വാഴപ്പഴത്തിന്റെ ഈ ഗുണങ്ങളറിയൂ; നിങ്ങളുടെ ചർമ്മവും തിളക്കമുളളതാക്കാം

വെബ് ഡെസ്ക്

ഏറെ സ്വാദിഷ്ടമായ വാഴപ്പഴം കഴിക്കാനും വാഴപ്പഴം കൊണ്ടുളള വിഭവങ്ങൾ കഴിക്കാനും ഇഷ്ടമുളളവരാണ് ഭൂരിഭാ​ഗം പേരും. വാഴപ്പഴത്തിന് ദഹനം വേ​ഗത്തിലാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കഴിയുന്നതടക്കമുളള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഏവർക്കും അറിയാവുന്ന കാര്യമാണ്.

വാഴപ്പഴത്തിൽ ധാരാളം നാരുകളും ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതൊക്കെ കൊണ്ടുതന്നെ നിത്യവും വാഴപ്പഴം കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്.

ചർമ്മ സൗന്ദര്യത്തിനും വാഴപ്പഴം ഏറെ നല്ലതാണ്. ആരോ​ഗ്യമുളള ചർമ്മത്തിനായി നാം പല പരീക്ഷണങ്ങളും ചെയ്യുന്നവരാണ്. അക്കൂട്ടത്തിൽ വാഴപ്പഴത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലർക്കും അറിയില്ല എന്നുളളതാണ് യാഥാർത്ഥ്യം.

വാഴപ്പഴത്തിന് ധാരാളം ഗുണങ്ങളുണ്ട്. അതിൽ, ചർമ്മത്തിന് തിളക്കം നൽകാനും പാടുകളില്ലാത്ത ചർമ്മത്തിനും വാഴപ്പഴം സഹായിക്കും.

മുഖക്കുരു വരാതെ ചർമ്മത്തെ സംരക്ഷിക്കാൻ വാഴപ്പഴം സഹായിക്കും. നേന്ത്രപ്പഴത്തിന്റെ തൊലി നേരിട്ട് ചർമ്മത്തിൽ പുരട്ടുന്നത് മുഖക്കുരു, ചർമ്മത്തിന്റെ ചുളിവുകൾ, പാടുകൾ, തിണർപ്പ്, ചൊറിച്ചിൽ തുടങ്ങിയ ചർമ്മ സംബന്ധമായ പ്രശ്‌നങ്ങൾ തടയുമെന്ന് വിദഗ്ധർ പറയുന്നു.

സൂര്യാഘാതത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നതിന് വാഴപ്പഴം സഹായിക്കും. വാഴപ്പഴത്തിലെ ആന്റിഓക്‌സിഡന്റുകൾക്ക് സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സാധിക്കും. ഇതിനായി വാഴപ്പഴം ഫേസ് മാസ്‌ക്കായി ഉപയോ​ഗിക്കാം. എന്നാൽ, പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ഉപയോ​ഗിക്കാൻ മറക്കരുത്.

വാഴപ്പഴം ഫേസ് മാസ്കായി ഉപയോഗിക്കുന്നത് ചർമ്മത്തിന് പല വിധത്തിലാണ് ഗുണം ചെയ്യുക. ദിവസവും നേന്ത്രപ്പഴം കഴിക്കുന്നതിലൂടെയും ആരോഗ്യമുള്ള ചർമ്മം ലഭിക്കും. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയും ധാതുക്കളും ചർമ്മത്തെ ചെറുപ്പമാക്കി നിലനിർത്താൻ സഹായിക്കും.

വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. വരണ്ടതും മങ്ങിയതുമായ ചർമ്മത്തെ തിളക്കമുളളതാക്കി തീർക്കാൻ വാഴപ്പഴത്തിലെ പോഷകങ്ങൾക്ക് കഴിയും.

നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.