ഇവയ്ക്കൊപ്പമുള്ള നടുവേദന അവഗണിക്കരുത്; അര്‍ബുദത്തിന്റെ ലക്ഷണമാകാം

വെബ് ഡെസ്ക്

30 വയസ് പിന്നിടുന്നതോടെ പലരിലും കണ്ടുവരാറുള്ള ഒരു പ്രധാന പ്രശ്നമാണ് നടുവേദന. ശരീരഭാരം കുറയുക, ക്ഷീണം, പനി, മല-മൂത്ര വിസര്‍ജനത്തിന്റെ നിയന്ത്രണം നഷ്ടമാകുക തുടങ്ങിയ ലക്ഷണങ്ങള്‍ കൂടി കണ്ടാല്‍ വിദഗ്ധ നിര്‍ദേശം തേടണം. ഇതു ചിലപ്പോള്‍ അര്‍ബുദത്തിന്റെ ലക്ഷണമാകാം. ഏതൊക്ക അര്‍ബുദങ്ങള്‍ക്കാണ് നടുവേദന ലക്ഷണമായി വരുന്നതെന്നു നോക്കാം.

ശ്വാസകോശാര്‍ബുദം

ലോകത്തില്‍ അര്‍ബുദ മരണങ്ങളില്‍ത്തന്നെ മുന്‍സ്ഥാനത്തുള്ള ഒന്നാണ് ശ്വാസകോശാര്‍ബുദം. ട്യൂമര്‍ നട്ടെല്ലിലോാ ഞരമ്പുകളിലോ ഏല്‍പ്പിക്കുന്ന സമ്മര്‍ദം കൊണ്ടോ അര്‍ബുദം മറ്റു അവയവങ്ങളിലേക്ക് വ്യാപിക്കുന്നതുകൊണ്ടോ ആകാം നടുവേദന പ്രത്യക്ഷപ്പെടുന്നത്

സ്തനാര്‍ബുദം

സ്തനാര്‍ബുദം എല്ലുകളിലേക്കു വ്യാപിക്കുന്നതിന്റെ ഭാഗമായി നട്ടെല്ലിന് മുകള്‍ഭാഗത്തും തോളുകളിലും വേദന അനുഭവപ്പെടാം. ക്ഷീണം, ഭാരനഷ്ടം, അസ്ഥിക്ഷയം എന്നിവയും നടുവേദനയ്ക്കൊപ്പം പ്രത്യക്ഷപ്പെടാം

പ്രോസ്റ്റേറ്റ് കാന്‍സര്‍

ട്യൂമര്‍ നട്ടെല്ലിനും സമീപ കലകളിലും സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായി നടുവേദന പ്രത്യക്ഷപ്പെടാാം. 50 വയസ്സ് പിന്നിട്ട പുരുഷന്‍മാരില്‍ ഈ തരത്തിലുള്ള വേദന സാധാരണയായി കാണപ്പെടുന്നുണ്ട്. നടുവേദനയ്ക്കൊപ്പം മൂത്രതടസം, മൂത്രത്തില്‍ രക്തം എന്നിവ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം

കോളോറെക്ടല്‍ കാന്‍സര്‍

കരളിലേക്കും ലിംഫ്നോഡുകളിലേക്കും അര്‍ബുദമുഴ വ്യാപിക്കുന്നതിന്റെ ലക്ഷണമാണ് നടുവേദന. ക്ഷീണം, ഭാരനഷ്ടം, വയറുവേദന എന്നിവയും നടുവേദനയ്ക്കൊപ്പം പ്രത്യക്ഷപ്പെടാം

പാന്‍ക്രിയാറ്റിക് കാൻസർ

പാന്‍ക്രിയാറ്റിക് കാൻസർ ഏറ്റവുമധികം ബാധിക്കുന്ന ഭാഗം പുറമാണ്. മറ്റ് കാൻസറുകളുടെ സമാനകാരണം കൊണ്ടുതന്നെയാണ് ഇതിലും നടുവേദന അനുഭപ്പെടുന്നത്

അണ്ഡാശയ അര്‍ബുദം

ലിംഫ് നോഡുകളിലും മറ്റ് അവയവങ്ങളിലും ട്യൂമര്‍ സമ്മര്‍ദം ചെലുത്തുന്നതിനാലാണ് അണ്ഡാശയ അര്‍ബുദത്തിൽ നടുവേദന അനുഭവപ്പെടുന്നത്. വയറുവേദന, വയറുകമ്പനം, ബ്ലീഡിങ് എന്നിവയും നടുവേദനയ്ക്കൊപ്പം പ്രത്യക്ഷപ്പെടാം

മള്‍ട്ടിപ്പിള്‍ മെലോമ

രക്തത്തിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് മള്‍ട്ടിപ്പിള്‍ മെലോമ. നട്ടെല്ലില്‍ ട്യൂമര്‍ ചെലുത്തുന്ന സമ്മര്‍ദമാണ് ഇവിടെ നടുവേദന ഉണ്ടാക്കുന്നത്. അണുബാധ, അസ്ഥിക്ഷയം, ക്ഷീണം എന്നിവയും ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടാം

നിങ്ങളുടെ നടുവേദന അര്‍ബുദത്തിന്റെ ലക്ഷണമായി ഡോക്ടര്‍ സംശയിച്ചാല്‍ ആവശ്യപ്പെടുന്ന പരിശോധനകള്‍ എത്രയും പെട്ടെന്നു നടത്തുക. 50 വയസ്സിനുശേഷം മറ്റു ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന നടുവേദന ഒരിക്കലും അവഗണിക്കരുത്