വെബ് ഡെസ്ക്
ശരീരഭാരം കുറക്കുന്നതും കൊഴുപ്പ് കുറയ്ക്കുന്നതും ഒന്നാണോ? നിരവധി പേർക്കുള്ള സംശയമാണിത്. ശരീരത്തിന്റെ ആകൃതിയും ആരോഗ്യവും നിലനിർത്തണമെങ്കിൽ ഇതിൽ ഏതാണ് ആവശ്യമെന്നും പലർക്കും അറിവുണ്ടാകില്ല.
ശരീരഭാരം കുറയ്ക്കുന്നതിനും കൊഴുപ്പ് കുറയ്ക്കുന്നതിനും നമ്മുടെ ആരോഗ്യത്തിൽ നിർണായകമായ പങ്കുണ്ടെങ്കിലും രണ്ടും വ്യത്യസ്തമാണ്.
ശരീരത്തിലുള്ള കൊഴുപ്പ്, ജലം എന്നിവയ്ക്കൊപ്പം പേശികൾ, എല്ലുകൾ തുടങ്ങി എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ഭാരം കുറയലാണ് ശരീരഭാരം കുറയ്ക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ശരീരത്തിൽ കൊഴുപ്പ് മാത്രം നഷ്ടപ്പെടുന്നതാണ് കൊഴുപ്പ് കുറയ്ക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരഭാരം കുറയ്ക്കുമ്പോൾ കൊഴുപ്പ് കുറയ്ക്കുന്നതാണ് ആരോഗ്യകരം.
എന്നാല്‍, ശരീര ഭാരം കുറയുമ്പോൾ അത് കൊഴുപ്പിൽ നിന്നാണോ പേശികളിൽ നിന്നാണോ എന്ന് തിരിച്ചറിയുക ബുദ്ധിമുട്ടാണ്
സാധാരണ ശരീരഭാരം കുറയ്ക്കാനായി എടുക്കുന്ന ഡയറ്റുകൾ (കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്നവയുൾപ്പെടെ) ശരീരത്തിലുള്ള വെള്ളത്തിന്റെ ഭാരമാണ് കുറയ്ക്കുന്നത്. ഈ ഭാരം വളരെ പെട്ടെന്ന് തന്നെ ശരീരത്തിലേക്ക് തിരിച്ചെത്തുന്നു.
മികച്ച ശാരീരികപ്രവർത്തനത്തിന് ശരീരത്തിലെ കൊഴുപ്പുഭാരം ഇല്ലാതാക്കുന്നതാണ് നല്ലത്. ഇത് പല രോഗങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ നമ്മെ സഹായിക്കും.
കൊഴുപ്പിലൂടെ ശരീരഭാരം കുറയ്ക്കാനായി കൃത്യമായ വ്യായാമത്തിന് പുറമെ എല്ലാ ഭക്ഷണത്തിലും ആവശ്യത്തിന് പ്രോട്ടീൻ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കലോറികൾ കുറയ്ക്കുക എന്നതും സുപ്രധാനമാണ്.