോശങ്ങള്‍ക്കിടയിലുള്ള ഇലാസ്തികത നഷ്ടപ്പെടുന്നതും ചര്‍മത്തിലെ ഫാറ്റി ആസിഡും എസെന്‍ഷ്യല്‍ ഓയിലും കുറയുന്നതും പ്രായമാകല്‍ പ്രക്രിയയുടെ വേഗത വര്‍ധിപ്പിക്കുന്നു.

ഏത് പ്രായത്തില്‍ ആന്റി-ഏജിങ് ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെന്നത് പലരുടേയും സംശയമാണ്. അതിന് ചര്‍മത്തില്‍ ചുളിവുകളും പാടുകളും വരുന്നത് വരെ കാത്തിരിക്കേണ്ട. ആന്റി-ഏജിങ് ഉത്പന്നങ്ങള്‍ നിങ്ങളുടെ ഇരുപതുകളിലോ മുപ്പതുകളിലോ ഉപയോഗിച്ച് തുടങ്ങുന്നതാകും നല്ലത്. ഏതെല്ലാം ഉത്പന്നങ്ങള്‍ ഉപയോഗിക്കാമെന്നതാകും അടുത്ത സംശയം. അതിനും വേണം പ്രത്യേകം ശ്രദ്ധ.

സണ്‍സ്‌ക്രീന്‍

മഴയോ വെയിലോ ആകട്ടെ, എപ്പോഴും സണ്‍സ്‌ക്രീന്‍ പുരട്ടി പുറത്ത് പോകുന്നതാണ് നല്ലത്. എസ്പിഎഫ് മുപ്പതോ അതില്‍ കൂടുതലോ ഉള്ള സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ശ്രദ്ധിക്കണം.

വിറ്റാമിന്‍ സി സിറം

ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി-ഒക്‌സിഡന്റുകള്‍ ചര്‍മത്തിലെ കറുത്ത പാടുകള്‍ കുറയ്ക്കുന്നതിനും ഹൈപ്പര്‍ പിഗ്മെന്റേഷന്‍ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, ചര്‍മത്തിന് ഇലാസ്തികത നല്‍കുന്ന കൊളാജന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യും.

ഹൈലൂറോണിക് ആസിഡ്

ശരീരത്തില്‍ സ്വഭാവികമായി നിര്‍മിക്കപ്പെടുന്ന ഒന്നാണ് ഹൈലൂറോണിക് ആസിഡ്. എന്നാല്‍ പ്രായമാകുന്നതിനനുസരിച്ച് ഇതിന്റെ ഉത്പാദനം കുറയുകയും വരണ്ടതും ചുളിവും വരകളുമുള്ളതായ ചര്‍മത്തിന് കാരണമാകുകയും ചെയ്യുന്നു. ഹൈലൂറോണിക് ആസിഡ് ഉപയോഗിക്കുന്നത് വഴി ചര്‍മം കൂടുതല്‍ മൃദുലവും യുവത്വവുമുള്ളതായി തോന്നും.

റെറ്റിനോള്‍

ആന്റി ഏജിങ് ഉത്പന്നങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് റെറ്റിനോള്‍. മൃതകോശങ്ങളെ നീക്കി പുതിയ കോശങ്ങളെ സ്ഥാപിക്കാന്‍ റെറ്റിനോളിന് സാധിക്കും. ഇത് കൊളാജന്‍ നിര്‍മാണത്തെ വര്‍ധിപ്പിക്കുകയും ചുളിവുകളും വരകളും പാടുകളും ചര്‍മത്തില്‍ കാണപ്പെടുന്നത് കുറയ്ക്കുകും ചെയ്യുന്നു.

ഫേസ് വാഷ്

ചര്‍മം വരണ്ടതോ, എണ്ണമയമുള്ളതോ, സാധാരണയോ ആയിരിക്കാം. ചര്‍മത്തിന് ഇണങ്ങിയ ഫേസ് വാഷ് തിരഞ്ഞെടുക്കുക. നിര്‍ബന്ധമായും ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മുഖം ഫേസ് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. ഇത് മുഖത്ത് പറ്റിപിടിച്ചിരിക്കുന്ന മേക്കപ്പ്, വിയര്‍പ്പ്, അഴുക്ക് എന്നിവ നീക്കം ചെയ്യുന്നതിന് സഹായിക്കും. ഏത് തരത്തിലുള്ള ചര്‍മമാണ് എന്നതിനെ ആശ്രയിച്ചാണ് ഏതൊക്കെ ഉത്പന്നം തിരഞ്ഞെടുക്കണമെന്നത് തീരുമാനിക്കേണ്ടത്.