അവധിക്കാല യാത്രകൾ മനോഹരമാക്കാൻ പുഷ്പമേളകൾ ആസ്വദിക്കാം

വെബ് ഡെസ്ക്

യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടമുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇങ്ങനെ അവധിക്കാല യാത്രകൾ നടത്തുമ്പോൾ നമുക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നാണ് പുഷ്പമേളകൾ.

ഇന്ത്യയിൽ പലയിടങ്ങളിലും ഫ്ലവർ ഫെസ്റ്റിവൽസ് നടക്കാറുണ്ട്. ഒരോ പൂക്കൾ ഉണ്ടാകുന്ന സീസണുകൾ അനുസരിച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മനോഹരമായ പൂന്തോട്ടങ്ങൾ സന്ദർശകർക്ക് മനം മയക്കുന്ന കാഴ്ചയാകും.

ഇന്ത്യയിൽ നടക്കുന്ന മനോഹരമായ ചില പുഷ്പമേളകൾ ഇതാ

ടുലിപ് ഫെസ്റ്റിവൽ : ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് ഇന്ദിര ഗാന്ധി മെമോറിയൽ ടുലിപ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടുലിപ് ഗാർഡൻ ആണ് ഇത്. ടുലിപ് പുഷ്പങ്ങൾ പൂക്കാൻ തുടങ്ങുന്ന മാർച്ചിലാണ് ഇവിടെ സന്ദർശിക്കേണ്ടത്. പരന്നുകിടക്കുന്ന ടുലിപ് തോട്ടങ്ങൾ മനോഹരമായ കാഴ്ചയാണ്.

ഊട്ടി ഫ്ലവർ ഷോ : അവധിക്കാലയാത്രകളിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ് ഊട്ടി ഫ്ലവർ ഷോ. ഊട്ടിയിലെ ഗവണ്മെന്റ് ബൊട്ടാണിക്കൽ ഗാർഡനിൽ മെയ് 20 മുതൽ 25 വരെയാണ് ഫ്ലവർ ഷോ നടക്കുക. നിരവധി പുഷ്പങ്ങൾ ഉൾപ്പെടുന്ന അതിമനോഹരമായ തോട്ടങ്ങൾ നമുക്കിവിടെ ആസ്വദിക്കാം.

ലാൽബാഗ് ഫ്ലവർ ഷോ : ഓഗസ്റ്റ് മാസത്തിലാണ് ലാൽബാഗ് ഫ്ലവർ ഷോ നടക്കുക. ബാംഗ്ലൂരിലെ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെത്തി നമുക്കീ ഷോയിൽ പങ്കെടുക്കാം. ഒരുപാട് തരം പൂക്കൾ കൊണ്ട് സമ്പന്നമാണ് ഈ ഫെസ്റ്റിവൽ.

റോസ് ഫെസ്റ്റിവൽ : എല്ലാ ഫെബ്രുവരിയിലും മൂന്ന് ദിവസമാണ് റോസ് ഫെസ്റ്റിവൽ നടക്കുക. ചണ്ഡീഗഡിലെ സാക്കിർ ഹുസൈൻ റോസ് ഗാർഡൻ ആണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പല നിറത്തിലുള്ള പനിനീർ പുഷ്പങ്ങൾ വിരിഞ്ഞ് നിൽക്കുന്ന തോട്ടങ്ങൾ നമുക്കിവിടെ കാണാം.

കുറിഞ്ഞി ഫെസ്റ്റിവൽ: തമിഴ്‌നാട്ടിലെ കൊടൈക്കനാലിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന ഫെസ്റ്റിവൽ ആണിത്. 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന പുഷ്പമാണ് നീലക്കുറിഞ്ഞി. കൊടൈക്കനാലിലെ കുന്നിഞ്ചെരുവിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് മനോഹരമായ കാഴ്ചയാണ്. കേരളത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാറിലും നമുക്ക് നീലക്കുറിഞ്ഞികൾ കാണാം.

ഇന്റർനാഷണൽ ഫ്ലവർ ഫെസ്റ്റിവൽ : എല്ലാ വേനൽക്കാലത്തും ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ പുഷ്‌പോത്സവങ്ങളിൽ ഒന്നാണ് അന്താരാഷ്ട്ര പുഷ്പമേള. സിക്കിമിലെ ഗാങ്ടോക്കിലാണ് ഇത് നടക്കുക. ഇന്ത്യയുടെ എല്ലാ ഭാഗത്ത് നിന്നും ഈ പുഷ്പ മേളയിൽ പങ്കെടുക്കാൻ വിനോദസഞ്ചാരികൾ എത്താറുണ്ട്.

ചെറി ബ്ലോസം ഫെസ്റ്റിവൽ : മേഘാലയിലെ ഷില്ലോങിലാണ് ഈ ഫെസ്റ്റിവൽ നടക്കുക. നവംബർ മാസത്തിൽ ചെറി പുഷ്പങ്ങൾ ഉണ്ടാകുന്ന സമയത്താണ് ഷില്ലോങ് ചെറി ബ്ലോസം ഫെസ്റ്റിവൽ.