ഈ ശീലങ്ങള്‍ ഉള്ളവരാണോ നിങ്ങള്‍?, എങ്കിൽ സൂക്ഷിച്ചോളൂ

വെബ് ഡെസ്ക്

അനാരോഗ്യകരമായ ജീവിതശൈലി അറിഞ്ഞുകൊണ്ട് വലിയ രോഗങ്ങള്‍ വരുത്തിവയ്ക്കുന്ന വഴിയാണ്. ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയ പലകാര്യങ്ങളും നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.

നിഷ്‌ക്രിയത്വം

നിങ്ങളുടെ ശരീരം വേണ്ടത്ര ചലിക്കാത്തത് ജീവിതശൈലി രോഗങ്ങളിലേക്കുള്ള തുറന്ന ലക്ഷണമാണ്. ഒരാഴ്ച നിങ്ങള്‍ 2.5-5 മണിക്കൂര്‍ വരെ ശരീരം പ്രവര്‍ത്തിക്കണം. അതായത് നടത്തം, കായികവിനോദങ്ങള്‍, വ്യായാമം തുടങ്ങിയവയൊക്കെ ചെയ്യാം.

മോശം ഭക്ഷണക്രമം

ഭക്ഷണങ്ങള്‍ക്ക് ആരോഗ്യം മെച്ചപ്പെടുത്താനോ ദോഷകരമായി ബാധിക്കാനോ ഉള്ള കഴിവുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പുകുറഞ്ഞ മാംസം, ധാന്യങ്ങള്‍ സമീകൃതാഹാരാത്തിന്റെ ഭാഗമാണ്. അമിതാഹാരവും കുറവ് ഭക്ഷണവും ശരീരത്തെ ബാധിക്കും.

വളരെ നേരം ഇരിക്കുക

വെറുതേയിരിക്കാന്‍ ഇഷ്ടമുള്ളവരാണ് പലരും. എന്നാല്‍ അത് വന്‍ അപകടം കഷണിച്ചുവരുത്തും.അമിതവണ്ണം, മെറ്റബോളിക് സിന്‍ഡ്രോം, ഹൃദ്രോഗം, കാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ദീര്‍ഘനേരമുള്ള ഇരിപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക

വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളി ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് പലരോഗങ്ങള്‍ക്കും കാരണമാകും.

സാമൂഹിക ജീവിതമില്ലാതിരിക്കുക

ആരുമായും അടുപ്പമില്ലാതെ ഒതുങ്ങിക്കൂടിയുള്ള ജീവിതം നിങ്ങളെ മാനസിക-ശാരീരിക ആരോഗ്യപ്രശ്‌നങ്ങളിലേക്ക് തള്ളിവിടാം. കുടുംബം, സൃഹൃത്തുക്കള്‍, ചുറ്റുപാടുമുള്ള ആളുകള്‍ എന്നിവരുമായി അടുത്തബന്ധം പുലര്‍ത്തുന്നവര്‍ സന്തുഷ്ടരാണെന്നും അവരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കുറവാണെന്നും പഠനങ്ങള്‍ പറയുന്നു.

ശരീരഭാരം ശ്രദ്ധിക്കാതിരിക്കുക

സമ്മര്‍ദ്ദമുള്ള സമയങ്ങളില്‍ നമ്മുടെ ശരീരഭാരം വളരെ കുറഞ്ഞുപോയേക്കാം. അമിതവണ്ണവും ഇപ്പോള്‍ പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്‌നമാണ്. ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്കുള്ള തുടക്കം കൂടിയാണ്.

ലഹരി ഉപയോഗം

ലഹരി ഉപയോഗം നിങ്ങളെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ക്യാന്‍സര്‍, പൊണ്ണത്തടി, പ്രമേഹം, വന്ധ്യത, കരള്‍രോഗം തുടങ്ങിയ നിരവധി രോഗങ്ങളില്‍ കൊണ്ടെത്തിക്കുന്നു.

നീണ്ടുനില്‍ക്കുന്ന സമ്മര്‍ദ്ദം

നിരന്തരമായുണ്ടാകുന്ന സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. രോഗപ്രതിരോധശേഷി, ദഹനം, ഹൃദയാരോഗ്യം അങ്ങനെ ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഇത് തകിടം മറിക്കുന്നു.

മോശം ഉറക്കം

ഉറക്കമില്ലായ്മയും ഉറക്കക്കൂടുതലും ഒരുപോലെ പ്രശ്‌നമാണ്. നിങ്ങള്‍ക്ക് മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ശാരീരിക പ്രവര്‍ത്തനങ്ങളെയൊട്ടാകെ ബാധിക്കും. ഉറക്കം നിങ്ങളുടെ മാനാസികാരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും, ഓര്‍മശക്തികൂട്ടാനും സഹായിക്കും.