വെബ് ഡെസ്ക്
അമിതവണ്ണം കുറയ്ക്കാൻ ഏറ്റവും ഉത്തമമാണ് കുക്കുമ്പർ. സാലഡിലും ജ്യൂസ് ആയും ഭക്ഷണത്തിനൊപ്പം സൈഡ് ഡിഷ് ആയുമൊക്കെ കുക്കുമ്പർ കഴിക്കുന്നത് നല്ലതാണ്.
ഫൈബർ ധാരാളമടങ്ങിയ കുക്കുമ്പർ ആരോഗ്യപരമായി ശരീരഭാരം കുറയ്ക്കുക മാത്രമല്ല, ശരീരത്തിൽ ജലാംശം നിലനിർത്തുകയും സൗന്ദര്യം വർധിപ്പിക്കുകയും, ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും
കുക്കുമ്പർ സാലഡ് മാത്രം കഴിച്ച് മടുത്തവർക്ക്, ഇത് ഒരു വേറിട്ട രീതിയിൽ പാകം ചെയ്യാവുന്നതാണ്. അതിനായി എളുപ്പത്തിൽ കുക്കുമ്പർ ടോസ്റ്റ് വീട്ടിലുണ്ടാക്കാം. ഇത് ആരോഗ്യപരവുമാണ്, ശരീരഭാരം കുറയ്ക്കുകയും ചെയ്യും
ചേരുവകൾ
ഒരു കപ്പ് തൈര്, ഒരു കുക്കുമ്പർ, ബ്രഡ് ആറ് പുതിനയില, മല്ലിയില, കുരുമുളക്, ജീരകപ്പൊടി, മസാല, ഉപ്പ്
മല്ലിയിലയും പുതിനയിലയും ചെറുതായി അരിഞ്ഞെടുക്കുക. ഒരു ബൗളിൽ തൈരെടുത്ത ശേഷം അതിലേക്ക് ഇലകൾ ചേർത്ത് നന്നായി ഇളക്കാം
ഇതിലേക്ക് ഉപ്പ്, കുരുമുളക്, ജീരകം, മസാല എന്നിവ ആവശ്യത്തിന് ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റിവയ്ക്കാം
നാലോ അഞ്ചോ ബ്രഡ് സ്ലൈസ് എടുത്ത് ബട്ടറോ നെയ്യോ പുരട്ടി ചൂടാക്കി ടോസ്റ്റ് ചെയ്ത് എടുക്കണം
കുക്കുമ്പർ അധികം കട്ടിയില്ലാതെ ചെറിയ വട്ടത്തിൽ അരിഞ്ഞെടുക്കാം
ബ്രെഡിന് മുകളിൽ തൈരിന്റെ മിക്സ് വച്ചശേഷം അതിനുമുകളിൽ കുക്കുമ്പറിന്റെ മൂന്നോ നാലോ കഷ്ണം വച്ച് , മുകളിൽ ഒരു ബ്രെഡുകൊണ്ട് അടച്ച് സാൻവിച്ച് പോലെ തയാറാക്കിയെടുക്കാം. ഹെൽത്തി കുക്കുമ്പർ ടോസ്റ്റ് റെഡി.