വെബ് ഡെസ്ക്
ശരീരത്തിന്‍റെ ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം ആവശ്യമാണ്. കൂടാതെ പേശികളുടെ വളര്‍ച്ചയ്ക്കും ഇവ സഹായിക്കും. കാത്സ്യത്തിന്റെ ഏറ്റവും നല്ല ഉറവിടമായി കണക്കാക്കുന്ന ഒരു വിഭവമാണ് പാൽ. എന്നാൽ പാലില്‍ മാത്രമാണ് കാത്സ്യം അടങ്ങിയിട്ടുള്ളതെന്ന ധാരണ തീര്‍ത്തും തെറ്റാണ്. കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ള നിരവധി ആഹാരങ്ങള്‍ വേറെയുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
എള്ള്
കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ള ഒരു വിത്താണ് എള്ള്. 100 ഗ്രാം എള്ളിൽ 975 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. വിവിധ തരം സാലഡ്സിൽ അടക്കം വീട്ടിലുണ്ടാക്കുന്ന മിക്ക ഭക്ഷണങ്ങളിലും നമ്മുക്ക് എള്ള് ഉൾപ്പെടുത്താൻ സാധിക്കും
ബദാം
ബദാം ഒരു രുചികരമായ നട്സ് മാത്രമല്ല, കാൽസ്യത്തിന്റെ നല്ല ഉറവിടം കൂടിയാണ്.100 ഗ്രാം ബദാമില്‍ ഏകദേശം 117 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്.
ബ്രോക്കോളി
കാത്സ്യത്തിന്റെ മികച്ച ഉറവിടമാണ് ബ്രൊക്കോളി. വിറ്റാമിനുകളും നാരുകളും മാത്രമല്ല ബ്രൊക്കോളി പ്രദാനം ചെയ്യുന്നത് .ശരീരത്തിന് ആവശ്യമായ കാത്സ്യം അടങ്ങിയ ഒരു ഡയറ്റ് വിഭവം കൂടിയാണിത്. 100 ഗ്രാം ബ്രൊക്കോളിയില്‍ നിന്നും 47 മില്ലിഗ്രാം കാത്സ്യം ലഭിക്കും.
ടോഫു
നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് സോയാബീന്‍സ്. ഇതിൽ നിന്നും നിർമിക്കുന്ന വൈവിധ്യമാർന്നതും കാൽസ്യം അടങ്ങിയതുമായ ഭക്ഷണമാണ് ടോഫു. വിവിധതരം ഭക്ഷണങ്ങളിലും കറികളിലുമെല്ലാം ടോഫു ഉൾപ്പെടുത്തുന്നത് ശരീരത്തിൽ കാത്സ്യം എത്തുന്നതിന് സഹായിക്കും. 100 ഗ്രാം ടോഫുവിൽ നിന്നും 350 മില്ലിഗ്രാം കാൽസ്യമാണ് ലഭിക്കുക .
ഇലക്കറികൾ
കാത്സ്യത്തിന്റെ കലവറയാണ് ഇലക്കറികൾ. കോളർഡ് ഗ്രീൻസ്, ചീര, ബോക് ചോയ് തുടങ്ങിയ ഇലക്കറികളിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. സലാഡുകളിലും സൂപ്പിലും കൂടാതെ സൈഡ് ഡിഷായും ഇലക്കറികൾ ഉൾപ്പെടുത്താവുന്നതാണ്.
ചിയ സീഡ്
ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും നാരുകളുടെയും മികച്ച ഉറവിടമായ ചിയ സീഡ്‌സിൽ കാത്സ്യത്തിന്റെ അളവ് കൂടുതലാണ്. 100 ഗ്രാം ചിയ സീഡിൽ ഏകദേശം 630 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. സ്മൂത്തി, തൈര്, പുഡ്ഡിംഗ് തുടങ്ങിയവയിൽ നമുക്ക് ചിയ സീഡ് ഉൾപെടുത്താൻ സാധിക്കും.
സാൽമൺ ഫിഷ്
കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ് സാൽമൺ ഫിഷ്. സാൽമൺ ഫിഷിന്റെ മൃദുവായ അസ്ഥികൾ കഴിക്കുന്നത് വളരെ നല്ലതാണ്. 100 ഗ്രാം സാൽമൺ ഫിഷിൽ 9 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്.
റാഗി
കൂടിയ അളവിൽ കാത്സ്യം ലഭിക്കുന്നവിഭവങ്ങളിൽ ഒന്നാണ് റാഗി. 100 ഗ്രാം റാഗിയിൽ 344 മില്ലിഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു.