വെബ് ഡെസ്ക്
ക്ഷീണിച്ചിരിക്കുമ്പോള്‍ ഒരു കപ്പ് ചൂടുകാപ്പി കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. കോഫി കുടിക്കുമ്പോള്‍ ഊര്‍ജവും ഏകാഗ്രതയും അനുഭവപ്പെടുമെന്നതാണ് അതിന് കാരണം. എന്നാല്‍ കോഫി കുടിച്ചാല്‍ ഊര്‍ജവും ഏകാഗ്രതയും മാത്രമല്ല നിങ്ങള്‍ക്ക് ലഭിക്കുക. ആരോഗ്യപരമായി നിരവധി ഗുണങ്ങളാണ് കോഫിക്കുള്ളത്.
കോഫി കുടിക്കുന്നത് ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കും. കോഫിയെക്കുറിച്ചുള്ള ചില ഗവേഷണങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദിവസവും രണ്ടു മൂന്ന് കപ്പ് കോഫി കുടിക്കുന്നത് പ്രായം, മദ്യപാനം, ശരീരഭാരം എന്നിവ കാരണമുണ്ടാകുന്ന മരണസാധ്യത കുറയ്ക്കും.
കരള്‍ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ കോഫിക്ക് കഴിയും. കരള്‍ രോഗങ്ങള്‍ കുറച്ച് ആരോഗ്യം സംരക്ഷിക്കാന്‍ കോഫിക്ക് കഴിയുമെന്നാണ് നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കോഫി ഹൃദയാരോഗ്യം നിലനിര്‍ത്തുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തി ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു. എന്നിരുന്നാലും രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍ കോഫി നിയന്ത്രിക്കേണ്ടതാണ്.
തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കോഫി വളരെ നല്ലതാണ്. അല്‍ഷൈമേഴ്‌സ് രോഗം, പാര്‍ക്കിന്‍സണ്‍ രോഗം തുടങ്ങിയ ന്യൂറോ ഡീജനറേറ്റീവ് ഡിസോര്‍ഡേഴ്‌സ് മൂലമുണ്ടാകുന്ന രോഗം വരാനുള്ള സാധ്യതകളെ ഇതിലൂടെ ചെറുക്കാനാകുമെന്നും കരുതുന്നു.
ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ കോഫിക്ക് കഴിയും. സ്ത്രീകളുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറയ്ക്കാന്‍ കോഫിക്ക് സാധിക്കുമെന്നാണ് ചില ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ കോഫിക്ക് ശരീരഭാര നിയന്ത്രണത്തിലും നല്ല പങ്കുണ്ട്.
കോഫി വിഷാദരോഗം വരാനുള്ള സാധ്യത കുറയ്ക്കും. ഒന്നില്‍ കൂടുതല്‍ കപ്പ് കോഫി കുടിക്കുന്നവരില്‍ വിഷാദരോഗത്തിനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.