ബ്രൊക്കോളിയോ കോളിഫ്‌ളവറോ, ഗുണമറിഞ്ഞ് കഴിക്കാം

വെബ് ഡെസ്ക്

മലയാളികളുടെ ഭക്ഷണ ശീലത്തില്‍ ഇടം പിടിച്ച പച്ചക്കറികളാണ് ബ്രൊക്കോളിയും കോളിഫ്ളവറും. ഒരേ കുടുംബത്തില്‍ പെട്ടവയെങ്കിലും ബ്രൊക്കോളിയുടെയും കോളിഫ്ളവറിന്റെയും ആരോഗ്യഗുണങ്ങളെ പറ്റിയുള്ള ചര്‍ച്ചകള്‍ പതിവാണ്.

പ്രധാനപ്പെട്ട വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നവും കലോറി കുറഞ്ഞ പച്ചക്കറികറികളുമാണ് ബ്രോക്കോളിയും കോളിഫ്‌ളവറും. പോഷക മൂല്യങ്ങളില്‍ ചെറിയ വ്യത്യാസമുണ്ടെങ്കിലും രണ്ടും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

രണ്ടിലും ഉയര്‍ന്ന അളവില്‍ ഫൈബറുണ്ട്. രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.

രണ്ടിലും നല്ല അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മുറിവ് ഉണക്കുന്നതിനും സഹായകമാണ്.

ഫോളേറ്റ്, പൊട്ടാസ്യം, ചെമ്പ്, മാംഗനീസ് തുടങ്ങി ഒട്ടേറെ മൈക്രോ ന്യൂട്രിയന്റുകളും അടങ്ങിയിരിക്കുന്നു.

100 ഗ്രാം ബ്രൊക്കോളിയില്‍ ഏകദേശം 3 ഗ്രാം ഫൈബറും 2 ഗ്രാം പ്രോട്ടീനുമുണ്ട്. 100 ഗ്രാം കോളിഫ്‌ളവറില്‍ 2.3 ഗ്രാം ഫൈബറും 1.8 ഗ്രാം പ്രോട്ടീനും ഉള്‍പ്പെടുന്നു.

ബ്രൊക്കോളി ആന്റിഓക്‌സിഡന്റുകളാലും വൈറ്റമിന്‍ എ, സി, ഇരുമ്പ് തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകളാലും സമ്പുഷ്ടമാണ്. നാരുകളുടെയും പ്രോട്ടീനുകളുടെയും കാര്യത്തില്‍ ബ്രൊക്കോളിക്കാണ് മുന്‍തൂക്കം.

ബ്രോക്കോളിയില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും താരതമ്യേന കൂടുതലാണ് (35 കലോറി, 4 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്). ജലാംശം കൂടുതലാണ് ബ്രൊക്കോളിയില്‍.

കോളിഫ്ളവറില്‍ കലോറി കുറവാണ്, 100 ഗ്രാമില്‍ 27 കലോറിയേ അടങ്ങിയിട്ടുള്ളൂ. കാര്‍ബോഹൈഡ്രേറ്റ് നാല് ഗ്രാമും.