മാനസികാരോഗ്യം വീണ്ടെടുക്കാം, ഈ പ്രഭാത ദിനചര്യകളിലൂടെ

വെബ് ഡെസ്ക്

മനുഷ്യന്റെ ശാരീരികാരോ​ഗ്യത്തിനു സമാനമാണ് മാനസിക ആരോ​ഗ്യം. ദിവസത്തിന്റെ ഏറ്റവും നിർണായകമായ ഭാഗമാണ് പ്രഭാതം. ഒരു വ്യക്തിയുടെ ജീവിതശൈലികളാണ് മാനസികവും ശാരീരികവുമായ ആരോ​ഗ്യത്തെ നിർണയിക്കുന്നത്

ഒരു ദിവസം ആരംഭിക്കുമ്പോൾ മുതൽ ആരോഗ്യകരമായ പ്രഭാത ദിനചര്യകൾ പിന്തുടരുന്നത് സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ ഒഴിവാക്കാൻ സഹായിക്കും. ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും വേണ്ടിയുള്ള ലളിതവും ഫലപ്രദവുമായ പ്രഭാത ദിനചര്യകൾ എന്തൊക്കെയാണെന്ന് നോക്കാം

പ്രഭാതത്തിൽ ഉണരേണ്ടത് വളരെ അത്യാവശ്യമാണ്. കിടക്കയിൽ നിന്ന് എഴുന്നേറ്റ് നല്ല ചിന്താഗതിയോടെ ദിവസം ആരംഭിക്കുക. നേരത്തെ എഴുന്നേൽക്കുമ്പോൾ, ദൈനംദിന ജോലികൾ ആരംഭിക്കാൻ തിരക്കുകൂട്ടേണ്ട കാര്യമില്ല. ഒരു ദിവസം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് ആസൂത്രണം ചെയ്യാനും സമയം ലഭിക്കും.

ഉറക്കമുണർന്നശേഷം ആദ്യം കുടിക്കേണ്ടത് വെള്ളമാണ്. രാവിലെ 2 ഗ്ലാസ് വെള്ളം കുടിക്കുക. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു

വീടിന്ററെ ഏറ്റവും സ്വസ്ഥമായ സ്ഥലത്തിരുന്ന് ദിവസവും രാവിലെ 10-15 മിനിറ്റ് കണ്ണുകളടച്ച് ആഴത്തിലുള്ള ശ്വസനം പരിശീലിക്കുക. ആഴത്തിൽ ശ്വസിക്കുകയും 2-4 സെക്കൻഡ് ശ്വാസം പിടിക്കുകയും ചെയ്യുക. ക്രമേണ ആഴത്തിൽ ശ്വാസം വിടുക. ഇത് സമ്മർദ്ദം ഒഴിവാക്കാനും സഹായിക്കും

രാവിലെ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുക. പിരിമുറുക്കമില്ലാതെ ഒരു ദിവസം ആരംഭിക്കുന്നതിനുള്ള മികച്ച ശാരീരിക പ്രവർത്തനമാണിത്. ശരീരത്തിലെ രക്തയോട്ടം ഗണ്യമായി മെച്ചപ്പെടുത്തുകയും പേശികളിലും മനസ്സിലും അടഞ്ഞുകിടക്കുന്ന പിരിമുറുക്കം ഒഴിവാക്കുകയും ചെയ്യും

രാവിലെ ചായയോ കാപ്പിയോ കുടിക്കുന്ന നേരത്ത് കുറച്ചുസമയം വെയിലത്ത് നടക്കാനായി സമയം കണ്ടെത്തുക. രാവിലത്തെ സൂര്യരശ്മികൾ ശരീരം ആഗിരണം ചെയ്യുന്നത് മനസ് ശാന്തമാക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും എല്ലുകൾക്ക് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കുകയും ചെയ്യുന്നു

രാവിലെ എഴുന്നൽക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക. സ്വന്തം ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞതോ നടക്കാനിരിക്കുന്നതോ ആയിട്ടുളള നല്ല കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയോ അല്ലെങ്കിൽ ഡയറിയിൽ എഴുതി സൂക്ഷിക്കുകയോ ചെയ്യുക. ഇത് മാനസികമായിട്ടുളള സന്തോഷം കൈവരിക്കുന്നതിന് സഹായിക്കും

പിരിമുറുക്കം ഇല്ലാതാക്കുന്നതിനും ശാന്തമായ മനസ്സ് കൈവരിക്കുന്നതിനുളള ഏറ്റവും ഫലപ്രദവുമായ മാർഗ്ഗമാണ് ധ്യാനം. ദിവസവും രാവിലെ 10-15 മിനിറ്റ് ധ്യാനിക്കാൻ സമയം കണ്ടെത്തുക. ധ്യാനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് ശാന്തമായ സംഗീതം ഉപയോഗിക്കാം. ക്രമേണ ധ്യാനിക്കാനുളള സമയം കൂട്ടുക

മാനസികാരോഗ്യത്തിന് മൊബൈൽ ഫോണിന്റെ ഉപയോഗം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും രാവിലെ. ഉറക്കമുണർന്ന ഉടനെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

ബ്രെയിൻ ഫുഡ് എന്നാണ് പ്രഭാത ഭക്ഷണം അറിയപ്പെടുന്നത്. എല്ലാ ദിവസവും രാവിലെ ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. പ്രഭാതഭക്ഷണം കഴിക്കാതെ ഓഫീസിലും സ്കൂളിലും കോളേജിലും പോകുന്നത് മാനസികാരോഗ്യത്തെയും ശാരീരക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും