ചായയ്‌ക്കൊപ്പം കൊതിയൂറും ഉള്ളിവട ആയാലോ ?

വെബ് ഡെസ്ക്

വൈകുന്നേരം ചൂടോടെ ഒരു ചായ കുടിക്കുമ്പോൾ ചെറുകടിയായി ഉള്ളിവട കൂടി ഉണ്ടെങ്കിൽ കുശാലായി. വളരെ പെട്ടെന്ന് വീട്ടിൽ തന്നെ രുചികരമായ ഉള്ളിവട ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചെറുതായി അരിഞ്ഞ സവാള - 2 കപ്പ്, കൊത്തിയരിഞ്ഞ ഇഞ്ചി 1/2 ടീസ്പൂൺ, പച്ചമുളക് 2-3, മല്ലിയില/കറിവേപ്പില - ആവശ്യത്തിന്, ഉപ്പ് - 1/2 ടീസ്പൂൺ എന്നിവ ചേർത്ത് ഇളക്കിയ ശേഷം 5 - 10 മിനിറ്റ് മാറ്റി വയ്ക്കുക

ഈ കൂട്ടിലേക്ക് 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നേകാൽ കപ്പ് കടലമാവ്, ഒന്നര ടേബിൾസ്പൂൺ അരിപ്പൊടി, 1/4 ടീസ്പൂൺ ഉപ്പ് എന്നിവ ചേർക്കുക

വെള്ളം ചേർക്കാതെ എല്ലാ ചേരുവകളും ചേരുന്നതുവരെ ഈ കൂട്ട് നന്നായി ഇളക്കുക

ശേഷം കുറച്ച് വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുക. ഒരുമിച്ച് വെള്ളം ചേർക്കാതെ 2 ടേബിൾസ്പൂൺ വെള്ളം വച്ച് കുറേശെയായി ചേർക്കുന്നതായിരിക്കും ഉചിതം

ഒരു പാനിൽ ആവശ്യത്തിന് എണ്ണ ചൂടാക്കി എടുക്കുക. കുഴച്ച് വച്ചിരിക്കുന്നതിൽ നിന്ന് ഒരു നുള്ള് എണ്ണയിൽ ഇട്ട് നോക്കി വറുത്തെടുക്കാൻ പാകത്തിന് എണ്ണ ചൂടായോ എന്ന് നോക്കുക. ശേഷം ഉള്ളിവടയ്ക്കുള്ള കൂട്ട് കയ്യിൽ വച്ച് പരത്തി എണ്ണയിൽ ഇട്ട് വറുത്തെടുക്കുക

ചൂട് ചായയുടെയോ കാപ്പിയുടെയോ കൂടെ കഴിക്കാൻ കൊതിയൂറും ഉള്ളിവട തയ്യാർ