വെബ് ഡെസ്ക്
ആരോഗ്യവും ശാരീരിക ക്ഷമതയും വർധിപ്പിക്കുന്നതിന് വ്യായാമത്തോടൊപ്പംതന്നെ അനിവാര്യമായ ഒന്നാണ് വിറ്റാമിനുകൾ. ശരീരത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ ഒൻപത് വിറ്റാമിനുകൾ ഏതൊക്കെയെന്നു നോക്കാം
വിറ്റാമിൻ എ
കാഴ്ചശക്തി കാത്തുസൂക്ഷിക്കുന്നതിനൊപ്പം ആരോഗ്യമുള്ള ചർമം പ്രദാനം ചെയ്യുന്നതിനും പ്രതിരോധശേഷി ദൃഢമാക്കുന്നതിനും വിറ്റാമിൻ എ ആവശ്യമാണ്. ഈ വിറ്റാമിന്റെ അപര്യാപ്തത പല വിധത്തിലുള്ള അണുബാധയ്ക്കും കാരണമാകുന്നു
വിറ്റാമിൻ ബി 12
നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും വിറ്റാമിൻ ബി12 ആവശ്യമാണ്. ഇതിന്റെ അഭാവം വിളർച്ചയ്ക്കും നാഡീസംബന്ധമായ തകരാറുകൾക്കും കാരണമാകുന്നു
വിറ്റാമിൻ സി
മികച്ച ആന്റി ഓക്സിഡന്റുകളായ വിറ്റാമിൻ സി ശരീര കോശങ്ങളെ തകരാറുകളിൽ നിന്ന് സംരക്ഷിക്കുകയും, രോഗ പ്രതിരോധശേഷി വളർത്തുകയും ചെയ്യുന്നു
വിറ്റാമിൻ ഡി
ആരോഗ്യമുള്ള എല്ലുകൾക്കും പല്ലുകൾക്കും ആവശ്യമായ കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് വിറ്റാമിൻ ഡി സഹായിക്കുന്നു. വിറ്റാമിൻ ഡിയുടെ അഭാവം മൂലം എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകും
വിറ്റാമിൻ ഇ
ശരീരകോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് സംരക്ഷിച്ച്, ശരീരത്തിനുണ്ടാകുന്ന നീർക്കെട്ട്, ചർമരോഗങ്ങൾ എന്നിവയെ ചെറുക്കുന്ന ആന്റി ഓക്സിഡന്റുകളാണ് വിറ്റാമിൻ ഇ
വിറ്റാമിൻ കെ
രക്തം കട്ടപിടിക്കുന്നതിനാവശ്യമായ പ്രോട്ടീനുകളെ സജീവമാക്കുന്നതിനും, കാൽസ്യം ആഗിരണം ചെയ്ത് എല്ലുകൾക്ക് ആരോഗ്യം പ്രദാനം ചെയ്യുന്നതിനും വിറ്റാമിൻ കെ സഹായിക്കുന്നു. ഇതിന്റെ അഭാവം മൂലം രക്തസ്രാവം, എല്ലുകൾക്ക് ബലക്ഷയം എന്നിവ ഉണ്ടാകുന്നു
വിറ്റാമിൻ ബി 6
പ്രോട്ടീനുകളുടെ ഉപാപചയത്തിലൂടെ ഉണ്ടാകുന്ന നൂറോളം എൻസൈമുകളുടെ പ്രവർത്തനത്തെ ഏകോപിപ്പിച്ച്, മസ്തിഷ്കത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വിറ്റാമിൻ ബി6 വലിയ പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ ഇത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
വിറ്റാമിൻ ബി7 (ബയോട്ടിൻ)
മുടി, ചർമം, നഖങ്ങൾ എന്നിവയെ സംരക്ഷിക്കുന്നതിനൊപ്പം ഊർജം ഉൽപ്പാദിപ്പിക്കുന്നതിനും ശാരീരിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിറ്റാമിൻ ബി7 അഥവാ ബയോട്ടിൻ സഹായിക്കുന്നു. ഇവയുടെ അഭാവം മൂലം ക്ഷീണം, പേശി വേദന, മുടികൊഴിച്ചിൽ എന്നിവയുണ്ടാകുന്നു
വിറ്റാമിൻ ബി9 (ഫോളേറ്റുകൾ)
ഗർഭാവസ്ഥയിലുള്ള സ്ത്രീകളിലും ശിശുക്കളിലും കോശ വിഭജനത്തിനും, ഡിഎൻഎ യുടെ സംശ്ലേഷണത്തിനും വിറ്റാമിൻ ബി9 അഥവാ ഫോളേറ്റുകൾ ആവശ്യമാണ്. ഇവയുടെ അഭാവം ശിശുക്കളിൽ നാഡീവ്യൂഹ തകർച്ചയും മുതിർന്നവരിൽ വിളർച്ചയും ഉണ്ടാകുന്നു