നഗര ജീവിതം ആസ്മയ്ക്ക് കാരണമാകുന്നുണ്ടോ?

വെബ് ഡെസ്ക്

ലോകത്താകമാനം 30 കോടിയോളം ആളുകള്‍ ആസ്മ ബാധിതരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു

ആസ്മ മൂലം നിരവധി കുട്ടികളും യുവാക്കളുമാണ് ഓരോ വര്‍ഷവും മരണപ്പെടുന്നത്.

എല്ലാ വര്‍ഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് ലോക ആസ്മ ദിനം ആചരിക്കുന്നത്. കുട്ടികളെയും മുതിര്‍ന്നവരേയും ബാധിക്കുന്ന ഒരു സാംക്രമികേതര രോഗമാണ് ആസ്മ.

ശ്വാസനാളം വീങ്ങുകയും, ശ്വാസകോശം ചുരുങ്ങുകയും ചെയ്യുമ്പോള്‍ ശ്വസിക്കാന്‍ പ്രയാസമുണ്ടാകുന്നു. ഇത് ചുമ, ശ്വാസം മുട്ടല്‍, കഫക്കെട്ട് എന്നിവയ്‌ക്കൊക്കെ കാരണമാകുന്നു.

വിട്ടുമാറാത്ത ഒരു അസുഖമായിട്ടാണ് ആസ്മയെ കാണുന്നത്. കൃത്യമായ ചികിത്സ എടുക്കുന്നതിലൂടെ ആസ്മയുടെ ലക്ഷണങ്ങള്‍ ക്രമീകരിക്കാന്‍ സാധിക്കും.

ആസ്മ പലപ്പോഴും പാരമ്പര്യമായി വരാറുണ്ട്. ഇത് കൂടാതെ അലര്‍ജിയും ഈ അസുഖത്തിന് കാരണമാണ്. ജോലിസ്ഥലത്തെ മലിനീകരണം, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം പുകവലി ഇതൊക്കെ ആസ്മയുടെ കാരണങ്ങളാണ്.

പലര്‍ക്കും, പ്രത്യേകിച്ച് കുട്ടികളില്‍ നഗരജീവിതവും ഉയര്‍ന്ന തോതിലുള്ള മലിനീകരണവും ആസ്മയിലേക്ക് നയിക്കാന്‍ കാരണമാകാറുണ്ട്.

പുകവലിയാണ് ആസ്മയുടെ പ്രധാന കാരണമായി പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ പ്രധാനപ്പെട്ട ട്രിഗറുകളില്‍ ഒന്നായി ലേബല്‍ ചെയ്യപ്പെടുന്നത് വായു മലിനീകരണമാണ്.

ഈ കാലഘട്ടത്തില്‍ നഗരത്തില്‍ നിന്ന് വേര്‍പെട്ടുള്ള ജീവിതം അത്ര എളുപ്പമല്ലെന്നിരിക്കെ ആസ്മയുള്ള ആളുകള്‍ കുറച്ച് കരുതലോടെ ജീവിത സാഹചര്യങ്ങള്‍ ക്രമീകരിച്ചാല്‍ ഒരു പരിധിവരെ രോഗത്തെ നിയന്ത്രിക്കാം