അരുൺ സോളമൻ എസ്
വായനയുടെ സുഗന്ധം മലയാളിയെ അനുഭവിപ്പിച്ച മഹാനായ എഴുത്തുകാരനാണ് എംടി വാസുദേവൻ നായർ.ഇതിഹാസ കഥാപാത്രമായ ഭീമനെ കേന്ദ്ര കഥാപാത്രമാക്കി മഹാഭാരതത്തെ പുനരാഖ്യാനം ചെയ്യുന്ന രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. സര്‍വ്വ ഇടങ്ങളിലൂം രണ്ടാമൂഴക്കാരനായി, തിരസ്‌കൃതനായ ഭീമന്റെ ആലോചനകളിലൂടെയാണ് നോവലിന്റെ ആഖ്യാനം. മലയാള നോവല്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച പത്തു നോവലുകളിലൊന്നാണ് രണ്ടാമൂഴം.
ലോകതത്വങ്ങളെ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന എഴുത്ത് രീതിയുമായി മലയാള സാഹിത്യത്തിന്റെ മട്ടുപ്പാവിൽ കസേര വലിച്ചിട്ടിരുന്ന ബേപ്പൂർ സുൽത്താനാണ് ബഷീർ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിക്കുകയും തിരികെ എഴുത്തിലേക്ക് വരികയും ചെയ്ത് ബഷീർ യുദ്ധത്തെക്കുറിച്ച് പറഞ്ഞത് എക്കാലവും ഓർമിക്കപ്പെടും.
മനുഷ്യന്റെ മാനസിക വ്യാപാരങ്ങളെ ഇത്രമേൽ മനസിലാക്കിയ മറ്റൊരു എഴുത്തുകാരൻ മലയാള സാഹിത്യത്തിൽ വേറെയുണ്ടാവില്ല. മനുഷ്യൻ അനുഭവിക്കുന്ന ആത്മ സംഘർഷങ്ങളും പ്രണയവും നൊമ്പരവും കാമവും ഒക്കെ പത്മരാജന്റെ കൃതികൾക്ക് ആധാരമായി.
ആധുനിക മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാവസ്ഥകളുടെ വ്യത്യസ്തങ്ങളായ മേഖലകളിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരനാണ് ആനന്ദ്. ആനന്ദിന്റെ എക്കാലത്തേയും മികച്ച സൃഷ്ടി എന്നു വിശേഷിപ്പിക്കാവുന്ന നോവലാണ് മരുഭൂമികള്‍ ഉണ്ടാകുന്നത്. 1993-ലെ വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതിയാണ് മരുഭൂമികള്‍ ഉണ്ടാകുന്നത്.
കാലവാഹിനിയായ മയ്യഴിപ്പുഴയുടെ കഥയാണിത്; തന്റെ കാല്‍ക്കീഴിലേക്ക് മയ്യഴിപ്പുഴയെ ആവാഹിക്കുന്ന ദാസന്റെയും. മലയാള നോവലിന്റെ ചരിത്രത്തിലെ പ്രകാശപൂര്‍ണതയാണ് ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’. ഇത് നമ്മെ കാലത്തിന്റെ അടിയൊഴുക്കുകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. മയ്യഴിയുടെ സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ.
എഴുത്തിലും വരയിലും വായനയിലും മലയാളികള്‍ക്ക് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു തന്ന കഥാകാരനായിരുന്നു ഒ.വി വിജയന്‍. മലയാളിയുടെ സാഹിത്യാഭിരുചിയെയും ആസ്വാദനത്തെയും തന്നെ പുനർനിർവചിച്ച കൃതിയാണ് ഖസാക്കിന്റെ ഇതിഹാസം.അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ധര്‍മ്മപുരാണം എന്ന നോവല്‍ വിജയനെ മലയാളത്തിലെ എഴുത്തുകാരില്‍ പ്രവാചകനാക്കി മാറ്റി.
പെണ്ണഴുത്തിന് പുതുമാനം തീർത്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമാണ് സാറാ ജോസഫ്. സ്ത്രീപക്ഷ ചിന്തകൾക്കൊപ്പം നിലകൊണ്ട് പരിസ്ഥിതിയ്ക്കും മാനുഷിക ചിന്തകൾക്കും പ്രാമുഖ്യം നൽകിയ സാറാ ജോസഫ് ഊര് കാവലിലൂടെ അംഗദനെ കേന്ദ കഥാപാത്രമാക്കിക്കൊണ്ട് രാമായണകഥ പുനരാവിഷ്കരിച്ചിരിക്കുകയാണ്.
ആടുജീവിതത്തിലൂടെ മലയാളിയുടെ വായനാലോകത്തേക്ക് ശക്തമായി കടന്നുവന്ന എഴുത്തുകാരനാണ് ബെന്യാമിൻ.വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബിന്റെ കഥ പറഞ്ഞ ആടുജീവിതം മലയാളത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നോവലാണ്
സ്ത്രീത്വത്തിന്‍റെ സംഘര്‍ഷങ്ങളും പ്രതിസന്ധികളും പുതുനൂറ്റാണ്ടിന്‍റെ മുല്യച്യുതികളുമാണ് മീരയുടെ കഥകളുടെയും നോവലുകളുടെയും ഉളളടക്കം. ദുര്‍ഗ്രഹത ഒന്നുമില്ലാതെ, ശക്തമായ ബിംബങ്ങളും ആര്‍ജ്ജവമുള്ള ഭാഷയിലൂടെയുമാണ് മീര കഥ പറയുന്നത്.
വർത്തമാന കാലത്തിന്റെ അഭിരുചികളെ ചരിത്രവും മിത്തും ഐതിഹ്യവും ഭ്രമകൽപനകളുമായി സമന്വയിപ്പിച്ച് ആസ്വാദനത്തിന്റെ പുതിയ ഭൂമിക തീർത്ത എഴുത്തുകാരനാണ് ടി.ഡി രാമകൃഷ്ൻ.ഫ്രാൻസിസ് ഇട്ടിക്കോരയും സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയുമാണ് ഏറെ വായിക്കപ്പെട്ട ടിഡി കൃതികൾ.