വെബ് ഡെസ്ക്
തലയോട്ടിയിലെ മൃതകോശങ്ങള്‍ അടർന്ന് വീഴുന്ന ഒരു സാധാരണ അവസ്ഥയാണ് താരൻ. വരണ്ട ചർമം, എണ്ണമയമുള്ള തലയോട്ടി, മറ്റു ചില ചർമ പ്രശ്നങ്ങൾ എന്നിവ താരന് കാരണമാകാറുണ്ട്. എന്നാൽ പലപ്പോഴും ഭക്ഷണ ശീലങ്ങളും താരൻ വർധിക്കാൻ കാരണമാകാറുണ്ട്.
ഡയറ്റിലെ തെറ്റായ ശീലങ്ങളാകാം പലപ്പോഴും താരന്റെ അമിത വളർച്ചക്ക് കാരണം. അതിനാൽ ഭക്ഷണ ശീലങ്ങളിൽ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.
പഞ്ചസാരയും സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് തലയോട്ടിയിലെ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. ഇത് താരന് കാരണമായ യീസ്റ്റ് പോലെയുള്ള മലാസീസിയ എന്ന ഫംഗസിൻ്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുക
തലയോട്ടി ഉൾപ്പെടെയുള്ള ചർമത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ പ്രധാന പങ്ക് വഹിക്കുന്നു. കൊഴുപ്പുള്ള മത്സ്യം, ഫ്ളാക്സ് സീഡുകൾ, വാൽനട്ട് എന്നിവ പോലുള്ള ഭക്ഷണങ്ങളുടെ കുറവ്, തലയോട്ടിയിലെ വരൾച്ചയ്ക്കും താരൻ വർധിക്കുന്നതിനും ഇടയാക്കും.
സിങ്ക്, ബി വിറ്റാമിനുകൾ, പ്രത്യേകിച്ച് ബി 6 (പിറിഡോക്സിൻ), ബി 7 (ബയോട്ടിൻ), ബി 12 എന്നിവ ആരോഗ്യകരമായ ചർമത്തിൻ്റെയും തലയോട്ടിയുടെയും പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. ഈ പോഷകങ്ങളുടെ അഭാവം ചർമത്തിൻ്റെ വിവിധ പ്രവർത്തനത്തെ തടസപ്പെടുത്തുകയും താരൻ വർധിപ്പിക്കുകയും ചെയ്യും.
പാലുൽപ്പന്നങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നച് ചിലരില്‍ താരൻ വഷളാക്കിയേക്കാം. ബദാം അല്ലെങ്കിൽ ഓട്‌സ് മിൽക്ക് പോലുള്ള ഇതര മാർഗങ്ങൾ തിരഞ്ഞെടുത്ത് ഈ പ്രശ്നം പരിഹരിക്കാം
അമിത മദ്യപാനം , പ്രത്യേകിച്ച് ബിയർ, വൈൻ തുടങ്ങിയവ രക്തക്കുഴലുകൾ വികസിപ്പിക്കുകയും ചർമത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യും. ഇത് താരൻ വർധിപ്പിക്കും. കൂടാതെ, ലഹരിപാനീയങ്ങൾ ശരീരത്തെ നിർജ്ജലീകരണം ചെയ്തേക്കാം, ഇത് വരണ്ട തലയോട്ടിയിലേക്ക് നയിക്കുന്നു.
ഭക്ഷണ അലർജിയോ സെൻസിറ്റിവിറ്റിയോ താരൻ ഉൾപ്പെടെയുള്ള ചർമ അവസ്ഥകളായി പ്രകടമാകാം. ഗ്ലൂട്ടന്‍, പാലുൽപ്പന്നങ്ങൾ, ചില അഡിറ്റീവുകൾ എന്നിവയോടുള്ള അലർജി രോഗബാധിതരായ വ്യക്തികളിൽ കോശജ്വലന പ്രതികരണങ്ങൾക്ക് കാരണമായേക്കാം. ഇത് തലയോട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു.
ശരീരത്തിൽ ജലാംശം ഇല്ലാതിരിക്കലും പ്രശ്നമാണ്. ചർമം വരണ്ടതാകാൻ ഇത് കാരണമാകും. തലയോട്ടി ഉൾപ്പെടുന്ന മുഴുവൻ ചർമത്തിന്റെ ജലാംശം നിലനിർത്താൻ നന്നായി വെള്ളം കുടിക്കാം