വെബ് ഡെസ്ക്
തലവേദന വളരെ സാധാരണമായി നമുക്ക് വരുന്ന ഒരു അസുഖമാണ്. പലപ്പോഴും എന്ത് കാരണം കൊണ്ടാണ് തലവേദനയെന്ന് പോലും തിരിച്ചറിയാൻ സാധിക്കാറില്ല.
പനി പോലുള്ള അസുഖങ്ങളുടെ ലക്ഷണമായും മാനസിക പിരിമുറുക്കങ്ങൾ, ഉറക്കമില്ലായ്മ തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടും തലവേദന വരാം.
സൈനസൈറ്റിസ്: സൈനസുകളിലെ അണുബാധമൂലം ഉണ്ടാകുന്ന തലവേദനയാണിത്. ഈ തലവേദനയുണ്ടാകുമ്പോൾ നമ്മുടെ കണ്ണുകൾക്ക് ചുറ്റും മർദം അനുഭവപ്പെടും. തലയുടെ പുറകുവശം മുതല്‍ നെറ്റിയിലും കവിളുകളിലും വരെ വേദന പടരാം.
സമ്മർദം മൂലമുണ്ടാകുന്ന തലവേദന: ടെൻഷനും സമ്മർദങ്ങളും മൂലമുണ്ടാകുന്ന തലവേദന വളരെ സാധാരണമാണ്. ഈയവസരങ്ങളിൽ നെറ്റിയിലും തലയോട്ടിയിലും തോളിന്റെ പേശികളിലും കടുത്ത വേദന അനുഭവപ്പെടുന്നു.
ക്ലസ്റ്റർ തലവേദന : കണ്ണുകൾക്ക് പിന്നിൽ കുത്തുന്നതും തുളച്ചുകയറുന്നതുമായ വേദനയായാണ് ക്ലസ്റ്റർ തലവേദന ഉണ്ടാകുക. ദിവസവും ഒന്ന് മുതല്‍ എട്ട് തവണ വരെ തലവേദനയുണ്ടാകാം. വേദന ഒരാഴ്ചയോ മാസങ്ങളോ നീണ്ടുനില്‍ക്കാം. ഇതിനുപിന്നില്‍ ഹൃദ്രോഗം, മറ്റ് ന്യൂറോളജിക്കല്‍ രോഗങ്ങള്‍ എന്നിവയാകാം എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
മൈഗ്രെയ്ൻ: ഏറ്റവും തീവ്രമായ തലവേദനകളിൽ ഒന്നാണ് മൈഗ്രൈൻ തലവേദന. വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ ഡിസോര്‍ഡറാണ് ഇത്. വെളിച്ചം കാണുമ്പോള്‍ തോന്നുന്ന ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള ശബ്ദം, ഛര്‍ദി എന്നിവയാണ് സാധാരണ അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍.
ഹെമിക്രാനിയ: ചെറിയ തോതിലുള്ളതെങ്കിലും വളരെസമയം നീണ്ടുനിൽക്കുന്ന തലവേദനയാണിത്. കണ്ണുകള്‍ ചുവക്കുന്നത് ഇതിന്റെ ലക്ഷണമാണ്.
ഐസ് പിക്ക് തലവേദന : ഐസ് പിക്ക് തലവേദന ഹ്രസ്വവും തീവ്രവുമാണ്. സാധാരണയായി കുറച്ച് സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ മാത്രമേ നീണ്ടുനിൽക്കൂ. എന്നാല്‍, ഒരു ദിവസം നിരവധി തവണ സംഭവിക്കാം. തലവേദനയുടെ കാരണം അജ്ഞാതമാണ്.
തണ്ടർക്ലാപ് തലവേദന : "ഇടിമുഴക്കം" പോലെ വളരെ പെട്ടെന്നും അതികഠിനമായും അനുഭവപ്പെടുന്ന തലവേദനയാണിത്. തലച്ചോറിലെ രക്തസ്രാവം അല്ലെങ്കിൽ അന്യൂറിസം പോലുള്ള ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാകാമിത്. സ്ട്രോക്ക്, ബ്രെയിൻ ഇഞ്ചുറി തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്.
ഹോർമോൺ തലവേദന : ഹോർമോൺ തലവേദന സാധാരണയായി സ്ത്രീകളുടെ ശരീരത്തിലെ ഹോർമോൺ അളവിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആർത്തവം, ഗർഭധാരണം, ആർത്തവവിരാമം എന്നീ ഘട്ടങ്ങളിലാണ് ഈ തലവേദന വില്ലനാകുന്നത്.
കഫീൻ തലവേദന : പതിവായി കഫീൻ കഴിക്കുകയും പെട്ടെന്ന് നിർത്തുകയും ചെയ്യുമ്പോഴാണ് കഫീൻ തലവേദന ഉണ്ടാകുന്നത്. കഠിനമായ തലവേദന കൂടാതെ ക്ഷീണം, പ്രകോപനം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ മറ്റ് ലക്ഷണങ്ങളും ഉണ്ടാകാം.