വെബ് ഡെസ്ക്
മലബന്ധം ഉണ്ടാവാനുള്ള പ്രധാനകാരണങ്ങളിൽ ഒന്ന് ഭക്ഷണശീലങ്ങളിലെ മാറ്റവും തെറ്റായ ജീവിത ശൈലിയുമാണ്. എന്നാൽ സ്ഥിരമായി ഉണ്ടാകുന്ന, വിട്ടുമാറാത്ത മലബന്ധം ചില രോഗങ്ങളുടെ ലക്ഷണമാകാം.
ഇത് കൃത്യസമയത്ത് ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് വലിയ പ്രശ്നം സൃഷ്ടിച്ചേക്കാം. മലബന്ധം ലക്ഷണമാകുന്ന പ്രധാനപ്പെട്ട രോഗങ്ങൾ ഇവയൊക്കെയാണ്
പ്രമേഹം : പ്രമേഹം അടിവയറ്റിലെയും കുടലിലെയും ഞരമ്പുകൾക്ക് ക്ഷതം വരുത്തുന്നു. ഇത് ഭക്ഷണം കടന്നുപോകുന്നതിന്റെ സുഗമമായ ചലനത്തെ നിയന്ത്രിക്കുകയും വേദനയ്ക്കും മലബന്ധത്തിനും കാരണമാവുകയും ചെയ്യുന്നു. മലബന്ധവും വയറുവേദനയും ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്.
അപ്പെൻഡിസൈറ്റിസ് : അപ്പെൻഡിക്സിന്റെ ആദ്യകാല ലക്ഷണങ്ങൾ പ്രധാനപ്പെട്ടവയാണ് വയറുവേദന, ഓക്കാനം, വിശപ്പ് കുറയൽ, മലബന്ധം അല്ലെങ്കിൽ വയറിളക്കം എന്നിവ.
ഹൈപ്പോതൈറോയിഡിസം : തൈറോയ്ഡ് ഹോർമോൺ ശരീരത്തിന് ആവശ്യമായ അളവിൽ കുറവുള്ള ഈ അവസ്ഥ ശരീരത്തിലെ പ്രക്രിയകളെ മന്ദഗതിയിലാക്കുന്നു. ഇതേ കാരണങ്ങളാൽ മലവിസർജ്ജനം മന്ദഗതിയിലാകുകയും ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ചില സാഹചര്യങ്ങളിൽ ജീവന് തന്നെ ഭീഷണിയാണ്.
ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് : സുഷുമ്നാ നാഡിക്ക് പരിക്കേൽക്കുന്നത് മൂലമോ, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, പാർക്കിൻസൺസ് രോഗം തുടങ്ങിയ പല ന്യൂറോളജിക്കൽ അവസ്ഥകളും രോഗികളിൽ എൻബിഡിക്ക് കാരണമാകും, ഇത് മലബന്ധത്തിന് കാരണമാകും.
വൻകുടലിലെ കാൻസർ : ശരീരഭാരം കുറയൽ, വിശപ്പ് കുറയൽ, മലാശയത്തിലെ രക്തസ്രാവം, മലബന്ധം തുടങ്ങിയവ വൻകുടലിലെ കാൻസറിന്റെ പ്രധാന ലക്ഷണങ്ങളാണ്.
പാൻക്രിയാറ്റിസ് : പാൻക്രിയാസിന്റെ വീക്കം ആന്തരിക രക്തസ്രാവത്തിന് കാരണമാകുന്ന ഒരു അവസ്ഥയാണിത്. മലബന്ധം ഇതിന്റെ ഒരു ലക്ഷണമാണ്.
കോളിസിസ്റ്റൈറ്റിസ് : പിത്താശയകത്തിനകത്ത് കല്ലുകൾ രൂപപ്പെടുകയോ അണുബാധ ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണിത്. ഇതിൽ കടുത്ത വയറുവേദനയോടൊപ്പം മലബന്ധം ഉണ്ടാകുന്നു.