പല്ലും വായും സംരക്ഷിക്കാം; ഈ ഭക്ഷണങ്ങൾ കഴിക്കൂ

വെബ് ഡെസ്ക്

ശരീരത്തിന്റെ മൊത്തത്തിലുളള ആരോ​ഗ്യത്തിന് പല്ലുകൾക്ക് മുഖ്യമായ പങ്കുണ്ട്. മാറിയ ജീവിതശൈലിയിൽ നാം പലപ്പോഴും പല്ലുകളുടെ ആരോ​ഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കാറില്ല. വായുടെയും പല്ലുകളുടെയും ആരോ​ഗ്യത്തിന് ഭക്ഷണത്തിലും പലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

നിത്യവും ആപ്പിൾ കഴിക്കുന്നത് പല്ലുകളുടെ ആരോ​ഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ധാരാളം നാരുകളും ജലാശം അടങ്ങിയതുമായ ആപ്പിൾ കഴിക്കുന്നതിലൂടെ വായിലെ ഉമിനീര് ഉത്പ്പാദനത്തിനും നിർജ്ജലീകരണം തടയാനും സഹായിക്കും.

ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന മല്ലിയില പല്ലുകളുടെ ആരോ​ഗ്യത്തിൽ മുഖ്യ പങ്കുവഹിക്കാനാകും. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളുടെ ഗുണങ്ങളുളള ഇവയ്ക്ക് പല്ലുകളിലെ അണുബാധ തടയാനും പല്ലുകളെ വൃത്തിയാക്കാനും സഹായിക്കും.

കൊഴുപ്പ് കുറഞ്ഞതും ധാരാളം നാരുകൾ അടങ്ങിയതുമായ കാരറ്റ് പല്ലുകളുടെയും മോണകളുടെയും ആരോ​ഗ്യത്തിന് ഗുണം ചെയ്യും. ഇവയിൽ അടങ്ങിയിട്ടുളള വിറ്റാമിൻ സി മോണകളുടെ ആരോ​ഗ്യത്തിനും വിറ്റാമിൻ എ എല്ലുകളുടെ ആരോ​ഗ്യത്തിനും മികച്ചതാണ്.

ഭക്ഷണത്തിൽ വിവിധ തരത്തിലുളള പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് പല്ലുകളുടെ ആരോ​ഗ്യത്തിന് നല്ലതാണ്. ഇലക്കറികളിൽ അടങ്ങിയിട്ടുളള വിറ്റാമിനുകളും ധാതുക്കളും മോണവീക്കം കുറയ്ക്കാനും പല്ലുകളെ അണുബാധ പിടിപെടാതിരിക്കാനും സഹായിക്കും.

നട്സുകളും വിത്തുകളും കഴിക്കുന്നത് പല്ലുകളുടെയും മോണയുടെയും ആരോ​ഗ്യത്തിന് നല്ലതാണ്.

വളരെ ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയിട്ടുളള മുട്ട നിത്യവും കഴിക്കുന്നത് പല്ലുകളുടെ മൊത്തത്തിലുളള ആരോ​ഗ്യത്തിന് നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുളള വിറ്റാമിൻ ഡി, കെ, ഫോസ്ഫറസ് എന്നിവ പല്ലുകളുടെ ആരോ​ഗ്യത്തിൽ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്.

ഒമേ​ഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്തി പോലുളള മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഇവയ്ക്ക് മോണയെ പിടിപെടുന്ന രോ​ഗങ്ങളിൽ നിന്ന് തടയാനും പല്ലുകളുടെ മൊത്തത്തിലുളള ആരോ​ഗ്യത്തിനും സഹായിക്കും

പാൽ ഉത്പ്പന്നങ്ങളായ ചീസ്, യോ​ഗർട്ട് അടക്കമുളളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയിൽ അടങ്ങിയിട്ടുളള കാത്സ്യം പല്ലുകളിലെ ഇനാമലിനും നല്ലതാണ്.