സാമ്പത്തിക സ്ഥിരത കൈവരിക്കാം, സമ്പന്നരാകാം, ശ്രദ്ധിക്കൂ ഇക്കാര്യങ്ങള്‍

വെബ് ഡെസ്ക്

സാമ്പത്തിക സ്ഥിരത, ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന ഒന്നാണ്. വരവും ചെലവും തമ്മിലുള്ള അന്തരമാണ് ഇത്തരം സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്.

സാമ്പത്തിക അച്ചടക്കമാണ് സാമ്പത്തിക സ്ഥിരതയിലേക്കുള്ള ആദ്യചുവട്. മികച്ചരീതിയില്‍ പണം കൈകാര്യം ചെയ്യുന്നതോടൊപ്പം സമ്പത്തുണ്ടാക്കാനുള്ള അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും വേണം.

ജോലി ചെയ്ത് നേടിയ പണം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് ഒരോ വ്യക്തിയുടെയും ചുറ്റുപാടിനെ സ്വാധീനിച്ചാണ് മുന്നോട്ട് പോകുന്നത്.

അമിതമായ ചെലവാക്കല്‍, അത്യാവശ്യങ്ങള്‍ക്ക് പണം കരുതാതിരിക്കല്‍, നിക്ഷേപിക്കാതിരിക്കല്‍ എന്നിവ ദോഷംചെയ്യും.

പണലഭ്യത -

പണലഭ്യതയ്ക്കായി വായ്പയെ ആശ്രയിക്കുന്നവര്‍ താങ്ങാവുന്ന പലിശ നിരക്കുകള്‍ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. വായ്പകള്‍ വിവേകത്തോടെ വിനിയോഗിക്കുകയും വേണം.

ജീവിതച്ചെലവ്

വരുമാനത്തിലേറെ ചെലവഴിക്കുന്നവരാണ് ഏറെപ്പേരും. ഭക്ഷണം, വീട്, വാഹനം എന്നിവയാണ് ഇതില്‍ പ്രധാനം.

100 രൂപ കിട്ടുമ്പോള്‍ 30 രൂപ മാറ്റിവെയ്ക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു ലക്ഷം രൂപ കിട്ടിയാലും സമ്പാദിക്കാന്‍ കഴിയില്ല. നിശ്ചിത ശതമാനം തുക വരുമാനത്തില്‍നിന്ന് നീക്കിവെക്കുന്ന ശീലമുണ്ടാക്കണം.

മെച്ചപ്പെട്ട തൊഴില്‍

താഴ്ന്നവരുമാനക്കാര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി പരിമിതമായ ആനുകൂല്യങ്ങളും കുറഞ്ഞ വേതനവുമാണ്. തൊഴിലില്‍ മികവ് വര്‍ധിപ്പിക്കാന്‍ പരിശീലനം നേടാം. ന്യായമായ വേതനം നല്‍കാന്‍ തൊഴിലുടമകള്‍ തയ്യാറാകുകയും വേണം.

കടബാധ്യത

വായ്പയെടുക്കുക, അത് വീട്ടാന്‍ വരുമാനം മുഴുവന്‍ ചെലവഴിക്കുക, അതിനുശേഷം വീണ്ടും കടംവാങ്ങുക. ഈ രീതി തുടര്‍ന്നാല്‍ കടമൊഴിഞ്ഞ കാലമുണ്ടാവില്ല. വായ്പയില്‍നിന്ന് എത്രയും പെട്ടെന്ന് പുറത്തുകടക്കാനുള്ള ബോധപൂര്‍വമായ ശ്രമം ഉണ്ടാകണം.

പെട്ടെന്ന് പണമുണ്ടാക്കണമെന്ന മനോഭാവം മാറ്റണം.

വ്യത്യസ്ത നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാം.