വെബ് ഡെസ്ക്
വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറക്കാന്‍ പോകുന്നു.
കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്തെല്ലാം?
കുട്ടികള്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം എപ്പോഴും തിളപ്പിച്ചാറിയത് ആയിരിക്കണം.
ഇലക്കറികള്‍, പച്ചക്കറികള്‍ കൂടുതല്‍ അടങ്ങുന്ന, വീട്ടിലുണ്ടാക്കിയ, സമീകൃതാഹാരം ഉച്ചയൂണായും സ്നാക്സ് ആയും കഴിക്കാനായി കൊടുത്ത് വിടുക. പുറത്ത് നിന്നുള്ള ഭക്ഷണം സ്ഥിരമായി കൊടുക്കരുത്.
ധാരാളം വെള്ളം കുടിയ്ക്കണം. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്.
ഭക്ഷണം കഴിക്കുന്നതിന് മുമ്പും, ടോയ്ലെറ്റില് പോയതിന് ശേഷവും നിര്‍ബന്ധമായി കൈകള്‍ നന്നായി കഴുകുക.
മാങ്ങ, പപ്പായ, നെല്ലിക്ക തുടങ്ങിയ പ്രാദേശികമായി കിട്ടുന്ന പഴവര്‍ഗങ്ങള്‍ ധാരാളം നല്‍കുക.
വിറ്റാമിന്‍ സി കിട്ടാന്‍ കുട്ടികള്‍ക്ക് നാരങ്ങാ വെള്ളം ദിവസവും കൊടുക്കുന്നത് നല്ലതാണ്.
കുട്ടികള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാതെ ശ്രദ്ധിക്കണം.
മഴ നനയാതിരിക്കാന്‍ കുടയോ, റെയിന്‍കോട്ടോ കുട്ടികള്‍ക്ക് നല്‍കണം.
കുട്ടികള്‍ മഴ നനഞ്ഞ് വന്നാല്‍ തല തോര്‍ത്തിയ ശേഷം ഉണങ്ങിയ വസ്ത്രം ധരിപ്പിച്ച് കുടിക്കാന്‍ പോഷക ഗുണമുള്ള ചൂട് പാനീയങ്ങള്‍ (ചൂട് കഞ്ഞിവെള്ളം, ചൂട് പാല് മുതലായവ) നല്‍കുക.
മഴയുള്ള സമയത്ത് കുട്ടികള്‍ക്ക് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മറ്റ് കുട്ടികളിലേക്ക് അവ പകരാതിരിക്കാന്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടാന്‍ കുട്ടികളെ ശീലിപ്പിക്കുക.
പനിയുള്ള കുട്ടികള്‍ സ്കൂളില്‍ പോകാതിരിക്കുകയാണ് നല്ലത്. കൃത്യമായ ചികിത്സ കുട്ടികള്‍ക്ക് ഉറപ്പാക്കുകയും ചെയ്യണം.
കുട്ടിക്ക് മലിനമായ വെള്ളവുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ ആ വിവരം ഡോക്ടറെ അറിയിക്കണം.
വിഷമിച്ച് ഉള്‍വലിഞ്ഞ് നില്ക്കുന്ന കുട്ടികള്‍, ഭിന്നശേഷി കുട്ടികള്‍ എന്നിവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കി സ്നേഹവും പ്രോത്സാഹനവും നല്‍കുക.
രക്ഷകര്‍ത്താക്കള്‍ക്കോ അധ്യാപകര്‍ക്കോ ആരോഗ്യത്തെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ഹെല്പ് ലൈന്‍ 'ദിശ'യില്‍ 104, 1056, 0471-2552056, 0471-2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.