ഈ ശീലങ്ങള്‍ വിഷാദത്തിന് കാരണമാകാം

വെബ് ഡെസ്ക്

നമ്മളെല്ലാവരും സന്തോഷത്തിനായി അനുദിനം പരിശ്രമിക്കുന്നവരാണ്. എന്നാല്‍ നമ്മുടെ ചില ശീലങ്ങള്‍ സന്തോഷത്തില്‍ നിന്ന് സങ്കടത്തിലേക്ക് നയിക്കാം. അത്തരത്തിലുള്ള ശീലങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

പ്രാതലില്ലാത്ത പ്രഭാതങ്ങള്‍

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍. ഇത് ഒഴിവാക്കുന്നവരില്‍ കോര്‍ട്ടിസോളിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുകയും അവര്‍ മനസികസമ്മര്‍ദത്തിനും വിഷാദരോഗത്തിനും അടിമപ്പെടുകയും ചെയ്യുന്നു

സമൂഹമാധ്യമങ്ങള്‍ അപഹരിക്കുന്ന ആനന്ദം

സമൂഹമാധ്യമങ്ങളില്‍ ഏറെ നേരം ചെലവിടുന്നത് വിഷാദത്തിലേക്കും സംതൃപ്തിയില്ലായ്മയിലേക്കും നയിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ കാണുന്ന ജീവിതവുമായി സ്വയം താരതമ്യപ്പെടുത്തുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്

വ്യായാമമില്ലായ്മയും അലസതയും

വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിന്റെ സന്തോഷ ഹോര്‍മോണുകളായ എന്‍ഡോര്‍ഫിനുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇത് മനസ്സിന് സന്തോഷവും ഊര്‍ജവും പ്രദാനം ചെയ്യുന്നു. അലസത മനസ്സിനെ സംഘര്‍ഷത്തിലേക്കും വിഷാദത്തിലേക്കും നയിക്കുന്നു

ഉറക്കമില്ലായ്മ പ്രശ്നം

വൈകാരിക സന്തുലനത്തിനും മാനസികോല്ലാസത്തിനും ഉറക്കം ആവശ്യമാണ്. ക്രമം തെറ്റിയുള്ള ഉറക്കശീലങ്ങള്‍, മതിയായ ഉറക്കമില്ലായ്മ എന്നിവ വിഷാദത്തിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുന്നു

പ്രകാശം പരക്കണം

ശരീരത്തിന് മിതമായ അളവില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ മനസ്സിനെ ശാന്തമാക്കുന്ന സെറോടോണിനുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. സൂര്യപ്രകാശത്തിന്റെ അഭാവത്തില്‍ വിഷാദവും മറ്റു സീസണല്‍ രോഗങ്ങളും ഉണ്ടാകുന്നു

അധ്വാനം അമിതമാകരുത്

വിശ്രമമില്ലാതെ വളരെനേരം ജോലി ചെയ്യുന്നത് വിഷാദം, മാനസികസംഘര്‍ഷം, അമര്‍ഷം, അമിതക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. 55 മണിക്കൂറിലധികം ആഴ്ചയില്‍ ജോലി ചെയ്യുന്നവരില്‍ വിഷാദരോഗത്തിനുള്ള സാധ്യത വളരെ വലുതാണ്

ഒറ്റപ്പെടാതിരിക്കട്ടെ

ഏകാന്തതയും സാമൂഹിക ഇടപെടലുകളുടെ അഭാവവും മനുഷ്യനെ വിഷാദത്തിലേക്ക് നയിക്കുന്നു. മറ്റുള്ളവരുമായി വളരെക്കുറച്ച് ഇടപെടുന്ന മനുഷ്യരില്‍ വിഷാദരോഗത്തിനും മനസികസമ്മര്‍ദത്തിനുമുള്ള സാധ്യതകള്‍ കൂടുന്നു

ക്രമമല്ലാത്ത ആഹാരചര്യകള്‍

കൊഴുപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ആഹാരം അമിതമായി കഴിക്കുന്നതിലൂടെ വിഷാദരോഗത്തിനുള്ള സാധ്യത വര്‍ധിക്കുന്നു. പഴങ്ങള്‍ പച്ചക്കറികള്‍, ധാന്യവര്‍ഗങ്ങള്‍ എന്നിവ ആഹാരത്തിലുള്‍പ്പെടുത്തിയാല്‍ വിഷാദ രോഗത്തെ പ്രതിരോധിക്കാം