വെബ് ഡെസ്ക്
വേനൽ കടുക്കുകയാണ്, സ്വാഭാവികമായും അന്തരീക്ഷ താപനിലയും. വാഹനങ്ങൾ അഗ്നിക്കിരയാകുന്നത് അപൂർവമായ സംഭവമല്ല ഇപ്പോൾ. അതുകൊണ്ടുതന്നെ തീർത്തും നിസഹായരായി പോകുന്ന ഈ അവസ്ഥ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടത്ത് അത്യാവശ്യമാണ്
ഇന്ധന ലീക്കേജും ഗ്യാസ് ലീക്കേജും അനധികൃതമായ ആൾട്ടറേഷനുകളും ഫ്യൂസുകൾ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈനുകളും അധിക താപം ഉല്പാദിപ്പിക്കപ്പെടുന്ന ബൾബുകളും തുടങ്ങി നിർത്തിയിടുന്ന പാർക്കിങ് സ്ഥലങ്ങൾ വരെ അഗ്നിബാധയ്ക്ക് കാരണമായേക്കാം
അഗ്നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങൾ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ട കാര്യം.ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ എംവിഡി നിർദേശിക്കുന്ന പരിഹാര മാർഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
കൃത്യമായ ഇടവേളകളിൽ മെയിന്റനൻസ് ചെയ്യുക. രാവിലെ വാഹനം നിർത്തിയിട്ടിരുന്ന തറയിൽ ഓയിൽ/ഇന്ധന ലീക്കേജ് ഉണ്ടൊ എന്ന് പരിശോധിക്കുന്നതും ദിവസത്തിൽ ഒരിക്കലെങ്കിലും ബോണറ്റ് തുറന്ന് പരിശോധിക്കുന്നതും ശീലമാക്കുക
വാഹനത്തിന്റെ പുറം വൃത്തിയാക്കുന്നതോടൊപ്പം എൻജിൻ കംപാർട്ട്മെന്റ് വൃത്തിയാക്കി വെക്കുന്നത് ലീക്കേജ് കണ്ടെത്തുന്നതിനു പുറമെ ചെറിയ അഗ്നിബാധ ഗുരുതരമാകുന്നത് തടയുന്നതിനും ഉപകാരപ്പെടും
കൃത്യമായ ഇടവേളകളിൽ ഗ്യാസ് ലൈനുകളിൽ പരിശോധന നടത്തുകയും ഗ്യാസ് ലീക്ക് ഉണ്ടോയെന്ന് എന്ന് ഇടയ്ക്കിടെ പരിശോധിക്കുകയും ഗ്യാസിന്റെ മണം അനുഭവപ്പെട്ടാൽ സർവീസ് സെൻററിൽ കാണിച്ച് റിപ്പയർ ചെയ്യുകയും വേണം.
വാഹന നിർമ്മാതാക്കൾ നിഷ്കർഷിച്ചിട്ടുള്ളതും നിയമവിധേയവുമായതുമായ പാർട്സുകൾ ഉപയോഗിക്കുക. അനാവശ്യമായ ആൾട്ടറേഷനുകളും ഒഴിവാക്കുക
ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്ത് ഉറപ്പിക്കണം
പാനൽ ബോർഡ് വാണിങ് ലാംപുകളും, മീറ്ററുകളും സദാ നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളിൽ കൂളന്റും എഞ്ചിൻ ഓയിലും മാറ്റുകയും ചെയ്യണം
വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റിന് ഇരുമ്പ് ബ്രാക്കറ്റുകൾ ഘടിപ്പിക്കണം
കന്നാസിലും ബോട്ടിലുകളിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും കർശനമായി ഒഴിവാക്കണം
വളരെ ചൂടുള്ള കാലാവസ്ഥയിൽ ഡാഷ് ബോർഡിൽ വച്ചിട്ടുള്ള വാട്ടർ ബോട്ടിലുകൾ ലെൻസ് പോലെ പ്രവർത്തിച്ച് സീറ്റ് അപ്ഹോൾസ്റ്ററിയും പ്ലാസ്റ്റിക് ഭാഗങ്ങളും തീ പിടിച്ചിട്ടുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ വാട്ടർ ബോട്ടിലുകൾ സാനിറ്റൈസറുകൾ സ്പ്രേകൾ എന്നിവ ഡാഷ്ബോർഡിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക
വിനോദ യാത്രകളും മറ്റും പോകുമ്പോൾ സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് വാഹനത്തിൽ വച്ചാകരുത്. വാഹനത്തിനകത്ത് ഇന്ധനം തീപ്പെട്ടി, ലൈറ്ററുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക
ആംബുലൻസുകളിൽ ഓക്സിജൻ സിലിണ്ടറുകൾ കൃത്യമായി ബ്രാക്കറ്റുകൾ ഉപയോഗിച്ച് ഉറപ്പിക്കുകയും റെഗുലേറ്ററുകൾക്ക് തകരാറുകൾ ഇല്ല എന്ന് ഉറപ്പാക്കുകയും ചെയ്യണം
സാധാരണ വാഹനത്തിൻ്റെ സീറ്റുകളും മറ്റും അഗ്നിബാധയെ ചെറുക്കുന്ന രീതിയിലുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിക്കുക എന്നാൽ പെട്ടെന്ന് തീ ആളിപ്പിടിക്കുന്ന റെക്സിൻ കവറുകളും പോളിയസ്റ്റർ തുണി കവറുകളും അഗ്നി ആളിപ്പിടിക്കുന്നതിന് കാരണമാകാം, ഇവ ഒഴിവാക്കണം
കൂട്ടിയിടികൾ അഗ്നിബാധയിലേക്ക് നയിക്കാം എന്നതിനാൽ തന്നെ സുരക്ഷിതമായും ഡിഫൻസീവ് ഡ്രൈവിംഗ് രീതികൾ അനുവർത്തിച്ച് വാഹനം ഓടിക്കുക
എല്ലാ വാഹനങ്ങളിലും ചെറിയ ഫയർ എക്സ്റ്റിംഗ്യൂഷർ (Fire extinguisher) പെട്ടെന്ന് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ സൂക്ഷിക്കുക
വാഹനങ്ങൾ നിർത്തിയിടുമ്പോൾ ഉണങ്ങിയ ഇലകളോ പ്ലാസ്റ്റിക്കോ മറ്റ് അഗ്നിബാധയ്ക്ക് സാധ്യതയുള്ളതോ ആയ സ്ഥലങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക